ജനപ്രിയ സാഹിത്യത്തിലെ സൂപ്പർസ്റ്റാർ

ഒരു കാലത്ത് മാത്യു മറ്റത്തിന്റെ നോവലുകൾക്കായി പ്രസാധകർ കാത്തു നിൽക്കുമായിരുന്നു. വായനയെ ജനകീയമാക്കി എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

മലയാളം നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു എന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ മനോരമ ആഴ്ചപ്പതിപ്പ് വായനക്കാലത്തേയ്ക്ക് തിരിച്ചു കൊണ്ട് പോയി. പഠനാവശ്യത്തിന് മാത്രം വായന ഉപയോഗിക്കുന്ന ഈ കാലത്തില്‍ നിന്ന് വ്യത്യസ്തമായി അക്ഷരം പഠിച്ചവര്‍ക്കെല്ലാം അല്‍പസ്വല്‍പം വായനയുള്ള കാലമായിരുന്നു അത്. മൂന്ന് ‍-നാല് ക്ലാസുകാലം മുതല്‍ മനോരമയും മംഗളവും രഹസ്യമായി മുടങ്ങാതെ വായിച്ചിരുന്നു.

"രാത്രിയില്‍ വിശുദ്ധരില്ല" എന്ന പേരില്‍ മാത്യു മറ്റം ഒരു നോവലെഴുതിയിരുന്നത് ഓര്‍മ്മിക്കുന്നു. മംഗളത്തില്‍ അദ്ദേഹത്തിന്‍റെ ഒരു നോവലിന് മനശാസ്ത്ര നോവല്‍ എന്ന ടാഗ് ലൈന്‍ കൊടുത്തിരുന്നു. നിംഫോമാനിയാക് എന്ന വാക്ക് ആദ്യം കേള്‍ക്കുന്നത് ഈ നോവലിലാണ്. നോവലിലെ മദാലസയായ നായിക വിവാഹം കഴിയ്ക്കുന്നതിന്‍റെ അടുത്ത ദിവസം ഭര്‍ത്താവ് കൊല്ലപ്പെടുകയാണ്. ഒടുവില്‍ കഥാനായകന്‍ നായിക ഒരു നിംഫോമാനിയാക് (സ്പെല്ലിംഗ് ഒക്കെ ഇംഗ്ലീഷില്‍ പുള്ളി പരിചയപ്പെടുത്തിയിരുന്നു ) ആണെന്നും രതിയുന്‍മാദത്തില്‍ കൊല ചെയ്യുകയാണെന്നും മറ്റും കണ്ടു പിടിക്കുന്നു. മെഡിക്കല്‍ കോളേജ് " എന്ന നോവല്‍ ഉദ്വേഗജനകമായിരുന്നു. കൈവിഷം, മെയ്ദിനം തുടങ്ങിയവയാണ് ഓര്‍ത്തിരിക്കുന്ന മറ്റു നോവലുകള്‍.

ഭാഷാപരമായി വലിയ ഔന്നത്യമൊന്നും അവകാശപ്പെട്ടിരുന്നില്ല എങ്കിലും കഥാപാത്രങ്ങളെ മെനഞ്ഞെടുക്കുന്നതില്‍ അസാധ്യ കഴിവാണ് ഈ നോവലിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നത്. പഠനാവശ്യങ്ങള്‍ക്കല്ലാതെ ജനകീയ വായന നില നിര്‍ത്തുന്നതില്‍ ഈ നോവലുകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. വായന വളരെ വളരെ കുറഞ്ഞു വരികയാണ് ഇപ്പോള്‍. മലയാളം വായിക്കാന്‍ അറിയാത്തവരും കൂടുതലാണ്. എല്ലാവര്‍ക്കും പുച്ഛമായിരുന്ന ഈ നോവലിസ്റ്റുകള്‍ ചെയ്തിരുന്ന സേവനം വായനയെ ജനകീയമാക്കി എന്നതായിരുന്നു.

വായന ഇല്ലാത്ത സമൂഹമായി മാറിയത് കൊണ്ട് ഒരു എഴുത്തുകാരന് എഴുതി ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നമ്മുടെ നാട്ടിലുള്ളത്. കമ്പ്യൂട്ടറും മൊബൈലും കൊണ്ട് പുരോഗമിച്ചത് കൊണ്ടാണ് വായന കുറയുന്നത് എങ്കില്‍ ഇംഗ്ലീഷില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നറിയുക . അവിടെ ഇപ്പോഴും നോവലിസ്റ്റുമാര്‍ നോവല്‍ എഴുതി ജീവിക്കുന്നുണ്ട്. ഇവിടെ മലയാളത്തില്‍ പറ്റുമോ ? പറ്റുമായിരുന്നെങ്കില്‍ ഞാന്‍ ഒരു മുഴുവന്‍ സമയ ഭീകര നോവലിസ്റ്റ് ആയി ജീവിച്ചേനെ !!!

മാത്യു മറ്റത്തിനെ പ്രത്യേകം ഓര്‍മ്മിക്കുന്നു. ആദരാഞ്ജലികള്‍.