Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതംമാറിയ കമലയുടെ ജീവിതം എന്തായിരുന്നു?

kamala-conversion

മതം മനുഷ്യ ജീവിതത്തിലേക്ക് മുമ്പെങ്ങുമില്ലാതെ കയറിവരികയാണ്. കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെടുന്നത് മതത്തിന്റെ പേരിലും എന്തു കഴിക്കുന്നു എന്നതിന്റെയുമൊക്കെ പേരിലാണ്. രണ്ടു മതത്തിനിടയിൽപ്പെട്ടുപോയ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ അവസാനകാലത്തെ ജീവിതം എന്തായിരുന്നുവെന്ന് ഈ സന്ദർഭത്തിൽ ഓർക്കുന്നതു നന്നായിരിക്കും.

1999ൽ ഇസ്‍ലാം മതം സ്വീകരിച്ച് കമല സുരയ്യയായി മാറിയ മാധവിക്കുട്ടി ഒടുക്കം രണ്ടു മതങ്ങൾക്കിടയിലുംപെട്ട് ശ്വാസം മുട്ടുകയായിരുന്നു. മാധവിക്കുട്ടിക്കൊപ്പം ദീർഘകാലം താമസിച്ച് അവരെക്കുറിച്ച് ദ് ലവ് ക്യൂൻ ഓഫ് മലബാർ എന്ന പുസ്തകം എഴുതിയ മെറിലി വെയ്സ്ബോ‍ഡ് ഇക്കാര്യം അടിവരയിട്ടുപറയുന്നു. പ്രണയത്തിന്റെ രാജകുമാരി (ഗ്രീൻ ബുക്സ്) എന്ന പുസ്തകത്തിൽ മെറിലി എഴുതിയത് വായിക്കാം.

പ്രിയപ്പെട്ട മെറിലി,

നവംബർ പതിന്നാലാം തീയതി സാദിക് അലി എന്നൊരു യുവാവ് എന്നെക്കാണുവാൻ വന്ന അന്നു മുതൽ എന്റെ ജീവിതം അപ്പാടെ മാറിയിരിക്കുന്നു. മുപ്പത്തിയെട്ട് വയസ്സായ ഒരാളാണ് അദ്ദേഹം. സുന്ദരമായ ഒരു പുഞ്ചിരിയുണ്ടയാൾക്ക്. അതിനുശേഷം അയാൾ എന്നെ ദുബായിയിൽ നിന്നും അബുദാബിയിൽ നിന്നും വിളിക്കുവാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ വിവാഹിതരാകുകയാണെങ്കിൽ എനിക്കുവേണ്ടി എന്തൊക്കെ ചെയ്യുമെന്ന് അയാൾ പറഞ്ഞു. അതിനോടൊപ്പം അയാൾ ഉറുദു ഈരടികളും ചൊല്ലിക്കൊണ്ടിരുന്നു. ഞാൻ എന്റെ തോഴി മിനിയെയും കൂട്ടി അയാളുടെ അടുത്തേക്കു പോയി. മൂന്നുദിവസം അയാളോടൊത്ത് താമസിച്ചു. അവിടെ ഒരു പുഴയുണ്ട്. കുറച്ചു മരങ്ങളും. പിന്നെ നിറഞ്ഞ ചിരിയുമുണ്ട്.

എന്നോടു മുസ്‍ലിമാവണമെന്ന് അയാൾ ആവശ്യപ്പെട്ടു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ അത് അനുസരിച്ചു. അതുകേട്ടപാടെ മാധ്യമക്കാർ മുഴുക്കെ ഇരച്ചുകയറി. ഹിന്ദുമതമൗലികവാദികളും ശിവസേനയും രാഷ്ട്രീയ സ്വയം സേവക് സംഘും നാടുനീളെ പോസ്റ്റർ പതിച്ചു. മാധവിക്കുട്ടിക്കു ഭ്രാന്താണ് അവരെ കൊല്ലുക’’ എന്റെ സുരക്ഷയ്ക്കായി അയച്ച എട്ട് പൊലീസുകാരെ എനിക്കു വേണ്ട എന്നു ഞാൻ പറഞ്ഞു. ഇപ്പോൾ മുസ്‍ലിം വിഭാഗത്തിൽപ്പെട്ട യുവാക്കൾ എന്റെ വീടിനു തൊട്ടുള്ള ഫ്ലാറ്റിൽ താമസിച്ച് ഇരുപത്തിനാലു മണിക്കൂറും ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നു.

