Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യത്തിലെ സാംസ്കാരിക ഫാസിസ്റ്റുകള്‍

Karoor Soman with ex-PM Narasimga Rao and  Dr.K.M.George

മഹത്തായ നമ്മുടെ സാഹിത്യ-സാംസ്കാരിക സ്ഥാപനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെന്നാൽ ഭാഷയുടെ മുഖമുദ്രകൾ കാലത്തിന്റെ മടിത്തട്ടിൽ മുഖംമൂടിയണിഞ്ഞു കിടക്കുന്നതായി തോന്നും.

ഇൻഡ്യയുടെ പല ഭാഗങ്ങളിലും വേട്ടയാടപ്പെട്ട മൃഗങ്ങളെ പോലെ സാഹിത്യകാരന്മാർ, കവികൾ, എഴുത്തുകാർ വെടിയേറ്റും, വെട്ടേറ്റും പിടഞ്ഞു മരിക്കുന്നു. അവർക്ക് എഴുതാൻപോലും സ്വാതന്ത്ര്യമില്ലാത്ത ഒരു ഫ്യൂഡൽ വ്യവസ്ഥിതി നിലവില്‍ വരുന്നു.

എന്തുകൊണ്ട് കേന്ദ്രസാഹിത്യ അക്കാദമി ചെയർമാൻ ഇൗ കാട്ടാളൻമാർക്കെതിരെ രംഗത്ത് വരാത്തത്? കണ്ണുതുറക്കാത്ത ദൈവങ്ങളെപ്പോലെയിരിക്കുന്നത്. തൊണ്ടവരണ്ടുപോയോ? ഡോ: രാധാകൃഷ്ണന്റെ വാക്കുകള്‍ ഒന്നോർക്കുന്നത് നല്ലതാണ്.

കേന്ദ്രസാഹിത്യ അക്കാദമി ഇന്‍ഡ്യയുടെ ആത്മാവാണ്. എന്ന് പറഞ്ഞാൽ ഇൗശ്വരൻ. ഒാരോ ദേശത്തും ഇൗ ആത്മാവിൽ ജീവിക്കുന്നവരാണ് അവിടുത്തെ സര്‍ഗ്ഗധനരായ എഴുത്തുകാർ.

നമ്മുടെ ജാതിമതങ്ങള്‍ക്ക് വളരാൻ വളരെ വളക്കൂറുള്ള മണ്ണാണ് ഇൻഡ്യയുടേത്. എഴുത്തുകാർ ഇവർക്ക് അടിമപ്പണി ചെയ്യുന്നവരല്ല. അവർ അന്ധവിശ്വാസങ്ങളെ, ആചാരങ്ങളെ വളമിട്ടു വളർത്താറില്ല.

ഇൗശ്വരന്റെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മത-രാഷ്ട്രീയക്കാരുടെ ജീർണ്ണിച്ച സംസ്കാരത്തെ ശക്തമായ ഭാഷയിൽ എതിര്‍ക്കുന്നവരാണ്. കണ്ണീരിന്റെ നനവും പുഞ്ചിരിയും പ്രണയവും മാത്രമല്ല ഇടിയേറ്റ് പിടയുന്നവന്റെ നൊമ്പരവും, അനീതി, അധര്‍മ്മം അങ്ങനെ സമൂഹത്തിലെ എല്ലാ തിന്മയുടെ ശക്തികള്‍ക്കെതിരെ അവർ പ്രതികരിക്കുന്നു.

ചരിത്രത്താളുകളിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചിട്ടുള്ള എഴുത്തുകാർ മഹത്തായ ഒരു സാംസ്കാരിക അടിത്തറ ഒാരോരോ ദേശങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളവരാണ്. അവരുടെ കൃതികളെന്നും സമൂഹത്തിന്റെ മുതൽക്കൂട്ടാണ്.

സമൂഹത്തിൽ സ്നേഹവും സാഹോദര്യവും സമത്വവും ഉണ്ടാകണമെന്നാണ് അവരുടെ ആഗ്രഹം. സ്വാർത്ഥ താൽപര്യങ്ങൾക്കായി ആരുടെ മുന്നിലും കുമ്പിട്ടു നിൽക്കാനും ജനങ്ങളെ വിഘടിപ്പിക്കാനും അവർ പോകാറില്ല.

കേവലം വേഷവിധാനം നടത്തുന്ന ഒരു നടനല്ല സർഗ്ഗധനരായ എഴുത്തുകാർ . അവരെ ആരെങ്കിലും അവാർഡ് കൊടുത്തും പദവി കൊടുത്തും ഏതെങ്കിലും പ്രത്യയശാസ്ത്രത്തിലോ വേലിക്കുള്ളിലോ തളയ്ക്കാന്‍ സ്വാധീനിക്കാൻ ശ്രമിച്ചാൽ നിന്നുകൊടുക്കാറില്ല.

