റെഡ് ലിപ്സ്റ്റിക് - ഒരു സെലിബ്രിറ്റിയുടെ സ്വകാര്യ ജീവിതത്തിന്റെ ഏടുകൾ

ലൈംഗിക സ്വാതന്ത്ര്യം തന്റെ മാത്രം വ്യക്തിഗത തിരഞ്ഞെടുപ്പായിരുന്നെന്നും അതിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും പറയുന്നത് ഇന്ത്യയിലെ പ്രമുഖ എൽ ജി ബിടി പ്രവർത്തകയും ആക്ടിവിസ്റ്റും അഭിനേതാവും നർത്തകിയുമായ ലക്ഷ്മിയാണ്.

ജനിക്കുമ്പോൾ ചുറ്റുമുള്ളവരും ലോകം തന്നെയും കണ്ടെത്തിയ ഒരു വ്യക്തിത്വത്തിൽ നിന്നും പെട്ടെന്നൊരുനാൾ കൂടുവിട്ടു മറ്റൊന്നിലേക്ക് ചേക്കേറുക... മാനസികമായ ചിന്തകൾ കൊണ്ടല്ല ശാരീരികമായ മാറ്റങ്ങൾക്കുമപ്പുറം അനുഭൂതികളുടെ തോത് മാറി മറിയുക. സാധാരണക്കാർക്ക് പലർക്കും ഉൾക്കൊള്ളാൻ ഏറെ പ്രയാസമേറിയ അതേ വിഭാഗത്തെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. ഭിംന്നലിംഗക്കാരുടെ ഇടയിൽ നിന്നും പലരും താരങ്ങളും ആക്ടിവിസ്റ്റുകളും ഒക്കെയായിട്ടുണ്ടെങ്കിലും തങ്ങളുടെ ജീവിതം പുസ്തകമായി മാറ്റിയെഴുതിയവർ അപൂർവമായിരിക്കും. അവരുടെ ഇടയിൽ ആദ്യം തന്നെ "Me Hijra Me Laxmi " എന്ന പുസ്തകത്തിലൂടെ വായനക്കാരുടെ ഇടയിലേക്കിറങ്ങി വന്ന ഹിജഡ കുടുംബത്തിലെ അംഗമാണ് ലക്ഷ്മി നാരായൺ ത്രിപാഠി. ലക്ഷ്മിയുടെ രണ്ടാമത്തെ പുസ്തകം,  “Red Lipstick – The Men in my Life.” ഇപ്പോൾ പുറത്തിറങ്ങിയിരുന്നു. ആദ്യത്തെ പുസ്തകത്തിൽ തന്റെ ഹിജഡ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് അവർ എഴുതിയതെങ്കിലും പുതിയ പുസ്തകത്തിൽ താനുമായി അടുപ്പമുള്ള പുരുഷന്മാരെ കുറിച്ചാണ് വെളിപ്പെടുത്തൽ. 

വളരെ ധൈര്യത്തോടെയുള്ള, ഒരു സെലിബ്രിറ്റിയുടെ സ്വകാര്യ ജീവിതത്തിന്റെ ഏടുകളാണിതെന്ന് ലക്ഷ്മി തന്നെ സ്വന്തം പുസ്തകത്തെ കുറിച്ച് പറയുന്നു. ഒരു പ്രായം വരെ ആൺകുട്ടി തന്നെയായി വളരുകയും എന്നാൽ പെൺകുട്ടികളുടെ അനുഭൂതികളോടെ ജീവിക്കുകയും ചെയ്ത വ്യക്തിയിൽ നിന്നും തനിക്കിഷ്ടമുള്ള സാരിയുടുത്ത് പെണ്ണായി ജീവിക്കാൻ ഹിജഡ സമൂഹം ശക്തമായ സാന്നിധ്യമായി ലക്ഷ്മിക്കൊപ്പമുണ്ട്. സ്വന്തം തീരുമാനങ്ങളിലും ശബ്ദത്തിലും ആണിന്റേതായ ചങ്കൂറ്റം പ്രദർശിപ്പിക്കുമ്പോൾ തന്നെ പെണ്ണിന്റേതായ സ്ത്രൈണതയിൽ ലക്ഷ്മി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. 

