Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കവിതയും സഖാവ് പിടിച്ച പുലിവാലും

sam-pratheeksha1

ഒരു കവിതയും അതിനു പിന്നിലെ പുലിവാലുകളും തുടർന്നു കൊണ്ടേയിരിക്കുകയാണ്. 'സഖാവ്' എന്ന തീവ്ര വിപ്ലവ പ്രണയകവിതയുടെ നാൾവഴികൾ വളരെ വിചിത്രവുമാണ്. മാസങ്ങൾക്കു മുൻപേ വാട്സാപ്പുകളിൽ പറന്നു നടന്നിരുന്ന ഒരു കവിത ആര്യ ദയാൽ എന്ന പെൺകുട്ടി മാത്രമല്ല മുൻപും പലരും പാടി നോക്കിയിട്ടുണ്ട്. പക്ഷെ ആര്യയുടെ പേരിനോടൊപ്പമേ സഖാവ് ചേർന്നിരുന്നുള്ളൂ. ഒരു കോളേജ് പ്രണയത്തെ കുറിച്ച് മനോഹരിയായ ഒരു സഖാവ് കുട്ടി അഴിഞ്ഞ മുടിയും അലസമായ മുഖവും പ്രണയാതുരമായ കണ്ണുകളോടെയും  പാടുമ്പോൾ അറിയാതെ ഒന്ന് കേൾക്കാനും നോക്കാനും ആഗ്രഹിച്ചു പോകും എന്നതായിരിക്കാം ആര്യയുടെ പാട്ടു വൈറലായതിനു പിന്നിലെ പ്രധാന കാരണം.

ആര്യയുടെ മനോഹരമായ ആലാപനത്തെയും ഒട്ടും ചെറുതാക്കി കാണാനാകില്ല. ആര്യ കവിത പാടിയപ്പോഴും സോഷ്യൽ മീഡിയയിൽ അത് വൈറലായപ്പോഴും മാത്രമാണ് ഈ കവിതയുടെ അനന്തരാവാകാശിയെ കുറിച്ച് വായനക്കാർ അന്വേഷിക്കുന്നത്. ആ ആൾ ഇവിടെയുണ്ടെന്ന് പറഞ്ഞു പിന്നാലെ കവിയുടെ സുഹൃത്തുക്കളും കവിയുമെത്തി. കോട്ടയം സി എം എസ് കോളേജിലെ പി ജി വിദ്യാർഥി സാം മാത്യു. മാത്രമല്ല സാമിന്റെ മറ്റു കവിതകളും കേട്ടവർ ഒന്നാകെ പറഞ്ഞു, സാം മിടുക്കനാണ്, അതിമനോഹരമായി കവിതയെഴുതുന്ന ഒന്നാന്തരമൊരു സഖാവാണ്.

എന്നാൽ വിവാദം അവിടെ തുടങ്ങുന്നു. ഒരു സഖാവിനെങ്ങനെ പീത(മഞ്ഞ) പുഷ്പങ്ങളെ കുറിച്ച് എഴുതാനാകും. അവനിഷ്ടം വിപ്ലവത്തിന്റെ ചുവന്ന പുഷ്പങ്ങളല്ലയോ, സാമിന്‌ ഗുല്മോഹറിനെ കുറിച്ച് എഴുതാമായിരുന്നല്ലോ. അതി വിപ്ലവകാരികളായ സഖാക്കന്മാർ സഖാവ് എന്ന കവിതയെ പരിഹസിച്ചു. വെറും പൈങ്കിളി പ്രണയത്തിൽ സഖാവിന്റെ സ്ഥാനാരോഹണത്തെ അപലപിച്ചു. അങ്ങനെ കവിതയിൽ തന്നെ വിവാദങ്ങൾ പൂത്തു നിൽക്കുമ്പോഴാണ് പ്രതീക്ഷ ശിവദാസ് എന്ന പെൺകുട്ടി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായ സഖാവ് എന്ന കവിത 3 വർഷങ്ങൾക്കു മുൻപ് താൻ എഴുതിയതാണെന്ന വെളിപ്പെടുത്തലോടെ.

പ്രേമമായിരുന്നെന്നും സഖാവേ

പേടിയായിരുന്നെന്നും പറഞ്ഞിടാന്‍…..