അങ്ങനെയല്ലങ്കിൽ അവരെ വെടിവെച്ചു കൊല്ലുക, വധിക്കുക, ആക്രമിക്കുക ഇതാണ് ഇന്നത്തെ വർഗ്ഗീയവാദികളുടെ ലക്ഷ്യം. ഇൗ കാട്ടാളന്മാർ നേരിടുന്നതിൽ ഉന്നത പദവികൾ വഹിക്കുന്ന പലരും പരാജയപ്പെട്ടതുകൊണ്ടാണ് മലയാളത്തിലെയും മറ്റു പല ഭാഷകളിലേയും സര്‍ഗ്ഗധനരായ പ്രതിഭകളുടെ മനസ്സ് തിളച്ചു മറിഞ്ഞത്.

അവാർഡ് മടക്കിക്കൊടുക്കാനും അക്കാദമി അംഗത്വം രാജിവെക്കാനും തയ്യാറായത്. ജീവിച്ചിരിക്കുന്ന എഴുത്തുകാർക്ക് കടുത്ത നിരാശ ഭാരവുമുണ്ട്. ഇറങ്ങനെയുള്ള പ്രവർ‌ത്തികൾ മറ്റുള്ളവർക്കും പ്രചോദനമാകേണ്ടതാണ്.

വളരെ ചാരിതാർത്ഥ്യത്തോടെയാണ് ഭാഷാ സ്നേഹികൾ ഇതിനെ കാണുന്നത്. എഴുത്തുകാരൻ ആരുടെയും ദാസന്‍മാരല്ല. യജമാനൻമാർ തന്നെയാണ്. ഉരിയാടിയാൽ വയർ നിറയില്ലന്ന് കരുതുന്ന ധാരാളം പേർ ഇൗ കൂട്ടത്തിലുണ്ട്.

അതിന്റെ ഒൗന്നത്യം പലതും മനസ്സിലാക്കുന്നുണ്ട്. ഇവരൊക്കെ ആർജ്ജിച്ചിരിക്കേണ്ട ചില സാമൂഹ്യബോധവും നീതിബോധവുമില്ലേ? സിംഹങ്ങൾ ഗർജ്ജിച്ചിരുന്ന മുറികളില്‍ നിന്ന് ഇപ്പോള്‍ കേൾക്കുന്നത് കുറുക്കൻമാർ ഒാലിയിടുന്ന ശബ്ദമാണോ?

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവർ കൊല്ലപ്പെട്ടാൽ ചോദ്യങ്ങൾ , ബന്ദുകൾ, ബഹുജനറാലി മുതലായവ കേരളത്തിൽ കാണാറുണ്ട്. ഒരു ഭാഷയുടെ കരുത്തും അഭിമാനവുമായ സർഗ്ഗധനരായ എഴുത്തുകാരെ കൊല്ലുമ്പോൾ നമ്മുടെ കേന്ദ്രസാഹിത്യ അക്കാദമി അദ്ധ്യക്ഷൻ അവിടെ അധികാത്തിന്റെ അപ്പക്കഷ്ണവും ഭക്ഷിച്ച്, മദ്യ-മദോത്സുകരായി കഴിയുകയാണ്.

ഇവിടെയാണ് ചിലരൊക്കെ ആവാഹിച്ചെടുക്കുന്ന അവാർഡുകളും പദവികളും ചോദ്യം ചെയ്യപ്പെടുന്നത്. ജാതിമത- അധികാര ജന്മിമാരിലൂടെ കടന്നുവന്നവർക്ക് മേലാളൻമാർക്കെതിരെ ശബ്ദിക്കാൻ നാവുയരില്ല.

അവിടെയും ആസൂത്രിതമായ ഒരു ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇൗ പ്രസ്ഥാനത്തിന്റെ പുരോഗതി ആഗ്രഹിച്ചിരുന്നുവെങ്കിൽ എഴുത്തുകാരെ കൊന്നൊടുക്കുന്നതിന്റെ പേരിൽ ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച് പുറത്തു പോകുമായിരുന്നു.

കുറ്റിയിൽ പിടിച്ചിരുന്നു കുടത്തിൽവെച്ച വിളക്കുപോലെ കിട്ടിക്കൊണ്ടിരിക്കുന്ന അവാർഡുകൾ പദവികള്‍ എങ്ങനെ ഉപേക്ഷിക്കും. അശാൻ പഴിച്ചാൽ എത്തമില്ലന്നല്ലേ? വാൽമീകിയുടെയും വ്യാസന്റെയും കാളിദാസന്റ‌െയും ടാഗോറിന്റെയും കീർത്തി എനിക്കും കിട്ടട്ടെ എന്നാണ് ഭാവമെങ്കിൽ അതിന് ശ്രീരാമനാകണം അല്ലാതെ രാവണനാകരുത്.

പതിനാലാം നൂറ്റാണ്ടിൽ ചീരാമനെഴുതിയ ‘ രാമചരിത ’മാണ് മലയാളത്തിന്റെ ആദ്യത്തെ കാവ്യസൃഷ്ടിയായി അറിയപ്പെടുന്നത്. രാമചരിതത്തിൽ വർണ്ണിക്കുന്ന നീതിയും അനീതിമായിട്ടുള്ള പോരാട്ടത്തിൽ വിജയിക്കുന്നത് ശ്രീരാമനാണ്.

അങ്ങനെയാണദ്ദേഹം നമ്മുടെ ആരാധ്യപുരുഷനാകുന്നത്.നമ്മുടെ പൂര്‍വ്വികരായ എഴുത്തുകാരൊക്കെ അന്ധകാരശക്തികളോടേറ്റുമുട്ടി ത്യാഗങ്ങളും കഷ്ടതകളും സഹിച്ച് മുന്നേറുിയവരാണ് .

തകഴിക്ക് ജ്ഞാനപീഠം കിട്ടുമ്പോള്‍ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഡല്‍ഹികേരള ഹൗസിൽ ഒരു അനുമോദന മീറ്റിംഗ് സംഘടിപ്പിച്ചു. അദ്ധ്യക്ഷനായി വന്നത് ഗവർണ്ണറായിരുന്ന വ‌ക്കം പുരുഷോത്തമനാണ്.

കേരളത്തിൽ നിന്നുള്ള എം.പി.മാർ സാഹിത്യസാംസ്കാരിക പ്രവർത്തകരെല്ലാമുണ്ടായിരുന്നു. ഡോ. കെ.എം .ജോർജ്ജായിരുന്നു കേരളത്തിൽ നിന്നുള്ള അക്കാദമി സെക്രട്ടറി. തകഴിയെ വേദിയിലിരുത്തി കരുണാകരൻ വാനോളം പുകഴ്ത്തി. കൂട്ടത്തിൽ പറഞ്ഞ ഒരു കാര്യം ‘‘ തകഴിച്ചേട്ടനെ ഒരു തരത്തിലും എനിക്ക് സഹായിക്കാൻ കഴിഞ്ഞിട്ടില്ല ’’.

പുഞ്ചിരിയുടെ നിറകുടമായ കരുണാകരന് പുഞ്ചിരിക്കാത്ത തകഴി കൊടുത്ത മറുപടി ‘‘ ഞാനാരോടും സഹായം എഴുത്തുകാര്യത്തിൽ ചോദിച്ചിട്ടില്ല. ഇതല്ലാതെ എത്രയോ നീറുന്ന പ്രശ്നങ്ങള്‍ സമൂഹത്തിലുണ്ട്’’.

അഹങ്കാരികളായ അധികാരികളോടും ജന്മി പൗരോഹിത്യ മുതലാളിവർഗ്ഗത്തോടും ഒരു നിർണ്ണായക ശക്തിയായി നിന്ന് പോരടിക്കുന്ന എഴുത്തുകാരൻ ഇൗ കൂട്ടരുടെ പടുകുഴിയിൽ വീഴില്ലെന്ന് അത് കേട്ടിരുന്നവർക്ക് മനസ്സിലായി കാണും.

അന്നത്തെ സാഹിത്യ സൃഷ്ടികൾ ഇന്നുണ്ടോ? ചോദ്യം ചെയ്യലുണ്ടോ? പ്രതിഷേധമുണ്ടോ? വേദനിക്കുന്നവനൊപ്പം എത്ര എഴുത്തുകാരുണ്ട്് ? ഇന്നത്തെ എഴുത്തുകാരൻ ആരുടെ ഭാഗത്താണ് . ശ്രീരാമനൊപ്പോമോ അതോ രാവണൻമാർക്കൊപ്പമോ?

