വരൂ, അപ്പുവിന്റെ അദ്ഭുത ലോകത്തേക്ക്

വിഷ്‌ണുദത്തന് അതു പുതുമയുള്ള സമ്മാനമായിരുന്നു – ഒരു പുസ്‌തകം. കോട്ടയത്തു പോയിവന്നപ്പോൾ അച്‌ഛനാണതു കൊണ്ടുവന്നത്. പുസ്‌തകത്തിന്റെ പേരിൽത്തന്നെ പുതുമയുണ്ടായിരുന്നു: വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകം.

പ്രഫ. എസ്. ശിവദാസിന്റെ പ്രശസ്‌ത രചന. സ്‌കൂൾ വിദ്യാർഥിയായ വിഷ്‌ണു വായന തുടങ്ങി; എന്നെങ്കിലും വായിച്ചുതീരുമെന്ന പ്രതീക്ഷയോടെ. വായന തീർന്നപ്പോൾ പുതിയൊരു ലോകം കൺമുന്നിൽ വിടർന്നുവന്നു. അതുവരെ കണ്ടിട്ടും കാണാതെപോയ, ശ്രദ്ധിക്കാതിരുന്ന കാഴ്‌ചകളിലേക്ക് കണ്ണുകൾ തുറന്നു.

മുറിയിൽനിന്നു മുറ്റത്തേക്കും ചുറ്റുപാടുകളിലേക്കും ഇറങ്ങി. പക്ഷികൾ, മൃഗങ്ങൾ, ചെടികൾ, പൂക്കൾ...ഒരോ കാഴ്‌ചയിലും അദ്ഭുതം ഒളിച്ചുവച്ചിരിക്കുന്ന പ്രകൃതി അവനെ മാടിവിളിച്ചു. വായിച്ചാലും വായിച്ചാലും തീരാത്ത, കണ്ടാലും കണ്ടാലും മതിവരാത്ത പുസ്‌തകമാണു പ്രകൃതിയെന്ന് വിഷ്‌ണു തിരിച്ചറിഞ്ഞു.

പ്രകൃതിനിരീക്ഷണവും പക്ഷിനിരീക്ഷണവും വിഷ്‌ണുവിന്റെ പ്രിയപ്പെട്ട ഹോബികളായി. പ്രകൃതിയെ നിരീക്ഷിച്ചപ്പോൾ മനുഷ്യരിലും ധാരാളം നിരീക്ഷിക്കാനുണ്ടെന്നു മനസ്സിലായി. അങ്ങനെയാണ് അടുത്ത വീട്ടിലെ കൊച്ചുകുട്ടിയായ അപ്പുവിനെ വിഷ്‌ണു ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഒരു കൊച്ചുകുട്ടിക്കു ചുറ്റും കാണുന്നതെല്ലാം അദ്ഭുതങ്ങളാണ്. എല്ലാ കാഴ്‌ചകളും അപ്പുവിൽ കൗതുകം ഉണർത്തി. ഉള്ളിൽ തോന്നിയ സംശയങ്ങൾ അവൻ മറ്റുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നു. പട്ടിയും പൂച്ചയും പൂമ്പാറ്റയും പ്രകൃതിയിലെ സകല ചരാചരങ്ങളും അവന്റെ കൂട്ടുകാരായിരുന്നു. അപ്പു അവയോടെല്ലാം ഇണങ്ങിച്ചേർന്നു.

അവന്റെ കുരുന്നുമനസ്സിലെ കൗതുകങ്ങളും സന്തോഷങ്ങളും വികൃതികളും വിഷ്‌ണു കുറിച്ചുവയ്ക്കാൻതുടങ്ങി. ഒടുവിൽ അതിന് ഒരു നോവലിന്റെ രൂപമായി. അതാണ് അപ്പുവിന്റെ അദ്ഭുതലോകം. സ്‌കൂൾ വിദ്യാർഥിയായ എസ്. വിഷ്‌ണുദത്തന്റെ പ്രഥമ നോവൽ.

വിഷ്‌ണുവിന്റെ വീടിന്റെ അടുത്തുള്ള ചെറിയ കുട്ടിയാണ് അപ്പു. കൊച്ചു മിടുക്കൻ. കുറ്റിമുടി. വണ്ണം കുറഞ്ഞ ശരീരം. ചെറിയ ചെവി. മുൻനിര പല്ലുകളെല്ലാം പുഴു തിന്നത്. വട്ടമുഖം. കടുകു പൊട്ടുന്നതുപോലുള്ള ചിരി. ഇതാണവന്റെ ഏകദേശ രൂപം.

