സ്ത്രീയാക വയ്യ

x-default
SHARE

മതി എനിക്കിനി സ്ത്രീയാകേണ്ടതില്ല.

കൊതിയുടെ ലൈംഗിക ജ്വരം ബാധിച്ച

നിന്‍റെ കണ്ണുകളില്‍ നൂല്‍ബന്ധമറ്റ

എന്‍റെ സുന്ദര സ്വപ്നങ്ങളെയുടയ്ക്ക വയ്യ.

കാര്‍ക്കശ്യം കൊണ്ടടക്കി വച്ച നിന്‍റെ

ധാര്‍ഷ്ട്യത്തിനു മുന്നില്‍ തൊട്ടാവാടി

പോല്‍ കൂമ്പി നില്‍ക്കുവാനുമാകില്ല.

നിന്‍റെ കുടുക്കിനാല്‍ മുറുകിയ ജീവനും

കുറുകിയ ജീവിതത്തിനുമിടയില്‍,

കാത്തു കിടക്കുവാനാകില്ലിനിയെന്‍റെ

സ്വാതന്ത്ര്യങ്ങളുടെ നിരായുധ സമര

വീഥിയില്‍ നിന്‍റെ ചങ്കിടം തുളയ്ക്കും

വാക്കുകളെയ്യണമത്രമേലസഹ്യമാണ്.

പ്രഥമ രാത്രിയിലെ അടക്കമില്ലാത്ത

അന്വോഷണ ത്വരയില്‍ വെറുത്തുപോം

രതിസുഖങ്ങളിലമര്‍ന്ന പുഷ്പമായ്,

നിന്‍റെ സ്വാര്‍ത്ഥ ബീജങ്ങളെയുള്ളില്‍

പേറുമ്പോളിടക്കു സുഖശയ്യക്കസുഖ

ഗര്‍ഭാലസ്യം വിരസമാക്കുന്ന നിന്നാവേശ

പനിയെ താങ്ങുവാനാകാത്തയീ മേനി

മറന്ന് പെണ്ണാകുക വയ്യ ലോകമേ...

കൂര്‍ത്ത മുലകളില്‍ നിന്‍റെ ദാഹ യൗbനം

അമര്‍ത്തിയുടക്കുന്ന വികാര വേഗങ്ങള്‍

മാതൃഹൃദയത്തിലിരുള്‍ പടര്‍ത്തുമ്പോള്‍

ഊറുമൊഴുക്കിന്‍റെ മാംസമാകുക വയ്യ.

പ്രണയമില്ലാത്ത 

നിന്‍റെയുദാരമായ

ലൈംഗിക ക്രീഡകളിലുള്ളു പൊള്ളെ,

ശിലയായിനിയെത്രയഹല്ല്യ വര്‍ഷങ്ങള്‍

ശാപമോക്ഷത്തിനു മറ്റൊരു സമാനഹൃദയമുണ്ടാകണം.

നീലവര്‍ണ്ണങ്ങള്‍ മഞ്ഞ ലഹരികള്‍

സര്‍വ്വം മൊത്തിക്കുടിച്ചലറിയെത്തും

നിന്നിലേയ്ക്കു പടരുവാനാകില്ലിനിയൊരു

സീതയാകുവാന്‍ വയ്യ പിളര്‍ന്ന മണ്ണില്‍.

എന്നെയാര്‍ദ്രമായ് പ്രണയിച്ചു

പുണര്‍ന്നു പോയാലതു ദുഃസംശ്ശയം.

നിനക്കെന്തു ദുഃസ്വാതന്ത്ര്യമാണ്..

കീഴടക്കി കീഴടക്കി നീയാര്‍ജ്ജിച്ചതെല്ലാം,

ഭേദിച്ചു പ്രളയമായ് പ്രകൃതിയായ്..

നീ തീര്‍ത്ത മാംസകച്ചവട ശാലകളില്‍

അഭയാര്‍ത്ഥിയെപ്പോലെ തടവുകാരികള്‍..

നിന്‍റെ ബലിഷ്ടതയ്ക്കുള്ളില്‍

പാറാവു നിര്‍ത്തിയ കൊള്ളി വാക്കിന്‍

തടവില്‍ വര്‍ഷമായ് പെയ്തും..

കണ്ണീരും രജസ്വലയുമായിരുന്നവള്‍ക്ക്

കാമജ്വാലയില്‍ വാടിയിരിക്ക വയ്യ.

എന്നില്‍ സ്നേഹ ചലനം സൃഷ്ടിക്കാത്ത 

സ്വാര്‍ത്ഥ സ്പര്‍ശങ്ങളേ വിട..

തെരുവില്‍ നീ മണത്തു കശക്കിയെറിഞ്ഞ

കുഞ്ഞുപെണ്‍മുകുളങ്ങളെ കണ്ടിനി

മൂര്‍ശ്ചിക്കില്ല, യുദ്ധാരണത്തില്‍ നീറില്ല.

കാലമുരുളുമ്പോളിടിഞ്ഞു തൂങ്ങുന്ന

മാറിടങ്ങളും, പേറ്റുചിത്രം വരച്ച

അടിവയറും മാര്‍ദ്ദവമറ്റ മേനിയും

കാണെ നിന്നവജ്ഞകളേറ്റു വാങ്ങവയ്യ.

സമത്വമറ്റ സമൂഹമേ ഇരുപക്ഷമായ്

ശുദ്ധയുമശുദ്ധയുമായ് ബലിക്കൂട്ടില്‍

ഭക്തി കൊണ്ടു കൊത്തിച്ചും കത്തിച്ചും, 

ആര്‍ത്തവ ലഹളക്കു കുറി തൊടുമ്പോള്‍,

എന്‍റെ പെണ്‍ മക്കള്‍ക്കും മൂടു ചുവക്കാം..

നിന്‍റെ ഔദാര്യം കൊണ്ടളന്നിടങ്ങളില്‍

വെറും പെണ്ണായിരിക്ക വയ്യ...

സഹന സ്ത്രീയാക വയ്യ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA