Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഗതകുമാരി പറഞ്ഞതെന്ത്, വളച്ചൊടിച്ചത് ആര് ?

sugathakumari-hanumanthappa

എഴുത്തിനിടയിൽ നിന്നും ചൂണ്ടിയെടുക്കപ്പെട്ട വരികളെ ചൊല്ലി ഇതിനു മുൻപും കോലാഹലങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. എല്ലാ പത്രങ്ങളുടെയും ശനിയാഴ്ച താളുകളിൽ പ്രശസ്തരുടെ വാചകങ്ങൾ ആഘോഷങ്ങളായി കൊണ്ടാടപ്പെടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം അതിലൊന്ന് സോഷ്യൽ മീഡിയ ഏറെ ചർച്ചയാക്കുകയും ചെയ്തിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികളെ കുറിച്ചു എഴുത്തുകാരി സുഗതകുമാരി നടത്തിയ പ്രസ്താവനയെ കുറിച്ചായിരുന്നു അത്. 

"കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റം. സാംസ്കാരികമായി വൻദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ട് ചെന്നെത്തിക്കുക. നമുക്ക് സാംസ്കാരികമായി ഒരുതരത്തിലും പൊരുത്തപ്പെടാൻ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്. വിദ്യാഭ്യാസനിലവാരം കുറഞ്ഞവർ മാത്രമല്ല ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണ് ഇവരിലധികവും. അവർ ഇവിടെ വീടും വച്ച്, ഇവിടെ നിന്ന് കല്യാണവും കഴിച്ചു ഇവിടുത്തുകാരായി മാറും" . ഈ വാചകങ്ങളെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റവുമധികം ചർച്ചകൾ നടത്തിയത്. മാനവികതയുള്ള ഒരു എഴുത്തുകാരിയ്ക്ക് ചേരുന്ന വരികളായിരുന്നില്ല അതെന്ന് പല സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും എഴുതുന്നു. സാംസ്കാരികമായ അധഃപതനം  എന്ന വാക്കുകളെ വംശീയമായ സുഗതകുമാരിയുടെ ആശയങ്ങൾ എന്ന വായനയിലൂടെയാണ് സ്വീകരിക്കപ്പെട്ടതും. പിറ്റേന്ന് തന്നെ മറുപടിക്കുറിപ്പും ഒപ്പം തിരുത്തുമായി സുഗത ടീച്ചർ നേരിട്ട് എത്തുകയും ചെയ്തു. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ്, "ആ ഭാഷ എന്റേതായിരുന്നില്ല" എന്നാണു എഴുത്തുകാരി ഈ വിഷയത്തിൽ പ്രതികരിച്ചത്. 

അന്യസംസ്ഥാനത്തൊഴിലാളികളുടെ പ്രവാഹം അതിരു കവിയുന്നു എന്നുള്ളത് ശരിയാണെങ്കിലും അത് നമ്മുടെ സംസ്കാരത്തിന് ഉടവ് തട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസവും സംസ്കാരവുമില്ലാത്ത ക്രിമിനലുകളാണെന്നും പറയാനുള്ള വിവരമില്ലായ്മ തനിക്കില്ലെന്നും സുഗതകുമാരി പറയുന്നു. തിരക്കുപിടിച്ച കേരളം പോലെയൊരു കൊച്ചു നാടിനു പരിധിയിലധികം എണ്ണത്തിൽ കൂടുന്ന അന്യസംസ്ഥാനക്കാർ ഒരു ബാധ്യതയാണ്. അവർക്കാവശ്യമുള്ള ഭക്ഷണമുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ മതിയായ രീതിയിൽ നൽകാനുള്ള കഴിവ് കേരളത്തിനുണ്ടോ, മാത്രമല്ല ജിഷ കേസിൽ വരെ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം സ്ഥിതീകരിക്കുമ്പോൾ ഇവരിൽ ക്രിമിനലുകളുമെണ്ടെന്നു സംശയിക്കേണ്ടതുണ്ട് എന്നിങ്ങനെയാണ് താൻ അഭിപ്രായപ്പെട്ടതെന്നാണ് സുഗത ടീച്ചർ നൽകുന്ന ന്യായീകരണം.

വാക്കുകളെ അതിന്റെ അർത്ഥം എന്താണെന്ന് തിരക്കാതെ കാളപെറ്റെന്ന് കേട്ട മാത്രയിൽ കയറെടുക്കുന്ന പ്രതികരണ തൊഴിലാളികൾ മാത്രമായി പോവുകയാണ് മിക്കപ്പോഴും സോഷ്യൽ മീഡിയ എന്ന് സുഗതകുമാരിയുടെ അനുഭവം മുതൽ നിരവധി പേരുടെ കേസുകൾ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയവും മതവും നോക്കി മാത്രം പ്രതികരണ ശേഷി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും സോഷ്യൽ മീഡിയ വായിക്കുന്നു, എന്നുള്ളത് ഭീതിയോടെ നോക്കിക്കാണേണ്ട ഒരു സംഗതി തന്നെയാണ്. ഒരു പ്രത്യേക രാഷ്ട്രീയ -മത സാഹചര്യത്തിൽ താൽപ്പര്യം തോന്നിയ ഒരാളുടെ വാചകങ്ങൾ പിന്നെ അതുമായി ബന്ധപ്പെടുത്തി മാത്രം വായിക്കുക അവരെ കൂട്ടായി മറുപക്ഷം ഏറ്റവും മോശമായ തരത്തിൽ അപമാനിക്കുക എന്നതും ധാരാളമായി ഇപ്പോൾ നടന്നു വരുന്നുണ്ട്. സുഗതകുമാരി എന്ന എഴുത്തുകാരി ഇവിടെ ആദ്യത്തെയോ അവസാനത്തെയോ ഇരയല്ല. കഴിഞ്ഞ മാസമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ ഇത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും എഴുത്തുകാരൻ മാനവികത നഷ്ടപ്പെട്ടവനായി മുദ്രകുത്തപ്പെട്ടതും.

ഒരു വലിയ എഴുത്തിൽ നിന്ന് കൃത്യമായ ആശയങ്ങളുള്ള ചെറു വരികളെ അടർത്തിയെടുക്കുമ്പോൾ പലപ്പോഴും ആ വരികൾ ആ മുഴുവൻ ആശയങ്ങളെയും പേറുന്നതായിക്കൊള്ളണമെന്നു പ്രത്യേകിച്ച് യാതൊരു നിർബന്ധവുമില്ല. ഒരുപക്ഷെ വലിയൊരു പാരഗ്രാഫിന്റെ നേർ വിപരീത അർത്ഥ്ങ്ങൾ വന്നേക്കാവുന്ന വാചകങ്ങളുമാകും ഒരുപക്ഷെ അവ ഒറ്റയ്ക്ക് നിൽക്കുമ്പോൾ. ഇത്തരം അബദ്ധങ്ങൾ സംഭവിച്ചവർ നിരവധിയുണ്ട് ചരിത്രത്തിൽ. എന്നാൽ സോഷ്യൽ മീഡിയയുടെയും കമന്റ് തൊഴിലാളികളുടെയും അതിപ്രസരത്തോടെ ഇത്തരം വേർതിരിക്കപ്പെട്ട വാചകങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും അതിനില്ലാത്ത അർത്‌ഥങ്ങളിൽ ചർച്ചകൾ മുന്നേറുകയും ചെയ്യുന്നത് ഇന്നത്തെ കാലത്തിന്റെ ശീലങ്ങളിലൊന്നാണ്. എഴുത്തുകാരൻ നേരിട്ട് പറഞ്ഞാൽ പോലും ഒരുപക്ഷെ ചർച്ചകൾ അവസാനിക്കപ്പെടുകയോ അതിൽ ഒരു മാപ്പു പോലും അസഭ്യം പറഞ്ഞവരുൾപ്പെടെ മറുപടിയായി നൽകുകയോ ചെയ്യാറുമില്ല. ഒരു വാചകം കേട്ട പാടെ കേൾക്കാത്ത പാടെ അതിനെ കീറി മുറിച്ച് വിവാദങ്ങളുണ്ടാക്കുന്നവർ പലപ്പോഴും എന്താണ് വാചകത്തിന്റെ സത്യാവസ്ഥ എന്ന് അന്വഷിക്കാറില്ല. ആദ്യം തനിയ്ക്ക് അത് ചർച്ചയാക്കണം എന്ന താൽപര്യത്തിൽ അന്വേഷണങ്ങൾ ആരംഭിക്കുകയും തെറ്റാണെന്നു അറിഞ്ഞാൽ പോലും ചർച്ചകൾ തുടരുകയും ചെയ്യും. 