ഒരിക്കൽ അപ്പു റബർത്തോട്ടത്തിലൂടെ നടക്കുകയായിരുന്നു. അവനു തോട്ടത്തിലെ കാഴ്‌ചകൾ നന്നേ രസിച്ചു. അതുകൊണ്ടു വഴിയിൽ ഉണ്ടായിരുന്ന ഉരുളൻകല്ലുകൾ കണ്ടില്ല. അതിലൊന്നിൽ ചവിട്ടി താഴെവീണു. പുഴു തിന്നതായിരുന്നതിനാൽ രണ്ടു പല്ലുകൾ ഒടിഞ്ഞുതൂങ്ങി. അവൻ അതു പറിച്ചുകളഞ്ഞു. ഇതാണവന്റെ ഏകദേശ പ്രകൃതം.

അപ്പുവിന്റെ കൗതുകങ്ങളും വികൃതികളും നിരീക്ഷിക്കുന്നതു വിഷ്‌ണുവിനു രസമായിരുന്നു. വിഷ്‌ണു അവയെപ്പറ്റി എപ്പോഴും മറ്റുള്ളവരോടു പറയുമായിരുന്നു. ആറാം ക്ലാസിലെ വേനലവധിക്കാലത്ത് അച്‌ഛൻ അവനൊരു ഡയറി സമ്മാനിച്ചു. അതിലാണ് വിഷ്‌ണു അപ്പുവിന്റെ വികൃതികൾ രേഖപ്പെടുത്താൻ തുടങ്ങിയത്. പകലൊക്കെ അപ്പുവുമൊത്തു കളികളാണ്.

വൈകുന്നേരങ്ങളിൽ അപ്പുവിന്റെ ഓരോരോ കഥകൾ കുറ്റിപ്പെൻസിൽകൊണ്ട് വിഷ്‌ണു ഡയറിയിൽ എഴുതി. ഇടക്കാലത്ത് കളിക്കിടയിൽ വിഷ്‌ണുവിന്റെ കൈ ഒടിഞ്ഞു. അപ്പോൾ എഴുതാൻ പറ്റാതെയായി. വിഷ്‌ണു പറഞ്ഞുകൊടുക്കുന്ന കഥകൾ ചേച്ചി മോനുവോ, അനിയൻ കുഞ്ഞായിയോ പകർത്തിയെഴുതി.

കുട്ടിക്കാലത്തുതന്നെ അപ്പു ഹിന്ദി പഠിച്ചത് എങ്ങനെയെന്ന് അറിയണ്ടേ ? വിഷ്‌ണു എഴുതിയതു വായിക്കൂ.ക്രിസ്‌മസ് ദിവസം രാവിലെതന്നെ അപ്പു ഞങ്ങളുടെ വീട്ടിൽ വന്നു. ഞാൻ ഉറങ്ങുകയായിരുന്നു. അതുകൊണ്ട് അപ്പു കുഞ്ഞായിയുടെ കൂടെ കഥ വായിക്കാൻതുടങ്ങി. പിന്നീടു കുഞ്ഞായിയും അപ്പുവും കൂടി കളിക്കാൻതുടങ്ങി.

ഒരു കഥാപുസ്‌തകത്തിൽ സിംഹത്തിന്റെ ഗുഹയിലേക്കു വഴി വരയ്‌ക്കാനുണ്ടായിരുന്നു. അപ്പു വരച്ചുകൊണ്ടിരിക്കെ കുഞ്ഞായി ഒരു കാര്യം മനസ്സിലാക്കി. അപ്പുവിന് ഹിന്ദി അറിയാം. കുഞ്ഞായിക്ക് അദ്ഭുതമായി. ഇവനെങ്ങനെ ഹിന്ദി അറിയാം.

ഞാൻ ഛോട്ടാഭീം കണ്ടിട്ടുണ്ട്: അപ്പു പറഞ്ഞു. അപ്പോൾ മോനു ചോദിച്ചു: തുമാരാ നാം ക്യാ ഹേ ? മേരാ നാം അപ്പു ഹും: അപ്പു പറഞ്ഞു. അപ്പു നല്ലപോലെ ഹിന്ദി പറയുന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.

പിന്നീടൊരിക്കൽ വന്നപ്പോൾ അപ്പു എല്ലാവരോടും ഹിന്ദിയിൽ കുറേ സംസാരിച്ചു. ഹിന്ദി പഠിക്കാത്ത അപ്പുവിന്റെ ഹിന്ദിയിലുള്ള ചോദ്യങ്ങൾ കേട്ട് കുഞ്ഞായിക്കുപോലും ഉത്തരം മുട്ടി. അപ്പു ഒരു വിദ്വാനാണെന്ന് അന്ന് ഞങ്ങൾക്കു മനസ്സിലായി. അപ്പുവിനെയും വിഷ്‌ണുവിനെയും പരിചയപ്പെടണ്ടേ. അപ്പുവിന്റെ അദ്ഭുതലോകത്തെ മറ്റു കഥകളും അറിയണ്ടേ ? വിഷ്‌ണുവിന്റെ നോവൽ ‘അപ്പുവിന്റെ അദ്ഭുതലോകം’ കയ്യിലെടുത്തോളൂ...നമുക്കു വായിക്കാം...