മുന്തിരിവീഞ്ഞു നുരഞ്ഞൊരു രാത്രി…

മറ്റക്കരയിലെ സാങ്കേതിക വിദ്യാഭ്യാസകാലം ഒരു പഞ്ഞിമിട്ടായിപോലെ ആയിരുന്നു... ഞൊടിയിടയിൽ തീർന്നു... മൂന്നാം വർഷം വന്നു... കൂടെ ഒടുങ്ങാത്ത വിഹ്വലതകളും... പ്രത്യേകിച്ചും കലാലയജീവിതം അഭയവും രക്ഷപ്പെടലും ആയിക്കണ്ടിരുന്ന ഈയുള്ളവനെപ്പോലുള്ള  'ഉമ്മറുകൾക്ക് '(...ച്ചാൽ വികാരജീവി). ഏതാനും മാസങ്ങൾക്കപ്പുറം ജീവിതം ഒരു വക്ത്രതുണ്ഡമായി (...ച്ചാൽ ആനത്തല ) നിൽക്കുന്നത് ഊണിലും ഉറക്കത്തിലും... മന:ശാസ്ത്രജ്ഞരുടെ ഭാഷയിൽ 'റൂമിനേഷൻ' അഥവാ 'പരിചിന്തനം'! 

ആരുമില്ലാത്തവന് ദൈവം തുണ എന്നാണല്ലോ... അങ്ങനെയാണ് മലയ്ക്ക് പോകാൻ മാലയിട്ടത്... അതിരാവിലെ എഴുന്നേൽക്കൽ, മുങ്ങിക്കുളി, പിന്നെ സസ്യാഹാരം (മാത്രം)... കൂട്ടിന് കൂടെ താമസിക്കുന്ന ഒരു ജൂനിയറും മാലയിട്ടു... മേശയിൽ ഉച്ചഊണിനും അത്താഴത്തിനും വിളമ്പുന്ന മീനും പന്നിയുമൊക്കെ 'നഷ്ടസ്വർഗങ്ങളെ...'  എന്ന പഴയ പാട്ടിന്റെ പിന്നണിയിലോർത്തു ദീർഘനിശ്വാസം വിട്ടിരുന്ന ദിനങ്ങൾ... മുട്ട ചേരുന്നതുകാരണം ഷാജിച്ചേട്ടന്റെ ബേക്കറിയിൽ നിന്നൊരു പഫ്‌സ് പോലും വാങ്ങിക്കഴിക്കാൻ പറ്റാത്ത കഠിന വ്രതനാളുകൾ... ആകെയുള്ള ഒരാശ്വാസം ഞങ്ങളുടെ മമ്മി അതിരാവിലെ തിളപ്പിച്ചു തരുന്ന ചുക്ക്‌ ചേർത്ത ചക്കരക്കാപ്പിയും ബ്രഡ് മൊരിച്ചതും... ഡിസംബറിലെ നനുത്ത തണുപ്പിൽ നേർത്ത പുകമഞ്ഞിലിരുന്ന് ആവിപറക്കുന്ന ചക്കരകാപ്പിയിൽ മൊരിച്ച ബ്രെഡ് കഷണങ്ങൾ കുതിർത്തു കഴിച്ചിട്ടില്ലായെങ്കിൽ ജീവിതത്തിന്റെ ആർദ്രമായ ചില  നിമിഷങ്ങൾ നിങ്ങൾക്ക് നഷ്ടപ്പെട്ടെന്ന് ഞാൻ പറയും...ബാഹുബലി സിനിമ ലാപ്‌ടോപ്പിൽ കാണുന്നപോലെ !!

മമ്മിയുടെ ചക്കരക്കാപ്പി യജ്ഞം പ്രസ്താവിക്കേണ്ടതു തന്നെയാണ്. ഡിസംബറിന്റെ ആദ്യനാളുകളിൽ തന്നെ മൂന്നു ചെങ്കല്ലുകൾ ചേർത്തുവച്ചു മമ്മി അടുക്കള പിന്നാമ്പുറത്തു അടുപ്പു പൂട്ടിയിരിക്കും... കത്തിക്കാൻ ഉപയോഗിക്കുന്നത് പറമ്പിലെ ഉണങ്ങിയ ഓലകളും ചൂട്ടും കരിയിലയും മറ്റും. 

