ബേപ്പൂർ സുൽത്താന് ആദരമായി 'നിലാവും ആകാശമിട്ടായി'യും വീണ്ടും അരങ്ങത്തേക്ക്

ബഷീറിന്റെ പ്രേമലേഖനം, മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നീ കഥകൾ സംയോജിപ്പിച്ചാണ് 'മൂൺഷൈൻ ആൻഡ് സ്‌കൈ ടോഫി' എന്ന നാടകത്തിനു രൂപം കൊടുത്തിരിക്കുന്നത്.

കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ രണ്ടു കഥകൾ അരങ്ങിൽ പുനർജനിക്കുന്നു. ബഷീറിന്റെ 'പ്രേമലേഖനം' എന്ന കഥയും 'മുച്ചീട്ടുകളിക്കാരന്റെ മകൾ' എന്ന കഥയും സംയോജിപ്പിച്ചാണ് 'മൂൺഷൈൻ ആൻഡ് സ്‌കൈ ടോഫി' എന്ന നാടകത്തിനു രൂപം കൊടുത്തിരിക്കുന്നത്. ബഷീറിന്റെ തനതു നർമവും, ഭാഷാശൈലികളും കൊണ്ട് ആസ്വാദകമനസ്സിൽ ഇടം പിടിച്ച രചനകളാണിവ. അതിർവരമ്പുകൾക്കപ്പുറത്തേക്ക് ഒഴുകിയെത്തുന്ന പ്രണയമായിരുന്നു ഇരുകഥകളിലെയും പ്രമേയം.

ചെന്നൈ ആസ്ഥാനമായ പെർച്ച് എന്ന തിയറ്റർ ഗ്രൂപ്പാണ് നാടകം അവതരിപ്പിക്കുന്നത്.  90 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിനു തിരക്കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത് രാജീവ് കൃഷ്ണനാണ്. സിനിമാതാരം അപർണ ഗോപിനാഥ് ഈ നാടകത്തിൽ ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്. ശ്രീകൃഷ്ണ ദയാൽ, ദർശന രാജേന്ദ്രൻ, ജഗൻ, ഹാൻസ് കൗശിക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ശക്തമായ സ്ത്രീകഥാപാത്രങ്ങളാലും മൂർച്ചയേറിയ സാമൂഹിക വിമർശനം കൊണ്ടും ബഷീറിയൻ ഹാസ്യം കൊണ്ടും കാലത്തിനു മുൻപേ സഞ്ചരിച്ച കഥകൾ നാടകരൂപത്തിൽ.

മാർച്ച് 17, 18, 19 തീയതികളിൽ ബെംഗളൂരു ജെപി നഗറിലുള്ള രംഗശങ്കര തിയറ്ററിലാണ് നാടകം അരങ്ങേറുക.  17ന് വൈകിട്ട് 7.30;  18, 19 തീയതികളിൽ വൈകിട്ട് 3.30, 7.30 എന്നിങ്ങനെയാണ് പ്രദർശസമയം. ടിക്കറ്റുകൾ രംഗശങ്കരയിൽനിന്നും നിന്നും ബുക് മൈ ഷോയിൽ നിന്നും ലഭിക്കും.

മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കറിന്റെ മകൾ സൈനബയും പോക്കറ്റടിക്കാരൻ മണ്ടൻ മുസ്തഫയും തമ്മിൽ ഉടലെടുക്കുന്ന പ്രണയവും വഴിത്തിരിവുകളുമായിരുന്നു മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കഥയുടെ പ്രമേയം. കേശവൻ നായരും സ്ഥലത്തെ പ്രമാണിയുടെ മകളായ സാറാമ്മയും തമ്മിൽ ഉടലെടുക്കുന്ന പ്രണയമാണ് പ്രേമലേഖനത്തിന്റെ കഥ.

ബഷീറിന്റെ തനതു നർമവും, ഭാഷാശൈലികളും കൊണ്ട് ആസ്വാദകമനസ്സിൽ ഇടം പിടിച്ച രചനകളാണിവ.

ശക്തമായ സ്ത്രീകഥാപാത്രങ്ങളാലും മൂർച്ചയേറിയ സാമൂഹിക വിമർശനം കൊണ്ടും ബഷീറിയൻ ഹാസ്യം കൊണ്ടും കാലത്തിനു മുൻപേ സഞ്ചരിച്ച കഥകളാണ് ഇവ രണ്ടും. ഭാഷയുടെ അതിർവരമ്പുകൾ ആസ്വാദകർക്ക് അനുഭവപ്പെടില്ല എന്നതാണ് ബഷീറിയൻ എഴുത്തിന്റെ സവിശേഷത. ഇതിനു മുൻപ് അവതരിപ്പിച്ചപ്പോഴൊക്കെ ഇംഗ്ലിഷിലാണെങ്കിലും പ്രേക്ഷകർ നാടകം ഏറെ ആസ്വദിച്ചുവെന്നും ബഷീറിനെ കുറിച്ച് കൂടുതലറിയാനും കൃതികൾ വായിക്കാനും താത്പര്യപ്പെട്ടിട്ടുണ്ടെന്നും അപർണ പറയുന്നു.

മാർച്ച് 17, 18, 19 തീയതികളിൽ ബെംഗളൂരു ജെപി നഗറിലുള്ള രംഗശങ്കര തിയറ്ററിലാണ് നാടകം അരങ്ങേറുക.


 
2006ലാണ് പെർച്ച് എന്ന തിയറ്റർ ഗ്രൂപ്പിന് തുടക്കമായത്. നിരവധി വിശ്വസാഹിത്യകൃതികൾക്ക് നാടകഭാഷ്യം നല്കാൻ ഈ കാലയളവിൽ പെർച്ചിനു കഴിഞ്ഞു. രൂപീകരണത്തിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വീണ്ടും നാടകം അരങ്ങിലേക്കെത്തുന്നത്.