ഇന്ന് ഇൻഡ്യയിലെ സാാഹിത്യ-സാംസ്കാരിക- കലാരംഗങ്ങളിൽ ഇൻഡ്യയിലെ കുത്തഴിഞ്ഞ രാഷ്ട്രീയ -മതശക്തികൾ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കന്നു. ഇൗ സ്വാധീന അധികാരവലയത്തിലൂടെയാണ് പല രാഷ്ട്രീയമത പ്രമാണിമാരെയും ഇൗ പവിത്രസ്ഥാപനങ്ങളിൽ അധികാരവലയത്തിലൂടെയാണ് പല രാഷ്ട്രീയമത പ്രമാണിമാരെയും ഇൗ പവിത്ര സ്ഥാപനങ്ങളിൽ കുടിയിരുത്തുന്നത്.

പേരിനുവേണ്ടി ചില സര്‍ഗ്ഗപ്രതിഭകളുള്ള എഴുത്തുകാരും ആ കൂട്ടത്തിലുണ്ട്. ഇന്ന് ഇവിടെയെല്ലാം വിറ്റഴിക്കുന്നത് കമ്പോള സാഹിത്യമാണ്. ഇൗ കമ്പോള സാസ്കാരത്തിന്റെ ഏറീയ ഗുണവും ലഭിക്കുന്നത് ഇതിലുള്ളവർക്കും അവരെ ചുറ്റിപ്പറ്റി നില്ക്കുന്ന സ്തുതിപാഠകർക്കുമാണ്.

ഇതിലേക്ക് നുഴഞ്ഞുകയറിവന്നവരുടെ സാഹിത്യ സംഭാവനകള്‍ ഒരിക്കലും വിലയിരുത്തപ്പെടാറില്ല. മറ്റൊരു സാഹിത്യകാരൻ അല്ലെങ്കിൽ കവി അത് നിശ്ശബ്ദം കണ്ട് വായ് മൂടിയിരിക്കും. അതിന്റെ കാരണം കിട്ടാനിരിക്കുന്ന അവാർഡും പദവിയും നഷ്ടപ്പെടുമെന്നുള്ള ഭയമാണ്.

ഇത് ഇൗ കൂട്ടരുടെ ദൗർബല്യമാണ് കാണിക്കുന്നത്. ആ ഭയവും ആശങ്കയുമാണ് എഴുത്തുകാരെ കൊല്ലുമ്പോള്‍ ഇപ്പോഴും ഇവർ മൗനവ്രതമാചരിക്കുന്നത്. സത്യത്തിന്റേയും നീതിയുടെയും കെടാവിളക്കാണല്ലോ കലാ-സാഹിത്യ സാംസ്കാരിക സ്ഥാപനങ്ങൾ.

അങ്ങനെയങ്കിൽ ഇതിലുള്ള വരുടെ സാഹിത്യ സംഭാവകളെപ്പറ്റി അഗാധമായ ഒരു പഠനം നടത്തേണ്ടതല്ലേ? ഒരു അവാർഡാണോ ഒരു ഭാഷയുടെ ഏറ്റവും വലിയ സമ്പത്ത് . യോഗ്യതയുള്ള എഴുത്തുകാരെ പുറത്ത് നിർത്തി അയോഗ്യരായവരെ വാഴ്ത്തിപാടുന്ന ഇൗ സ്വജനപക്ഷ പാതസങ്കുചിത ചിന്തകൾ ജ്ഞാനപീഠം കിട്ടിയവർ മുതൽ ഇൗ പ്രവണത കാണുന്നുണ്ട്.

ഇത് ഒരു പറ്റം ആൾക്കാരുടെ കൈകളിലാണ്. ആരും ശബ്ദിക്കില്ല. ശബ്ദിച്ചാൽ നോട്ടപ്പുള്ളിയാണ്. ഇൗ പ്രവണത തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സാഹിത്യത്തെ ഭാഷയെ സജീവമായി സ്വദേശത്തും വിദേശത്തും നിലനിർത്തുന്നവരെ കറിവേപ്പിലപോലെയാണ് വലിച്ചെറിയുന്നത്.

അതിലൊന്നും ഇവർക്ക് ഒരു കുറ്റബോധവുമില്ല . ഇങ്ങോട്ടുപോരട്ടെ അതാണ് ഏകചിന്ത! അതാണു പലരും ഇൗ രംഗത്ത് അടയിരിക്കുന്നത്. ഇവർക്ക് ഏങ്ങനെയാണ് ഇൻഡ്യയിലുടനീളം ഭ്രാന്തമായി അലഞ്ഞു നടക്കുന്ന വർഗ്ഗീയ നായ്ക്കളെ പ്രതിരോധിക്കാൻ കഴിയുക?

െനല്ലും പതിരും കണ്ടെത്താൻ അവർക്ക് സമയമില്ല. ശ്രേഷ്ഠമായ കൃതികൾ ധാരാളമു‌െണ്ടങ്കിലും ഇതിലുള്ളവരുടെ കൃതികളാണ് ഇതര ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത്. വിപണനതന്ത്രമറിയാവുന്ന പ്രസാധകർ അതുപയോഗിക്കുന്നു. പുറത്ത് നില്ക്കുന്ന എഴുത്തുകാരൻ എല്ലാം മൗനനൊമ്പരങ്ങളോടെ കണ്ടു നിൽക്കുന്നു. ഇതും സാഹിത്യലോകത്ത് നടക്കുന്ന ഒരു പീഡനമാണ്.

ഇനിയെങ്കിലും ഇൗ സ്ഥാപനങ്ങളിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമല്ലേ? ഭരണത്തിലുള്ളവര്‍ എപ്പോഴും പറയാറുണ്ടല്ലോ സമുദായ-മത സംഘടനകള്‍ രാഷ്ട്രീയത്തിൽ എന്തിനാണ് ഇടപെടുന്നത് ? രാഷ്ട്രീയത്തിലുള്ള ഒരാൾക്ക് ഒരു പുരോഹിതനാകാനോ രാഷ്ട്രീയ തന്ത്ര-കുതന്ത്രങ്ങൾ അഴിമതി നടത്താനുള്ള സാമർത്ഥ്യം പുരോഹിതനോ അറിയില്ല. അങ്ങനെെങ്കിൽ ഇത് എല്ലാ രംഗത്തും ബാധകമല്ലേ?

ഇൗ സ്ഥാപനങ്ങളുടെ തലതൊട്ടപ്പന്മാരായി നിങ്ങൾ എന്തിനാണിരിക്കുന്നത്? എന്താണ് നിങ്ങളുടെ സാഹിത്യസംഭാവനകൾ ? ഇത് എഴുത്തുകാർക്ക് വിട്ടുകൊടുത്താൽ അവരൊക്കെ സ്വതന്ത്രരാകും ഇൗ സ്ഥാപനങ്ങൾക്ക് ശാപമോക്ഷമുണ്ടാവും .

അവർ യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അധികാരസ്ഥാനങ്ങളിൽ ഇരുത്തട്ടെ. അവാർഡുകൾ കൊടുക്കട്ടെ . ഇവിടെയും കാണുന്നത്. ഇൗ ജീർണ്ണിച്ച വ്യവസ്ഥിതിയുടെ ഇരട്ടമുഖമാണ്. കൊടിയുടെ നിറത്തിൽ, മതത്തിന്റെ മറവിൽ എഴുത്തുകാരനെ തരം തിരിച്ച് തമ്മിലടിപ്പിക്കുക.

അവർ ഒരു കുടക്കീഴിൽ അണി നിരക്കാ‌ന്‍ ഇൗ കൂട്ടർ ആഗ്രഹിക്കുന്നില്ല. ഇൗ ആപത്ത് മുന്നിൽ കണ്ടു കൊണ്ടാണ് ഇന്നത്തെ ഭരണാധികാരികൾ ഇവരെ വിലയ്ക്കെടുക്കുന്നത്. ഇത് തകഴി, തോപ്പിൽഭാസി, വയലാർ, സർദാർ കെ.എം പണിക്കർ, എം.പി.പോൾ, വള്ളത്തോൾ, ചങ്ങമ്പുഴ, ആശാൻ, മലയാറ്റൂർ, പൊൻകുന്നം വർക്കി. കെ.പി. കേശവമേനോൻ, മുണ്ടശ്ശേരി ഇവരെപ്പോലുള്ളവരുടെ കാലത്ത് നടപ്പില്ലായിരുന്നു.

ഇന്ന് അത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്നുള്ളത്. സാഹിത്യ ലോകത്തുള്ളവർ പ്രമാദമായി ചിന്തിക്കേണ്ട വിഷയമാണ്. ഇന്നാവശ്യം സാംസ്കാരിക സാഹിത്യ കൂട്ടായ്മയാണ്. എഴുത്തുകാരെ ക്രൂശിലേറ്റുന്ന സാംസ്കാരിക ഫാസിസ്റ്റുകളുടെ ചട്ടുകങ്ങളായി എഴുത്തുകാർ മാറാതിരിക്കുക. സർക്കാരും മാധ്യമങ്ങളും വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഇൈ കൂട്ടർ സർ പദവി വലിച്ചെറിഞ്ഞ മഹാനായ രവീന്ദ്രനാഥ ടാഗോറിനെ ഒരു നിമിഷം ഒാർക്കുന്നത് നന്ന്.