വരും ജന്മമുണ്ടെങ്കിലീ പൂമരം

നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും…"

ഒരു പെണ്ണിന് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒരു നെഞ്ച് മിടിപ്പുണ്ട് ഈ കവിതയിലെന്നു വായിച്ചപ്പോൾ മുതൽ അനുഭവിക്കാൻ കഴിഞ്ഞിരുന്നത് സാം എന്ന കവിയിലെത്തുമ്പോൾ നിശബ്ദമായി പോയിരുന്നു. എന്നാൽ ഇന്നും ഉറപ്പില്ല സഖാവ് സാമിന്റേതെന്നോ പ്രതീക്ഷയുടേതെന്നോ എന്ന്. എങ്കിലും ഉള്ളിലിരുന്നു ഒരു പ്രണയം തിരിച്ചറിയുന്ന ഹൃദയം പറയുന്നുണ്ട്, സ്വയം പൂമരമായി നിന്ന് ഒരു ജയിലിൽ കിടക്കുന്ന സഖാവിനെ പ്രണയിക്കാൻ, അവനു വേണ്ടി കവിതയെഴുതാൻ ഒരു പെണ്ണിനെ കഴിയുകയുള്ളൂ എന്ന്. പക്ഷെ മനസ്സിന്റെ വാക്കുകൾക്കുമപ്പുറം തെളിവുകൾ തന്നെയാണല്ലോ ഏതൊരു കോടതിക്കും വേണ്ടതെന്നതുകൊണ്ടും സഖാവ് എന്ന കവിത ഇപ്പോൾ അനാഥത്വവും പേറി കൃത്യമായ ഉടമസ്ഥനില്ലാതെ വായനക്കാരുടെ മനസ്സിൽ കിടക്കുന്നു. 

മൂന്നു വർഷങ്ങൾക്ക് മുൻപ് എഴുതി എസ് എഫ് ഐയുടെ മുഖ മാസികയ്ക്കു വേണ്ടി അയച്ചു കൊടുക്കുമ്പോൾ പ്രതീക്ഷ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. തന്റെ മൂത്ത സഹോദരൻ പഠിച്ച ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ ആ മഞ്ഞ പൂക്കളുള്ള മരം , സഹോദരന്റെ വിപ്ലവ കാലം ഓർത്തെടുത്തപ്പോൾ അറിയാതെ മനസ്സിൽ ജനിച്ച കവിതയ്ക്ക് ജീവൻ നൽകുകയായിരുന്നു പ്രതീക്ഷ ചെയ്തത്. എന്നാൽ എസ് എഫ് ഐ മുഖ മാസികയുമായി യാതൊരു ബന്ധവുമില്ലാത്ത കോട്ടയംകാരനായ സാമിന്‌ പ്രതീക്ഷയുടെ കവിത എങ്ങനെ കിട്ടി എന്നുള്ളിടത്ത് ചോദ്യം അവസാനിക്കുന്നില്ല. മാത്രമല്ല സാമിന്റെ പേരിൽ ഇതേ കവിത കുറച്ചു കൂടി വരികളോടെ സി എം എസ് കോളേജിന്റെ മാസികയിൽ അച്ചടിച്ചു വരികയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തെളിവുകൾ പരിശോധിച്ചാൽ കവിതയുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരിക സാം ആണെങ്കിലും മനസാക്ഷിയും സുഹൃത്തുക്കളും മാത്രമാണ് തന്റെ തെളിവുകളെന്നു പ്രതീക്ഷയും അവകാശപ്പെടുന്നു. പ്രതീക്ഷയുടേതെന്നു അവകാശപ്പെടുന്ന വരികൾക്കിടയിൽ സാം മാത്യു ചേർത്തുവെന്നു പറയപ്പെടുന്ന വരികൾ എന്നാൽ ആര്യ പാടിയ കവിതയിലും കണ്ടെത്താനാകില്ല. 

"കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ

എന്റെ പൂവിന്റെ ഗന്ധം കുടിക്കണം

നിന്റെ ചോരക്കങ്ങളാണെന്നിൽ

പീതപുഷ്പങ്ങളൊക്കെ തൊടുത്തതും

ആയുധങ്ങളാണല്ലോ സഖാവേ

നിന്റെ ചോര ചൂടാണ് കാത്തിരുന്നത്"

തീർച്ചയായും ഈ വരികൾക്ക് ഒരു കരുത്തനായ സഖാവിന്റെ ചോരയുടെ ഗന്ധവും തീക്ഷണതയുമുണ്ട്. മറ്റുവരികളെ അപേക്ഷിച്ച് ഇത് പൈങ്കിളിവത്കൃതമല്ല താനും. എന്ത് തന്നെയായിരുന്നാലും സാം മാത്യു സ്വയം വെളിപ്പെടുത്താതെ സഖാവിന്റെ പുറത്തെ ഈ കെട്ടുപാടുകൾ അഴിഞ്ഞു വീഴില്ല.

കോളേജിലെ സഖാവിനോട് അവിടുത്തെ മഞ്ഞച്ച പൂമരത്തിനു തോന്നിയ പ്രണയമാണ് സഖാവ് എന്ന കവിത. പറയാൻ മറന്ന പ്രണയത്തിനു ഉള്ളത്ര എല്ലാ തീക്ഷണതയും ആ കവിതയ്ക്കുണ്ട്. പഠന നാളുകളിൽ  പ്രണയമുണ്ടായിരുന്നവരും അത് തുറന്നുപറയാൻ പേടിച്ചവരും ആയ ഏല്ലാവർക്കും നെഞ്ചേറ്റാൻ കഴിയുന്ന വരികളാണത്.

"താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും...

നിന്റെ ചങ്കു പിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ..."

ജയിലിലായ സഖാവിനെ ഓർത്തു എപ്പോഴും നെഞ്ചിടിപ്പോടെ നിൽക്കുന്ന പെൺമരത്തിനു ആകുലതയുണ്ട്. ജയിലും വിപ്ലവവും കൊണ്ട് നടക്കുന്ന ആൾക്ക് എന്ത് സംഭവിക്കും. പൂക്കാലങ്ങൾ പോലും തൊടാതെ പോകുമ്പോൾ സഖാവിന്റെ ഒരു വിരൽസ്പർശത്തിനായി പൂമരം കാത്തിരിപ്പിലാണ്... ഒരു വസന്തത്തിനായുള്ള കാത്തിരിപ്പ്. പ്രതീക്ഷയും പ്രണയവും സമരസപ്പെടുത്തുന്ന വരികളിൽ ഒരു പെണ്ണിന്റെ പ്രണയത്തിന്റെ താളമുണ്ട്. എന്നാൽ പ്രതിഭാശാലിയായ ഒരു കവിയ്ക്കും പെണ്ണത്തത്തിലേക്കുള്ള എടുത്തുചാടൽ അത്ര ബുദ്ധിമുട്ടേറിയതല്ല.

സഖാവ് എന്ന കവിതയുടെ പേരിൽ കവി ഏറ്റു വാങ്ങിയ ആക്ഷേപങ്ങളും നിരവധിയാണ്. വിപ്ലവത്തിന്റെ നിറം മുതൽ എന്നും കാത്തിരിക്കാൻ മാത്രം പെണ്ണത്തത്തെ വിധിക്കുന്ന കവിയുടെ ധാർഷ്ട്യം വരെ ചോദ്യം ചെയ്യപ്പെട്ടു. കോളേജിൽ വന്ന സെമസ്റ്റർ സമ്പ്രദായത്തിനിടയിൽ കൊല്ലപ്പരീക്ഷ വന്നതെങ്ങനെ, പാർട്ടി പ്രവർത്തനത്തിൽ ജയിലായ സഖാവിനെ പാർട്ടിക്കാർ തന്നെ പുറത്താക്കില്ലേ എന്ന ചോദ്യങ്ങളും നിരവധി. എന്നാൽ ഇത്തരം ചോദ്യങ്ങളുടെ മുന്നിൽ സാം നിശ്ശബ്ദനാണ്.

ചില ചോദ്യങ്ങൾ അല്ലെങ്കിലും അങ്ങനെയാണല്ലോ ഉത്തരമില്ലാത്തവ. ഇനി ആസ്വാദകർ കാത്തിരിക്കുന്നു, സംഗീതാത്മകമായ സഖാവിന്റെ ശരിയറിയാൻ . സഖാക്കൾ തന്നെ പലപക്ഷങ്ങളാകുമ്പോൾ ചിലർ പ്രതീക്ഷയുടെയും ചിലർ സാമിന്റെയുമൊപ്പം നിൽക്കുമ്പോൾ സത്യം പുറത്തു വന്നേ മതിയാകൂ. കാരണം ഒരു കുഞ്ഞിനെ പ്രസവിച്ചത് ഒരു 'അമ്മ മാത്രമാണ്. എത്ര ആക്ഷേപങ്ങൾ അവൻ കേൾപ്പിച്ചാലും ആ കുഞ്ഞിനെ വെട്ടിക്കീറാൻ , അതുകാണാൻ ഒരമ്മയ്ക്കും കഴിയില്ല. അത് വെളിപ്പെട്ടേ മതിയാകൂ. കാലം സത്യങ്ങൾക്കു മുന്നിൽ മറപിടിയ്ക്കാതെയിരിക്കട്ടെ..