Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തെ കുറിച്ച് എഴുതുന്നവർ തല്ലിച്ചതയ്ക്കപ്പെടേണ്ടവരോ?

collage ദൈവത്തിന്റെ പേരിൽ നിലത്തു കിടന്നു ഉരുളാനുള്ളതല്ല എഴുത്തുകാരന്റെ തലകൾ, വലിച്ചു കീറപ്പെടാനുള്ളതല്ല അവന്റെ എഴുത്തുകൾ, പ്രസ്തുത കഥകയിലെ ആശയം എന്താണെന്നു പോലും നോക്കാതെ ഒരു പേരിന്റെ പുറകിൽ മതഭ്രാന്ത് കാട്ടുന്നവർ തീർച്ചയായും വിചിന്തനം ചെയ്യേണ്ടതുണ്ട്.

പുസ്തകപ്രകാശനം നടക്കുന്നതിനു മുൻപ് തന്നെ എഴുത്തുകാരൻ അതിന്റെ പേരിൽ തല്ലി ചതയ്ക്കപ്പെടുക, പുസ്തകത്തിന്റെ തലക്കെട്ടിലുള്ള ദൈവത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ  അയാൾ ആശുപത്രിയിലാവുക... കേരളത്തിൽ തന്നെ ഇത് സംഭവിച്ചു എന്നുള്ളിടത്താണ് ഭയപ്പാടുകൾ ഏറി വരേണ്ടത്. ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന കഥയുടെ പേരിൽ പി. ജിംഷാർ എന്ന നവ എഴുത്തുകാരനാണ് ആക്രമണത്തെ നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയ ഒന്നാകെ ജിംഷാറിന് അനുകൂലമായ പോസ്റ്ററുകൾ കൊണ്ട് നിറയുകയാണ്. കേരളത്തിന് പുറത്തു പെരുമാൾ മുരുകൻ എന്ന നോവലിസ്റ്റിനു മതനേതാക്കന്മാരിൽ നിന്ന് അനുഭവിക്കേണ്ടി വന്നത് തികച്ചും മാനസികമായ വെല്ലുവിളികൾ ആയിരുന്നെങ്കിൽ ജിംഷാർ ശാരീരികമായും ഇത്തരം ഭ്രാന്തുകളുടെ അടിമയായെന്നു പറയാം. 

ഡി സി ബുക്ക്സ് പുറത്തിറക്കുന്ന ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’  എന്ന പുസ്തകത്തിൽ ഇതേ പേരുള്ളതടക്കമുള്ള കഥകളാണുള്ളത്. ഓഗസ്റ് 5 നാണു ഈ കഥാസമാഹാരത്തിന്റെ പ്രകാശനചടങ്ങ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ കഥ നേരത്തെ വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. പുതിയ പുസ്തകത്തിന്റെ കവർ ചിത്രം വാട്സാപ്പ്  പ്രൊഫൈൽ ചിത്രമാക്കിയതിനെ തുടർന്ന് തനിക്ക് വാട്സ്ആപ്പിൽ ഭീഷണി വന്നിരുന്നതായി ജംഷീർ പറയുന്നുണ്ട്. ഒരു ബന്ധുവിനെ കണ്ടിട്ട് മടങ്ങുംവഴിയാണ് പരിചയഭാവത്തിൽ അടുത്ത് കൂടിയ ആൾ പെട്ടെന്ന് അക്രമാസക്തനായത്. ഇയാളോടൊപ്പം കുറച്ചുപേർ കൂടി വന്നെത്തുകയും ജിംഷാറിനെ പൊതിരെ തല്ലുകയുമായിരുന്നു. ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണ്. ഉപദ്രവിക്കാൻ വന്നവർ പുസ്തകത്തിന്റെ പേരിനെ കുറിച്ച് ചോദിച്ചുകൊണ്ടാണ് മർദ്ദിച്ചതെന്ന് ജിംഷാർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

എന്തുകൊണ്ടാണ് എഴുത്തുകാർ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത്? മതങ്ങൾക്കെതിരെയും വിശ്വാസങ്ങൾക്കെതിരെയും തൂലിക ചലിപ്പിക്കുക എന്നതിന്റെ അർത്ഥം അവർ ഈ ലോകത്തു ജീവിക്കാൻ യോഗ്യരായവരല്ലാ എന്ന് തീരുമാനിക്കുന്നവർ ആരാണ്? മനസ്സാക്ഷിയുടെ കോടതിയിൽ നിന്ന് ഒരു മതവിഭാഗത്തിൽ പെട്ടവർക്കും ഈ ചോദ്യങ്ങളിൽ നിന്നൊന്നും രക്ഷപെടാനാകില്ല. കൽബുർഗിയുടെ വധവും രാജ്യമൊട്ടാകെ എഴുത്തുകാർ നേരിടുന്ന ഭീഷണികളും പെരുമാൾ മുരുകന് നേരിട്ട അപമാനവും ഒന്നും ചർച്ച ചെയ്യപ്പെടാതെ ഇരിക്കേണ്ടവയല്ല. ഇവിടെയാണ് ആവിഷ്കാര സ്വാതന്ത്ര്യം എന്ന വാക്കുകൾ ചോദ്യം ചെയ്യപ്പെടുന്നതും ചർച്ചയാക്കപ്പെടേണ്ടതും.

പലപ്പോഴും പ്രസ്തുത സാഹിത്യം വായിച്ചിട്ടോ അതിലെ സാരാംശം ചർച്ച ചെയ്യപ്പെട്ടിട്ടോ ഒന്നുമായിരിക്കില്ല ഇത്തരം നിരോധനങ്ങൾ നിലവിൽ വരുന്നത്, മറിച്ചു ഒരു പേരിലോ ചിത്രങ്ങളിലോ വരുന്ന തെറ്റിദ്ധാരണയുടെ പുറത്താവാം മിക്കപ്പോഴും അനാവശ്യ ചർച്ചകൾ മുന്നേറുന്നതും കാടടച്ചു വെടി വയ്ക്കുന്നതും ഒടുവിൽ ഇരകളാക്കപ്പെടുന്നവർ എഴുത്തുകാരുമായിപ്പോകുന്നു. 

പി. ജിംഷാർ യുവ എഴുത്തുകാരിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയാണ്. നോവൽ, ചെറുകഥകൾ തുടങ്ങി എന്തും വഴങ്ങുന്ന പ്രതിഭയുള്ള എഴുത്തുകാരനാണെന്നാണ് വായനക്കാരായ സുഹൃത്തുക്കൾ ജിംഷാറിനെ അടയാളപ്പെടുത്തുന്നത്. എഴുത്തിന്റെ വ്യത്യസ്തമായ വഴികളിലൂടെയാണ് ജിംഷാർ സഞ്ചരിക്കുന്നതും. പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥ പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിലെ ഒരു ഏട് എന്ന നിലയിലും പുസ്തകത്തിന്റെ പേര് അതായതിന്റെ പേരിലുമാണ് ഇപ്പോൾ എഴുത്തുകാരൻ മർദ്ദിക്കപ്പെട്ടതെങ്കിൽ ഒരു ചോദ്യം അവശേഷിക്കുന്നു, ദൈവങ്ങളെ കുറിച്ച്, ദൈവങ്ങളുടെ നാമങ്ങളെ കുറിച്ച് പോലും എഴുത്തുകാരൻ മിണ്ടാൻ പാടില്ല എന്ന കർശനമായ ഒരു ശാസന ഇന്നത്തെ കാലത്തുണ്ടോ?

ദൈവത്തെ കുറിച്ച് എഴുതുന്നവരോ വരയ്ക്കുന്നവരോ ഒക്കെ മർദ്ദിക്കപ്പെടാനും മരിക്കാനും ഉള്ളവരാണെന്ന മിഥ്യബോധം രാജ്യത്തെ എത്ര നൂറ്റാണ്ടുകൾ പിന്നോട്ട് കൊണ്ട് പോകുന്നു? അടിയന്തരാവസ്ഥക്കാലത്തെ അതികഠിനമായ സർക്കാർ നിലപാടുകൾ പോലെ ദൈവത്തോടുള്ള നിലപാടുകളും കർശനമാക്കപ്പെടുന്ന ഒരു ലോകത്തെ ഭീതിയോടെയേ കാണാൻ കഴിയൂ. പെരുമാൾ മുരുകന് വേണ്ടിയും കൽബുർഗിയ്ക്കു വേണ്ടിയും ജോസഫ് സാറിനു വേണ്ടിയുമൊക്കെ പ്രതികരിച്ച ആർജ്ജവമുള്ള വായനാ സമൂഹം ജിംഷാറിന് വേണ്ടിയും പ്രതികരിക്കേണ്ടതുണ്ട്.

മതത്തിന്റെ പേരിൽ, ദൈവത്തിന്റെ പേരിൽ നിലത്തു കിടന്നു ഉരുളാനുള്ളതല്ല എഴുത്തുകാരന്റെ തലകൾ, വലിച്ചു കീറപ്പെടാനുള്ളതല്ല അവന്റെ എഴുത്തുകൾ, പ്രസ്തുത കഥകയിലെ ആശയം എന്താണെന്നു പോലും നോക്കാതെ ഒരു പേരിന്റെ പുറകിൽ മതഭ്രാന്ത് കാട്ടുന്നവർ തീർച്ചയായും ഭീതി ഉണ്ടാക്കുന്നുണ്ട്. മികച്ച സംസ്കാരമുള്ള ഒരു സമൂഹം നഷ്ടപ്പെടുന്നതോർത്തു വേദനയും.