തീ ആളിപ്പടരുമ്പോൾ ഒരു രണ്ടു-രണ്ടര ലിറ്റർ വെള്ളം ഒരു ചെമ്പു കലത്തിൽ അടുപ്പിൽ കയറ്റിവെക്കുന്നു... വെട്ടിത്തിളക്കുമ്പോൾ ഇത്തിരി ഉണക്കയിഞ്ചി (ചുക്ക്) കൊത്തിയരിഞ്ഞത്, നാലോ-അഞ്ചോ ടേബിൾസ്പൂൺ കരിപ്പെട്ടി പൊടിച്ചത്, ഏലക്ക തൊണ്ടുമാറ്റി പൊടിച്ചത്, നാട്ടുതേൻ– രണ്ടു ടീസ്പൂൺ, കാപ്പിപ്പൊടി– കടുപ്പം വേണ്ടത്ര. എല്ലാം ചേർത്ത് നന്നായി ഇളക്കുക.... ഇളക്കികൊണ്ടേ ഇരിക്കുക... കരിപ്പെട്ടി വെള്ളത്തിൽ അലിഞ്ഞമണം വരും വരെ ഇളക്കികൊണ്ടേ ഇരിക്കുക… അതിനു ശേഷം കുറേശ്ശേ ആവശ്യത്തിന് ഗ്ലാസ്സുകളിലേക്കു പകരുക... ഗ്ലാസിൽ ഒഴിച്ച് ഒന്ന്-രണ്ടു വട്ടം പതപ്പിച്ചാറ്റിയാൽ അൽപം കൂടി രുചി കൂടും... 

ചുക്ക് കാപ്പി തിളപ്പിച്ച അടുപ്പിൽ തന്നെയാണ് ബ്രഡ് മൊരിക്കുന്നതും... ബ്രഡ് ഓരോ കഷ്ണങ്ങൾ എടുത്ത് പശുവിൻ നെയ്യ് തടവി കനലിൽ ഏതാനും സെക്കൻഡുകൾ പിടിക്കുന്നു... ഷാജിച്ചേട്ടന്റെ ബേക്കറിയിൽ നിന്ന് തലേന്ന് വാങ്ങി വെച്ചിരിക്കുന്ന മിൽക്ക് ബ്രഡ് മാത്രമേ മമ്മി ഉപയോഗിക്കാറുള്ളൂ... പാക്കറ്റിൽ വരുന്നതൊന്നും അത്ര പഥ്യമല്ല...

അങ്ങനെ ചക്കരക്കാപ്പിയും, ശരണംവിളിയും, കടിച്ചാൽ പൊട്ടാത്ത മൈക്രോപ്രൊസസ്സർ പ്രോഗ്രാമിങ്ങും ഒക്കെ ആയി ദിനങ്ങൾ കഴിഞ്ഞുപോകവേ 'കൂനൻ മൊട്ടയടിച്ചാൽ കല്ല് മഴ' എന്നമാതിരി ആ പ്രഖ്യാപനം വന്നു. പ്രഖ്യാപിച്ചത് മറ്റക്കരയുടെ കണ്ണിലുണ്ണിയും, 'ആപ്രിക്കയിൽ പോയി ലൂപ്രിക്കന്റ് വാങ്ങിയ' (ആ കഥ നിങ്ങളോ നാട്ടുകാരോ തല്ലിക്കൊന്നിലെങ്കിൽ പിന്നാലെ  പറയാം) ധീരപുരുഷനുമായ ഞങ്ങളുടെ പ്രിയ ടോമിച്ചായൻ അഥവാ ആ വീട്ടിലെ മൂത്തപുത്രൻ...

തിട്ടൂരം ഇപ്രകാരമായിരുന്നു 'ഞാൻ എന്റെ പെണ്ണുമ്പിള്ളയെ സഹിക്കാൻ തുടങ്ങിയിട്ട് പത്തു വർഷങ്ങൾ ആയതിനാൽ അതൊന്നു കൊണ്ടാടാൻ തീരുമാനിച്ചിരിക്കുന്നു... ക്രിസ്തുമസ് അവധിക്ക് എല്ലാവരും വീട്ടിൽ പോകുന്നതിനു തലേന്ന് കേക്ക് മുറി ഉണ്ടായിരിക്കുന്നതാണ്. ശേഷം വൈനും പോർക്ക് ഉലർത്തിയതും കള്ളപ്പവും ചേരുന്ന വിഭവ സമൃദ്ധമായ ഡിന്നറും... താങ്കളുടെ സാന്നിധ്യത്താൽ അനുഗ്രഹിക്കണം. വൈൻ വീട്ടിൽ വാറ്റിയെടുക്കുന്ന പോഷകസമൃദ്ധമായ മുന്തിരിവീഞ്ഞാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കാൻ അപേക്ഷ 'കേട്ടപാതി കേൾക്കാത്ത പാതി കടന്നൽകൂട്ടിൽ കല്ലിട്ടമാതിരി പിള്ളേരിളകി അങ്ങോർക്ക് ചുറ്റും കൂടി... ടിയാന്റെ വിവാഹജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളുടെ ഒരു പുനർവായനക്കായിരിക്കും എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി... പിള്ളേർക്കറിയേണ്ടത് മുന്തിരിവീഞ്ഞിന്റെ ഗുട്ടൻസ് ആണ്... പിന്നെ അതിന്റെ വ്യവസായികോൽപാദനത്തിന്റെയും മറ്റു PG -കളിലേക്കുള്ള വിപണ സാധ്യതകളെക്കുറിച്ചുമുള്ള ഒരു സമഗ്രാവലോകനവും. മോണിറ്റർ അടിച്ചുപോയ കമ്പ്യൂട്ടർ പോലെ ഈയുള്ളവൻ ഒരു മൂലയും ചാരിനിന്നു... എന്നാലൂം ടോമിച്ചായാ നമ്മൾ ചങ്കും ചങ്കും ആയിട്ടും ഒരു സൂചനപോലും..??!!! 

അപ്രതീക്ഷിതമായി കൈവന്ന 'സെലിബ്രിറ്റി സ്റ്റാറ്റസിൽ' അടി പതറാതെ അങ്ങോർ മൊഴിഞ്ഞു " ഏട്ടിലെ പശു പുല്ലുതിന്നില്ല... ഈ തിയറി ഒന്നും കാര്യമില്ല മക്കളെ... ഇന്ന് വൈകിട്ട് വൈൻ ഇടും വന്നു കണ്ടു പഠിച്ചോണം... നിന്റെ ഒക്കെ പഠിപ്പിന് ഇക്കണക്കിന് വാറ്റിയെങ്കിലും ജീവിക്കാമല്ലോ!!" 'ഡിപ്ലോങ്ങ'യോടുള്ള ആ പുച്ഛം ഞങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി... പിന്നീട് ഭാവിയിൽ പലപ്പോഴും ചെയ്തിട്ടുള്ള പോലെ...

വെയിലൊടുങ്ങി... ഇരുട്ട് മറ്റക്കര കുന്നുകളിലേക്കിഴഞ്ഞു വന്നു... വീട്ടിലെ നടുത്തളത്തിൽ ടോമിച്ചായൻ തന്റെ മഹാമഹം തുടങ്ങി... ആദ്യമായി വീഞ്ഞുണ്ടാക്കാൻ വേണ്ട അനുസ്സാരികൾ ഒരുക്കി വെച്ചു... പത്തു ലിറ്റർ കൊള്ളുന്ന വലിയ ചീനഭരണി ഒന്ന്, അഞ്ചു കിലോ നല്ല പഴുപഴുത്ത കറുത്ത മുന്തിരി, രണ്ടര കിലോ പഞ്ചാര അഥവാ പഞ്ചസാര, ഒരു ലിറ്റർ വെട്ടിത്തിളപ്പിച്ചാറ്റിയ വെള്ളം, യീസ്റ്റ് (ആവശ്യത്തിന്), ഏലക്ക, ഗ്രാമ്പു, കറുവാപ്പട്ട എന്നിവ പൊടിച്ചത്– എല്ലാം കൂടെ ഒരു ഇരുനൂറു ഗ്രാം, സൂചിഗോതമ്പുപൊടി ഒരു മുക്കാൽ കിലോ, വണ്ണം കുറച്ചു ചീകിയെടുത്തു തീയിൽ കരിച്ചുണ്ടാക്കിയ ഓലമടൽ ചട്ടുകം (നീളൻ) ഒന്ന്. വിധിയാം വണ്ണം ഒരു സ്റ്റൂളിൽ ആസനസ്ഥനായി അച്ചായൻ പണിതുടങ്ങി... സാധനങ്ങൾ ആവശ്യാനുസരണം എടുത്തു നൽകാൻ മുകുളിതപാണികളായി ഞങ്ങൾ ചിലശിഷ്യഗണങ്ങൾ... ബാക്കിയുള്ള ജനതതി നിർന്നിമേഷരായി, ശ്വാസമടക്കി നടുത്തളത്തിലെ അരമതിലിൽ... (ഈ ഏകാഗ്രതയും താൽപ്പര്യവും പോളിയിലെ ലാബിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ചോദിക്കരുത്)

ആദ്യം കുറച്ചു മുന്തിരി എടുത്തു കൈകൊണ്ടു ഞെരടി കുരു കളയുന്നു പിന്നീട് ഇത് ചീനഭരണിയിൽ നിക്ഷേപിക്കുന്നു... വീണ്ടും മുന്തിരി എടുക്കുന്നു ഞെരടുന്നു ഭരണിയിൽ നിക്ഷേപിക്കുന്നു... വീണ്ടും മുന്തിരി, ഞെരടുന്നു, നിക്ഷേപിക്കുന്നു... അങ്ങനെ ഏകദേശം ഒരു കിലോ മുന്തിരി ഭരണിയിൽ ആയതിനു ശേഷം അതിനു മുകളിൽ കുറച്ചു പഞ്ചസാര, സൂചിഗോതമ്പ്, യീസ്റ്റ്, ഏലക്ക-ഗ്രാമ്പു-കറുവാപ്പട്ട പൗഡർ ഇട്ടൊരു പ്രതലം ഒരുക്കുന്നു. അതിനും മുകളിൽ പിന്നെയും മുന്തിരി നിക്ഷേപണം.. ശേഷം പിന്നെയും പ്രതലം... ഇത്തരത്തിൽ മുഴുവൻ മുന്തിരിയും അനുസാരികളും ഭരണിയിൽ ആയതിനു ശേഷം, മുന്നേ തയ്യാറാക്കി വെച്ചിരുന്ന ഓലമടൽ ചട്ടുകം കൊണ്ട് നന്നായി ഇളക്കുക. കഴിവതും മുന്തിരിയും അനുസാരികളും കൂടിക്കലർന്നു കുഴമ്പു പരുവത്തിലാകുന്നതു വരെ ഇളക്കുക... അതിനു ശേഷം തിളപ്പിച്ചാറ്റി വെച്ചിരുന്ന വെള്ളം ചേർക്കുക... ഒന്ന്– രണ്ടു തവണകൂടി ഇളക്കി നന്നായി മിക്സ് ചെയ്യുക...അതിനുശേഷം ഭരണിയുടെ വായ നല്ല വെള്ള തുണികൊണ്ടു ഭംഗിയായി പൊതിഞ്ഞു കെട്ടുക. ഇത് ഏകദേശം പതിനാലു ദിവസത്തോളം നല്ല തണുപ്പും ഇരുട്ടുമുള്ള ഒരു മൂലയിൽ സൂക്ഷിക്കുക... ഏതാണ്ട് എട്ടു ദിവസങ്ങൾക്കു ശേഷം ഭരണിയിൽ നിന്നും മദിപ്പിക്കുന്ന വീഞ്ഞിന്റെ സുഗന്ധം പടരാൻ തുടങ്ങും... ആക്രാന്തം വേണ്ട... പരിപാടി തുടങ്ങിയിട്ടേ ഉള്ളു...

പതിനാലാം ദിവസം ഭരണിയുടെ കെട്ടഴിച്ചു ഓലമടൽ ചട്ടുകം വെച്ച് നന്നായി ഇളക്കുക... വീണ്ടും കെട്ടിവെക്കുക... ഈ അവസരത്തിൽ ഇത് അൽപം രുചി നോക്കണം എന്നുതോന്നുന്നത് സ്വാഭാവികം... പക്ഷേ, അത് നിങ്ങളുടെ റിസ്കിൽ... ഇതുപോലെ ഇരുപതാം ദിവസം വരേയ്ക്കും ഓരോ രണ്ടു ദിവസവും വീഞ്ഞ് ഇളക്കികൊടുക്കുക... ഇരുപതാം ദിവസം ഭരണിയിലുള്ള മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് വൃത്തിയായി അരിച്ചെടുക്കുക... ദിവ്യവും അമൂല്യവുമായ മുന്തിരിവീഞ്ഞു റെഡി...

സന്ധ്യ മയങ്ങിയതോടുകൂടി വിവാഹവാർഷികാഘോഷങ്ങൾ തുടങ്ങി. പാട്ടുകൾ പൊട്ടിച്ചിരികൾ, കേക്കുമുറി, ടോമിച്ചായന്റെ വിവാഹാനുഭവങ്ങളുടെ ഹരികഥ കാലക്ഷേപം. ചേച്ചിയുടെ നാണത്തിൽ കുതിർന്ന മുഖം. പിന്നെ കള്ളപ്പവും പോർക്കും ബീഫും കസ്റ്റാർഡും ഒക്കെ വരവായി. പുറത്തു മറ്റക്കര കുന്നുകളിലൂടെ പാൽനിലാവൊഴുകി പരക്കുന്നു... ചീറി നിൽക്കുന്ന ശീതക്കാറ്റിനെ വകഞ്ഞു മാറ്റി വജ്രസൂചി പോലെ ഒഴുകിവരുന്ന കരാൾ ഗാനവീചികൾ... വീട്ടിനകത്തു നാടൻ പാട്ടിൽ തുടങ്ങി വഞ്ചിപ്പാട്ടിലൂടെ ഭരണിപ്പാട്ടിലെത്തി മുന്തിരിച്ചാറ് നുരഞ്ഞൊഴുകുന്നു!!!  എവിടെയും കൃത്യമായി അവസരം നഷ്ടപ്പെടുന്നതും കൂട്ടം തെറ്റുന്നതുമായ ഈയുള്ളവന്റെ പുണ്യജന്മമോർത്തു ഞാൻ ഒരു മൂലയിൽ ചടഞ്ഞുകൂടി. 

ജീവിതത്തിലെ ഒരു അസുലഭ രാവ് - മുന്തിരിവീഞ്ഞു നുരഞ്ഞൊരു രാവ് - കൺമുൻപിൽ അനാവൃതമാകുന്നതും നോക്കി... ഒമർഖയാം പറഞ്ഞപോലെ "It is the season for wine, roses and drunken friends. Be happy for this moment. This moment is your life” നിശ്ചേഷ്ടനായി ഞാൻ ഇരുന്നു. വീഞ്ഞിന്റെ മദഭരിതഗന്ധമോ തണുത്ത കാറ്റോ എപ്പോഴോ ഉറങ്ങിപ്പോയി.

ഉറക്കത്തിൽ കിനാക്കൾ വരവായ്... മഞ്ഞുമൂടിയ പർവ്വതപ്രാന്തങ്ങളിൽ അന്യോന്യം കൈകോർത്തു പിടിച്ചു ഞാനും ചുരുണ്ട മുടി, മുഖക്കുരു കവിളുകാരിയും. ഞങ്ങൾ കൈകോർത്തുപിടിച്ചു ഓടുകയും ഉരുണ്ടു മറിയുകയും ആണ് സുഹൃത്തുക്കളെ... ഉരുണ്ടുമറിയുകയാണ്… പൊടുന്നനെ ഹിമപാതം ആർത്തലച്ചു... ആയിരം ഐസ് കട്ടികളേക്കാൾ തണുപ്പാർന്നതെന്തോ എന്റെ നെഞ്ചിൽ, എന്റെ മുഖത്തോ ? മഞ്ഞു  വഴുവഴുത്തതാണോ? എവിടെ ചുരുണ്ടമുടിക്കാരി!! പർവ്വതപ്രാന്തങ്ങൾ?! ദൈവമേ എന്തൊരുനാറ്റമാണിതിന്? എവിടെയാണ് ഞാൻ? പതുക്കെ വെളിവ് വന്നു... വീട്ടിന്റെ നടുത്തളത്തിൽ നിലത്തു കിടക്കുന്നു.. ഇരുവശവുമുള്ള കട്ടിലുകളിൽ മത്തി അടുക്കിയപോലെ കുറെ ദേഹങ്ങൾ. അവരിൽ ചിലർ ഇടയ്ക്കിടക്ക് മൂട്ടിൽ തീയിട്ട മാതിരി വില്ലുപോലെ കുതിച്ചുയരുന്നു...പിന്നെ ഒരുആർത്തനാദത്തോടെ, വഴുവഴുപ്പിന്റെ ഗംഗാപ്രവാഹം നേരെ കീഴ്പോട്ടു... കിറുകൃത്യം ഈയുള്ളവന്റെ തലയിലും ദേഹത്തും. പൊടുന്നനെ നമുക്ക് സംഗതി തിരിഞ്ഞു.. മദിരാശാസ്ത്രത്തിൽ 'വാള് ' എന്നറിയപ്പെടുന്ന തനതു കലാരൂപം. പക്ഷേങ്കില് മുന്തിരിച്ചാർ അടിച്ചാൽ 'വാള്' വെക്കുമോ? ഇതെന്തൊരു മറിമായം!!!

ദൈവങ്ങളെ... ആരെ വിളിക്കും? കാറ്റുപോലും ഉറങ്ങുന്ന നട്ടപാതിരാ!!!

കുറ്റാകുറ്റിരുട്ട്!!!– അടക്കിയ ഒരു നിലവിളി എന്നിൽ പുകഞ്ഞു... ഇതിനിടയിലും മുകളിൽ നിന്ന് ഊഴമിട്ടു ആർട്ടിലറി ബരാജ് ഇടതടവില്ലാതെ.. ഒരുവിധം എഴുന്നേറ്റു നിന്നു... മുന്നോട്ടുനീങ്ങാൻ പറ്റുന്നില്ല. വഴുവഴുപ്പിന്റെയും നാറ്റത്തിന്റെയും മഹാസാഗരം... വല്ല വിധത്തിലും വലിഞ്ഞിഴഞ്ഞു കുളിമുറിയിലെത്തി ഉടുത്തതൊക്കെ പറിച്ചെറിഞ്ഞു... തലവഴി സോപ്പ് പതപ്പിച്ചു വെള്ളമൊഴിച്ചു.. നാറ്റം വിട്ടുമാറുന്നില്ല...

കഴുത്തോളം മുങ്ങിയവന് കുളിരില്ലലോ! നനഞ്ഞ തോർത്ത് മാത്രമുടുത്തു ബക്കറ്റും വെള്ളവും ചൂലുമായി ഈയുള്ളവൻ നടുത്തളത്തിലെ രണാങ്കണത്തിലേക്കിറങ്ങി... തൂക്കിയിട്ടിരുന്ന ഒരു ക്രിസ്മസ് നക്ഷത്രം മാത്രം എന്നെനോക്കി കണ്ണിറുക്കി... രാവ് അപ്പോഴും ഒരുപാട് ബാക്കിയായിരുന്നു!!! 

************************

ദിവസങ്ങൾക്കു ശേഷം ഒരു സ്വകാര്യ നിമിഷത്തിൽ ടോമിച്ചായനോട് ചോദിച്ചു "വൈൻ ഇത്തിരി കൈ വിട്ടുപോയല്ലേ? പിള്ളേരൊക്കെ തൊള്ള കീറി ചോര കക്കി! " ആ സ്നേഹരൂപൻ അരുളി “എന്റെ കുഞ്ഞേ, നിനക്കെന്തറിയാം! നൂറു മില്ലി മുന്തിരിച്ചാറും, മൂന്ന് ഫുൾ ബോട്ടിൽ റമ്മും ചൂടുവെള്ളത്തിൽ കലക്കി മാടുപോലെ കുടിച്ചാൽ ഇവന്മാരുടെ അപ്പാപ്പൻ വെക്കും... യേത്??.. വാളേ... നല്ല കാര്യമായിപ്പോയി... ഒറിജിനൽ സാധനം ഞാൻ തട്ടിൻപുറത്തു മാറ്റി വച്ചിട്ടുണ്ട്... മാല ഊരിയിട്ട് നമ്മൾക്കു രണ്ടും ചേർന്ന് കീച്ചാം..."  ശേഷം എപ്പോഴെത്തെയും പോലെ തല പിന്നോട്ടെറിഞ്ഞു പ്രൗഢ ഗംഭീരമായി അങ്ങോർ ചിരിച്ചു...

Malayalam Short StoriesMalayalam literature interviews,Malayalam Poems               

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.