സുഗതകുമാരി എന്ന എഴുത്തുകാരിയുടെ മാനവികതയെ കുറിച്ച് ചർച്ചകൾ നടത്തേണ്ട കാര്യമില്ല. പരിസ്ഥിതിയെ കുറിച്ചും മാനുഷികതയെ കുറിച്ചും നിറയെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തി എന്നതിനപ്പുറം കാലം മാറുമ്പോൾ എഴുത്തുകാരി എവിടെ വേണമെങ്കിലും ചെന്ന് നിൽക്കട്ടെ. അതിൽ സത്യമോ അസത്യമോ തിരയേണ്ടതില്ല. എഴുത്തുകാരി എന്ന നിലയിലുള്ള വാക്കുകൾ തന്നെയാണ് സത്യം, അതിലാണ് അവരെ തിരയേണ്ടതും. 

അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്ന വിധത്തിൽ കേരളം പോലെയൊരു സംസ്ഥാനത്ത് വർദ്ധിക്കുന്നു എന്നത് അപകടകരമായ ഒരു സത്യമാണ്. ജിഷ കേസ്സു പോലെയുള്ള ക്രിമിനൽ സംഭവങ്ങൾ വെളിപ്പെടുത്തുന്നത് അവരിൽ ക്രിമിനൽ സ്വഭാവമുള്ളവരും വല്ലാതെ വർദ്ധിക്കുന്നു എന്നതാണ്. ഈയടുത്ത നടത്തിയ ഒരു സർവ്വേയിൽ കേരളത്തിൽ ഏറ്റവുമധികം മയക്കുമരുന്ന് എത്തുന്നതും ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ വഴിയാണ് എന്നതും കേൾക്കുന്നു. തീർച്ചയായും സ്വന്തം മണ്ണിൽ പണിയെടുക്കാനുള്ള മലയാളിയുടെ മടിയുള്ള ശീലങ്ങളിലേക്കാണ് ദൈവദൂതന്മാർ പോലെ കുറഞ്ഞ കൂലിയ്ക്ക് കുറഞ്ഞ സൗകര്യങ്ങൾക്ക് അന്യസംസ്ഥാന തൊഴിലാളികൾ എത്തുന്നത്. ഈ വിഷയത്തിൽ ഇനിയും ആഴമേറിയ പഠനം നടത്തേണ്ടിയിരിക്കുന്നു എന്ന സത്യം നിലനിൽക്കുമ്പോൾ തന്നെ സുഗതകുമാരിയുടെ പ്രസ്തുത വരികൾ കൃത്യമായി അടയാളപ്പെടുത്തിയതാകുന്നു. വംശീയ വെറിയുള്ള ചില വാക്കുകൾ തന്റേതല്ലെന്നു എഴുത്തുകാരി വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് ഇനിയെങ്കിലും കാള പെട്ടെന്ന് കേട്ടാൽ കയറെടുക്കുന്ന ഈ പ്രതികരണ സ്വഭാവം നിർത്തുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയ മലയാളികൾ ആലോചിക്കുന്നത് നന്നായിരിക്കും! 

Your Rating: