Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയുടെ നാരായണീയം

mp-narayana-pillai എം.പി. നാരായണപിള്ള മലയാളത്തിൽ നിന്ന് ഇറങ്ങിപ്പോയിട്ട് ഇരുപതുവർഷം. പ്രിയപ്പെട്ടവരുടെ ഓർമകളിലൂടെ..

എള്ളോളം കള്ളമില്ലാതെ, പൊള്ളവാക്കുകളില്ലാതെ എഴുതിയും ജീവിച്ചും കടന്നുപോയ പച്ചമനുഷ്യനായിരുന്നു എം.പി. നാരായണപിള്ള. പിജിയും പികെവിയുമടക്കമുള്ളവരിലൂടെ പത്രപ്രവർത്തനത്തിലും രാഷ്ട്രീയത്തിലുമെല്ലാം നാം കണ്ട സൗമ്യമായ, മൃദുഭാഷിയായ ‘പുല്ലുവഴിച്ചിട്ട’യെ സാഹിത്യത്തിൽ നാരായണപിള്ള അട്ടിമറിച്ചു. കോളങ്ങളിലൂടെ കൊള്ളിമീനുകളെയ്യാൻ അദ്ദേഹം മടിച്ചില്ല. എല്ലാവരും ആഘോഷിച്ചതിനെ അദ്ദേഹം കൂസാക്കിയില്ല. എല്ലാ കീഴ്‌വഴക്കങ്ങളെയും പതിവുകളെയും തെറ്റിക്കുന്നതിൽ ഹരം കൊണ്ടു ഈ എഴുത്തുകാരൻ. 

പരിണാമത്തിന്റെ വഴികളിലും മനസ്സിന്റെ അകത്തളങ്ങളിൽ കുട്ടിച്ചാത്തനും ആനമറുതയ്‌ക്കും ഒറ്റമുലച്ചിക്കുമെല്ലാം ഇടമരുളി. ഭക്‌തിയും വിഭക്‌തിയും തരംപോലെ ഒരുമിച്ചു. മന്ത്രവാദിയായ മുത്തച്‌ഛൻ പുല്ലുവഴി ആശാന്റെ ഓർമ ആവേശിച്ചപ്പോഴൊക്കെ അദ്ദേഹം കഥകളിൽ അനുഭവത്തിന്റെ തീയിൽ ചുട്ട വാക്കിന്റെ കോഴികളെ പറപ്പിച്ചു. മരണത്തിലേക്കു കുഴഞ്ഞുവീണിട്ടു വർഷം ഇരുപതായെങ്കിലും മാറ്റമില്ലാതെ തുടരുകയാണ് മുംബൈ ബോറിവ്‌ലിയിലെ വീട്ടുകാരുടെയും വായനക്കാരുടെയും മനസ്സിൽ; മറവിയുടെ കടലാസ്സുപച്ചകൾ കൊണ്ടു മായ്‌ക്കാനാവാത്ത ഓർമയായി.

ബോറിവ്‌ലിയിലെ വീട്

നാരായണപിള്ളയ്‌ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു മുംബൈ ബോറിവ്‌ലിയിലെ വീട്. നീണ്ട അലച്ചിലുകൾ കൂടപ്പിറപ്പായിരുന്നെങ്കിലും കറങ്ങിത്തിരിയലുകൾക്കു ശേഷം വീട്ടിലെത്തി പുറത്തെ തെങ്ങിന്റെയും മാവിന്റെയും കേരളക്കാഴ്‌ചകൾ കണ്ട്, കസേരയിൽ ചായയും കുടിച്ചിരിക്കുന്നതിന്റെ സുഖം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. കഥാപുരുഷൻ അരങ്ങൊഴിഞ്ഞ ഈ വീട്ടിലിപ്പോൾ മൂന്നുപേരാണ്. ഭാര്യ പ്രഭാ നാരായണപിള്ളയും മക്കളായ മാധവൻകുട്ടി പിള്ളയും ബാലകൃഷ്‌ണപിള്ളയും.

madhavan മാധവൻ കുട്ടി പിള്ള, പ്രഭാ പിള്ള, ബാലകൃഷ്ണ പിള്ള

കുട്ടിക്കാലത്ത് സാരോപദേശ കഥകൾക്കു പകരം മെഡൂസയുടെയും ഡോബസിന്റെയും ഹൊറർ കഥകൾ പറഞ്ഞ് അച്‌ഛൻ പേടിപ്പെടുത്താറുള്ളത് ഓപ്പൺ മാഗസിനിൽ പത്രപ്രവർത്തകനായ മാധവന്റെ ഓർമയിലുണ്ട്. പക്ഷേ അച്‌ഛനെക്കുറിച്ചുള്ള മാധവന്റെ ഏറ്റവും ഹൃദ്യമായ ഓർമ നാവിന്റെ രസമുകുളങ്ങളിൽ രുചിയുടെ കപ്പലോടിക്കുന്ന ‘പാവ് ഭാജി’യുടേതാണ്. നാരായണപിള്ള പരിണാമമെഴുതുന്ന കാലം. മാധവനന്നു സ്‌കൂളിൽ പഠിക്കുന്നു. വാരികയിലേക്ക് നോവലിന്റെ ഓരോ അധ്യായവും അയയ്‌ക്കുന്നതിനു മുൻപു ഫോട്ടോസ്റ്റാറ്റെടുത്തു വരേണ്ട ചുമതല മാധവനായിരുന്നു. ആ ഉദ്ദിഷ്‌ടകാര്യത്തിനുള്ള ഉപകാരസ്‌മരണയായിരുന്നു പാവ് ഭാജിയെന്ന രുചി വിഭവം. എന്നാൽ മാധവനൊരിക്കലും ആ നോവൽ വായിച്ചിട്ടില്ല. മലയാളം ഒഴുക്കോടെ വായിക്കാനാവാത്തതാണ് തടസ്സം.

മോഷണമല്ല പരിണാമം

പരിണാമം മോഷണമാണെന്നും മൗലികമല്ലെന്നുമുള്ള ആരോപണങ്ങൾക്ക് ഒരുവിധത്തിലുള്ള അടിസ്‌ഥാനവുമില്ലെന്ന് മാധവൻ ഉറപ്പിച്ചു പറയുന്നു. പാവ് ഭാജിയോടുള്ള നന്ദികൊണ്ടല്ല അത്. ‘അച്‌ഛൻ അൽപ്പം പോലും പ്ലാൻ ചെയ്‌ത് എഴുതിയ നോവലല്ല പരിണാമം. വ്യാഴാഴ്‌ച ഉച്ചതിരിയുമ്പോഴേക്കും നോവലിന്റെ അധ്യായം വാരികയിലേക്ക് അയയ്‌ക്കണം. അന്നു രാവിലെയാണ് അച്‌ഛൻ അത് എഴുതാനിരിക്കുക. ഇനി എന്താണെഴുതുക എന്നതിനെക്കുറിച്ച് അച്‌ഛൻ ചിന്തിച്ചിട്ടു കൂടിയില്ല. അന്നേരം തോന്നുന്നത് അങ്ങെഴുതുകയായിരുന്നു. ഏതോ പുസ്‌തകത്തിൽനിന്ന് പകർത്തിയതാണ് പരിണാമം എന്ന ആരോപണത്തിന് ഞാൻ യാതൊരു വിലയും കൽപ്പിക്കാത്തത് അതുകൊണ്ടാണ്. എഴുതാനുള്ള പ്രചോദനംകൊണ്ടുമാത്രം എഴുതിയ പുസ്‌തകമാണത്’.

സൂര്യനു കീഴിലുള്ള എല്ലാം

‘കുട്ടികൾക്ക് അച്‌ഛനെ വലിയ ഇഷ്‌ടമായിരുന്നു. കാരണം അച്‌ഛനൊരിക്കലും കുട്ടികളെ കുട്ടികളായി കണ്ടില്ല. രസിപ്പിക്കാനുള്ള വിദ്യകൾ എപ്പോഴും അദ്ദേഹം പുറത്തെടുത്തു. എന്തു പ്രശ്‌നവുമായി അച്‌ഛന്റെ അടുത്തു ചെന്നാലും പരിഹാരം ഉണ്ടാകും. പ്രതിസന്ധികൾ പരിഹരിക്കാൻ അദ്ദേഹം മിടുക്കനായിരുന്നു’. തന്നോടുതന്നെ സംസാരിച്ചുകൊണ്ടു നടക്കുന്ന, കസേരയിലിരുന്നു ഡിക്‌റ്റേറ്റ് ചെയ്യുന്ന അച്‌ഛനാണ് മാധവന്റെ ഓർമയിൽ. അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ട് എന്നതിന് അർഥം അതിനെയെല്ലാം വെറുത്തിരുന്നു എന്നല്ല.

‘‘ജീവിതത്തിന്റെ അവസാനകാലത്ത് അച്‌ഛൻ മൗനത്തിലേക്ക് ഉൾവലിഞ്ഞിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നം അലട്ടിയിരിക്കണം. അക്കാലത്ത് ഞങ്ങൾക്ക് അച്‌ഛനുമായുള്ള ആശയവിനിമയ ബന്ധം മുറിഞ്ഞുപോയി. അല്ലായിരുന്നെങ്കിൽ ഒരു ഹൃദ്രോഗ വിദഗ്‌ധനെ കാണേണ്ടതിന്റെ ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്താനായേനെ. കോളജിൽ പഠിക്കുന്ന സമയത്ത് സ്‌ഥിരമായി അച്‌ഛനോടൊപ്പം നടക്കാൻ പോകുമായിരുന്നു, സൂര്യനു കീഴിലുള്ള എല്ലാത്തിനെയും കുറിച്ചു സംസാരിച്ചുകൊണ്ട്’’ - മാധവൻ അച്‌ഛനെക്കുറിച്ചുള്ള ഓർമകളുടെ വഴുക്കുന്ന വരമ്പിലൂടെ നടക്കുന്നു.