"റെഡ് ലിപ്സ്റ്റിക്" എന്ന പുതിയ പുസ്തകം തന്നോട് ഏറ്റവും ചേർന്ന എഴുത്തുകളാണെന്നു ലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു.

ലൈംഗിക സ്വാതന്ത്ര്യം തന്റെ മാത്രം വ്യക്തിഗത തിരഞ്ഞെടുപ്പായിരുന്നെന്നും അതിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും പറയുന്നത് ഇന്ത്യയിലെ പ്രമുഖ എൽ ജി ബിടി പ്രവർത്തകയും ആക്ടിവിസ്റ്റും അഭിനേതാവും നർത്തകിയുമായ ലക്ഷ്മിയാണ്. ആദ്യമായി പ്രണയം തോന്നിയത് പുരുഷ ശരീരമുള്ള അവസ്ഥയിലും ഒരിക്കലും ഒരു പെൺകുട്ടിയോടായിരുന്നല്ല, മറിച്ച് നഗരത്തിൽ തൂങ്ങിയാടുന്ന അടിവസ്ത്രങ്ങളുടെ പരസ്യങ്ങളിലെ പുരുഷന്മാരോടും കനത്ത കൈകളും മാറിടവും ഉള്ള ആൺശരീരങ്ങളോടും തന്നെയായിരുന്നു എന്നും പുസ്തകത്തിൽ ലക്ഷ്മി പറയുന്നു. പ്രശസ്തമായ, ഒരുപാട് മാമൂലുകൾ ഉള്ള ഒരു ഉയർന്ന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ലക്ഷ്മിക്ക് സ്വാഭാവികമായും നിരവധി വെല്ലുവിളികൾ സ്വന്തം സമൂഹത്തിൽ നിന്നുതന്നെ ലഭിച്ചിരുന്നു. എന്നാൽ യാദൃശ്ചികമായി ഹിജഡ കമ്മ്യൂണിറ്റിയിലേക്ക് ആകർഷിക്കപ്പെടുകയും അവരിൽ ഒരാളായി മാറുകയും ചെയ്തതോടെ തന്റെ താരത്തിളക്കം വർദ്ധിച്ചു എന്ന് തന്നെയാണ് ലക്ഷ്മി പറയുന്നത്.

"റെഡ് ലിപ്സ്റ്റിക്" എന്ന പുതിയ പുസ്തകം തന്നോട് ഏറ്റവും ചേർന്ന എഴുത്തുകളാണെന്നു ലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും സത്യസന്ധമായി ജീവിതത്തെ നോക്കി കാണുകയും ഏറ്റവും സ്വകാര്യമായ വിവരങ്ങൾ എഴുതാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് ഈ പുസ്തകത്തിൽ. ലക്ഷ്മിക്ക് വേണ്ടി പുസ്തകം എഡിറ്റ് ചെയ്ത പൂജ പാണ്ഡെ പറയുന്നത് ഇങ്ങനെയാണ്, 

"ബുദ്ധിയുള്ള വയസ്സായ ലക്ഷ്മിയെയാണ് ഞാൻ ചിന്തിച്ചത്.. അവരായിരുന്നു റെഡ് ലിപ്സ്റ്റിക്കിലെ പ്രധാന വക്താവ്. അതുകൊണ്ടു തന്നെ ലക്ഷ്മിയെ എനിക്ക് നിർഭയയായ ഒരു ആക്ടിവിസ്റ്റായും , കാമുകിയായും ഭാര്യയായും രാജു എന്ന പുരുഷനായും, എന്നെ പോലെ മറ്റാരൊക്കെയോ ആയും എനിക്ക് കണ്ടെത്തേണ്ടതുണ്ടായിരുന്നു..". പിതാവ്, സ്‌കൂൾ സുഹൃത്ത്, പങ്കാളി, ആക്ടിവിസ്റ് എന്നീ നിലകളിൽ ലക്ഷ്മിയുടെ അടുപ്പമുള്ള പുരുഷന്മാരുടെ ഒക്കെ കഥയാണ് റെഡ് ലിപ്സ്റ്റിക്ക് പറയുന്നത്. ലക്ഷ്മിയുടെ ഉള്ളിലെ രാജു എന്ന പുരുഷനെ കുറിച്ച് വരെ പുസ്തകം വ്യക്തമായി പറയുന്നു. 

ഒരാളുടെ ആത്മാവിനെ തേടുക എന്ന അർത്ഥമുള്ള ഹിജ്റ എന്ന വാക്കിൽ നിന്നാണ് ഹിജഡ എന്ന വാക്കുണ്ടായത്. ഭാരതത്തിന്റെ ആത്മാവുറങ്ങുന്ന കഥകളുമായി പോലും ഏറെ ബന്ധമുള്ള ഒരു വാക്കുമാണത്. രാമായണവും പുരാണകഥകളുമായും ഹിജഡ എന്ന വാക്കും അത്തരം ഭിംന്നലിംഗക്കാരുമായുള്ള ബന്ധം വ്യാപിക്കപ്പെട്ടു കിടക്കുന്നു. അതിനാൽ തന്നെ ആ അവസ്ഥയിൽ താൻ ഏറെ ആഹ്ലാദത്തിലാണെന്നും ലക്ഷ്മി വായനക്കാരോട് പറയുന്നു. പുരുഷൻ സ്ത്രീയെയും, സ്ത്രീ പുരുഷനായും ഒക്കെ മാറിയ കഥകളുറങ്ങുന്ന ഭാരതത്തിലെ ദേവതമാർക്കു തന്നെയാണ് തന്റെ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ലക്ഷ്മി പറയുന്നു. 

ലക്ഷ്മി തന്റെ സ്വകാര്യ അനുഭവങ്ങളും രാഷ്ട്രീയ ചിന്തകളും സാമൂഹിക അഭിപ്രായങ്ങളും റെഡ് ലിപ്സ്റ്റിക്കിലൂടെ പങ്കു വയ്ക്കുന്നുണ്ട്. ലൈംഗികതയുടെയും ലിംഗത്തിന്റെയം കഥയുമാണിത്. നാനാത്വത്തിൽ ഏകത പേറുന്ന ഇന്ത്യൻ സമൂഹത്തിന്റെ യാഥാർത്‌ഥ ശേഷിപ്പുകളായി കമ്മ്യൂണിറ്റികളെവരെ ചൂണ്ടി കാണിക്കപ്പെടുന്നുണ്ട് ലക്ഷ്മി ധൈര്യസമേതം. താനുൾപ്പെടെയുള്ള ഒരു സമൂഹം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടവരല്ല, മറിച്ച് പാരമ്പര്യം അവകാശപ്പെടാവുന്ന മനുഷ്യർ തന്നെയാണെന്നും അവർ സൂചിപ്പിക്കുന്നു. നർത്തകിയും അഭിനേതാവും ആക്ടിവിസ്റ്റുമായ ലക്ഷ്മിയുടെ ജീവിതം പൊതുസമൂഹത്തിന്റെ ചിന്താധാരകളെ മാറ്റിമറിയ്ക്കുന്നുണ്ട്. അത്തരത്തിൽ ചിന്തകൾക്ക് പ്രേരിപ്പിക്കാൻ ഈ പുസ്തകത്തിനും കഴിയുമെന്ന് നിരൂപകർ കുറിയ്ക്കുന്നു.