പുറത്തുപോകരുതെന്നും ഒരു സമയത്ത് ആറിൽ കൂടുതൽ പേരുള്ള സംഘങ്ങളോട് സംസാരിക്കരുതെന്നും കാണിച്ച് എനിക്കു കോടതി ഒരു നോട്ടീസ് അയച്ചിട്ടുണ്ട്. കറുത്ത പർദ ധരിച്ച്, അറബി പഠിക്കുന്ന ഞാനിപ്പോൾ മുസ്‍ലിം വിഭാഗത്തിനിടയിൽ ആരാധിക്കപ്പെടേണ്ട ഒരു വ്യക്തിയായിരിക്കുന്നു. എന്നാൽ എന്റെ ഹിന്ദു ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോൾ എന്നിൽ നിന്നും ഒരകലം പാലിക്കുന്നു. അവർക്ക് എന്നെ സമൂഹത്തിൽ നിന്നും ഭ്രഷ്ടരാക്കണം. എന്റെ സഹോദരി ഇതിനിടെ എന്നെ രണ്ടുതവണ സന്ദർശിച്ചു. അവൾ കരയുക മാത്രമാണ് ഈ രണ്ടുതവണയും ചെയ്തത്. എനിക്ക് എന്റെ അമ്മയെ കാണുവാനാകുന്നില്ല. അതല്ലെങ്കിൽ ജീവിതം ആവേശകരം തന്നെ.

സസ്നേഹം

കമലദാസ്

(സുരയ്യ)

മതംമാറ്റത്തെക്കുറിച്ച് കമല മെറിലിക്ക് എഴുതിയ കത്താണ് മുകളിൽ. കമല എങ്ങനെ മതംമാറി എന്ന് മെറിലി എഴുതുന്നു.

‘‘ എന്റെ ഭർത്താവിന്റെ മരണശേഷം എന്നിലെന്തോ ഒരു അരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടായിരുന്നു. ബ്രഹ്മചര്യവുമായി പതിറ്റാണ്ടുകൾ കഴിച്ചു. എന്റെ ശരീരത്തെ ഒരു മൃതദേഹം പോലെ ഞാൻ വഹിക്കുകയായിരുന്നു’’ ഇതായിരുന്നു കമലയുടെ അന്നത്തെ ജീവിതം. കമലയുടെ ഒരു ബന്ധുവിനോട് സന്ദർശനാവസരം ചോദിച്ചത് സാദിഖ് അലിയായിരുന്നു. വർഷങ്ങളായി കമലയോട് ആദരവുണ്ടെന്ന് അയാൾ പറഞ്ഞു. രണ്ട് മണിക്കൂർ സമയമാണ് കമല അനുവദിച്ചത്. ആ സന്ദർശനത്തിനായി സാദിഖ് അലി തന്റെ ചെറിയ പട്ടണത്തിൽ നിന്നും അഞ്ചുമണിക്കൂർ യാത്ര ചെയ്ത് കൊച്ചിയിൽ എത്തി.

‘‘എന്റെ കാൽക്കൽ അയാൾ ഇരുന്നു. സുന്ദരനാണ് അയാൾ. ഒരു രാജകുമാരൻറെ ചിരി. വലിയ സദസ്സുകളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന സുവിശേഷ പ്രസംഗങ്ങൾ ചെയ്യുവാൻ അയാൾക്കാകും. അഞ്ചുമണിക്കൂർ വരെ നീളും അയാളുടെ പ്രസംഗം."

തന്റെ സംഭാഷണ ശൈലി, പാണ്ഡിത്യം, ഇടതൂർന്ന മുടി, വെളുത്ത പല്ല്, അസാമാന്യ നിഷ്കളങ്കതയുള്ള ചിരി എന്നിവയെല്ലാം കൊണ്ടാണ് സാദിഖ് അലി കമലയെ ആകർഷിച്ചത്. അയാൾ കമലയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോഴേക്കും അയാളുടെ ശൃംഗാരങ്ങൾ കമലയിലെ ദീർഘകാലമായി കുഴിച്ചുമുടപ്പെട്ടിരുന്ന വികാരങ്ങളെയും ആഗ്രഹങ്ങളെയും തട്ടിയുണർത്തി. "വർഷങ്ങളായി ഒരു ചെറുപ്പക്കാരന്റെ കവിളിൽ പുതുസ്നേഹത്തിന്റെ ചുവപ്പ് ഞാൻ കണ്ടിട്ട്’’.

സാദിഖ് അലിക്ക് രണ്ടുഭാര്യമാരുണ്ട്. എന്നാൽ ഒരു മുസ്ലിം എന്ന നിലയിൽ നാലു ഭാര്യമാരെ വരെയാകാം. അദ്ദേഹം കമലയെ തന്റെ നാട്ടിൻപുറത്തെ വീട്ടിൽ താമസിക്കുവാൻ ക്ഷണിച്ചു. ഒരു മാസത്തെ തുടർച്ചയായ, അഗാധമായ ബന്ധത്തിനു ശേഷം കമല അയാളുമായി പ്രണയത്തിലായിരുന്നു.അതിനാൽ കമല ക്ഷണം സ്വീകരിച്ചു. സാദിഖ് അലിയുടെ കുടുംബം ഒരു വിരുന്നിനു പോയ ദിവസം.

‘‘ ഞാനുറങ്ങുവാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് സാദിഖ് അലി എന്റെയടുക്കലെത്തുന്നത്. അയാൾ എന്നെ പുണർന്നു. അയാൾ മന്ദം മന്ദമാണ് ശ്വസിച്ചിരുന്നത്. എന്റെ കാതിലയാൾ സ്നേഹമന്ത്രങ്ങൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അയാൾ എന്റെ മുഖത്ത് ചുംബിച്ചു. എന്റെ മുലകളിൽ ചുംബിച്ചു. എന്റെ കാൽവിരലുകളിൽ ചുംബിച്ചപ്പോൾ എനിക്കു വേദനിച്ചു. അയാളുടെ നാവ് എന്റെ ശരീരത്തിലുരസുവാൻ തുടങ്ങി. എന്താണു ചെയ്യുന്നത്? താങ്കളെ ചുംബിക്കുന്നു. പിന്നെ അയാൾ എന്നിൽ പ്രവേശിച്ചു....’’

എന്നാൽ പിറ്റേന്ന് കമലയുടെ മനസ്സിലെ ചിന്തകൾ മറ്റൊന്നായിരുന്നു. ഞാൻ മലീമസപ്പെട്ടിരിക്കുന്നു. കമല സാദിഖ് അലിയോടു പറഞ്ഞു. അവർ തമ്മിലുള്ള ബന്ധത്തിലെ അനാശാസ്യത അവരുടെ മനസ്സിൽ ലജ്ജയുണ്ടാക്കി. സാരമില്ല, ഞാൻ താങ്കളെ വിവാഹം കഴിച്ചുകൊള്ളാം. അയാൾ വാക്കുകൊടുത്തു. ഇന്നേക്ക് പന്ത്രണ്ടാം ദിവസം താങ്കൾ ദൽഹിയിൽ എന്റെ ദൽഹി ഭാര്യയായി താമസിക്കും. വിവാഹം കഴിഞ്ഞാൽ പിന്നെ ശേഷിച്ചതെല്ലാം മാഞ്ഞുപോകും. അന്ന് അയാൾ കമലയെ സുരയ്യ എന്നു നാമകരണം ചെയ്തു. സുരയ്യ എന്നാൽ പ്രഭാത നക്ഷത്രം.

തുടർന്നാണ് കമല തന്റെ മതംമാറ്റം മാധ്യമങ്ങളെ അറിയിക്കുന്നത്. പക്ഷേ, പ്രതികരണം അവർ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. ഒരാഴ്ചയ്ക്കകം ഹിന്ദു തീവ്രവാദികൾ കമലാദാസിനെ വധിക്കുന്നവർക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

‘കമലയുമൊത്തുള്ള തന്റെ ബന്ധം ഒരമ്മയും കുഞ്ഞും തമ്മിലുള്ളതുപോലെ പരിശുദ്ധമാണെന്നും അവർ അതുവരേക്കും കണ്ടിട്ടുപോലുമില്ലാത്ത, ഇസ്മയീൽ മർച്ചന്റിന് കമല വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും സാദിഖ് അലി മാധ്യമങ്ങളോടു പറ‍ഞ്ഞത് കമലയെ വല്ലാതെ വിഷമിപ്പിച്ചു. അപ്പോഴേക്കും കമലയുടെ ജീവിതം അവരുടെ കയ്യിൽ നിന്നു വഴുതിപ്പോയിരുന്നു. കമലയുടെ വീടിന്റെ നിയന്ത്രണം എൻഡിഎഫ് എന്ന തീവ്ര മുസ്‍‌ലിം വിഭാഗം ഏറ്റെടുത്തു. കമലയുടെ ജീവിതം ദൈവവും തീവ്രവാദികളും തമ്മിൽ പങ്കിട്ടെടുത്തെന്നാണ് മെറിലി എഴുതുന്നത്.

ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ രണ്ടിൽ നിന്നും ഒരുപോലെ വധഭീഷണിയുണ്ടായി. എല്ലാ പള്ളികളും നശിപ്പിച്ചുകളയണം. അമ്പലങ്ങളും മുസ്ലിം ക്രിസ്ത്യൻ‌ പള്ളികളുമുൾപ്പെടെ എല്ലാ ആരാധനാലയങ്ങളും നശിപ്പിക്കണം. അതുപോലെ മുസ്‍ലിം സമുദാം മാംസാഹാരം കഴിക്കുന്നത് നിർത്തിവയ്ക്കണം എന്ന് കമല അഭിപ്രായപ്പെട്ടു. അതോടെയാണ് വധഭീഷണി കൂടിയതും പൊലീസുകാരനെ കാവൽ ഏർപ്പെടുത്തേണ്ടി വന്നതും.

സാദിഖ് അലി വീണ്ടും എന്നിലേക്കു വരുന്നതിനായി മുസ്‍ലിം നേതാക്കൾ അയാൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുസ്‍ലിം ഭാര്യമാരുടെ ജീവിതം ദുരിതമാണ്. അവരിലൊരാളാകാൻ എനിക്കു താൽപര്യമില്ല. സാദിഖ് അലിയുടെ കുരിശിൽ കയറുവാൻ എനിക്കു വയ്യ– കമല നിസ്സഹായയായി ഇങ്ങനെ പറഞ്ഞതായി മെറിലി എഴുതുന്നു.

(കടപ്പാട് പ്രണയത്തിന്റെ രാജകുമാരി, ഗ്രീൻ ബുക്സ്)