കട്ടക്കളത്തിലെ കടലാസുപൂക്കൾ

bougan-villa-1
SHARE

ഇത് കട്ടക്കളത്തിലെ കടലാസുപൂക്കളുടെ കഥ. മണർകാട്‌ കുഴിപ്പുരയിടത്ത് ആമലക്കുന്നിന്റെ തെക്കുപടിഞ്ഞാറുള്ള കരിമ്പനത്തറ വീടിന്റെ ചരൽവിരിച്ച ഇടുങ്ങിയ മുറ്റത്ത് വേനലിൽ പല നിറങ്ങളുടെ  കാഴ്ചയൊരുക്കുന്ന ബോഗൻ വില്ല പൂക്കൾ.

വാലേമറ്റത്തെ തങ്കയാണ്‌ ഞങ്ങടെ വീടിനെ കട്ടക്കളം എന്ന് ആദ്യം വിളിച്ചത്. 1992 ൽ പല നിറങ്ങളിലുള്ള ഇഷ്ടികകൊണ്ട് തേക്കാത്ത വീടുവെയ്ക്കുമ്പോൾ മണർകാട് നാട്ടിൽ അതൊരു പുതുമയായിരുന്നു. തങ്കയും കെട്ടിയവൻ വെളുത്തയുമായിരുന്നു കരിമ്പനത്തറ വീടുകളിലെ പണ്ടു മുതലുള്ള പണിക്കാർ. തങ്കയായിരുന്നു അന്നു അമ്മയുടെ പ്രധാന സഹായി. പണ്ടെങ്ങോ ഞങ്ങടെ പൂർവികർ നട്ടാശേരിയിൽനിന്ന് മണർകാട്ടു താമസിക്കാനെത്തിയപ്പോ കൂടെ പോന്നതാത്രേ വെളുത്തയുടെ മുൻതലമുറക്കാർ. വെളുത്ത ഇന്നില്ല. തങ്കക്കും വയസ്സായി. അമ്മയുടെ അടുക്കളയിൽ രാജിയെത്തിയപ്പോൾ അടുക്കളപണി തങ്കയുടെ മക്കൾ ആലീസും കൊച്ചുമോളുമായി. പറമ്പിൽപണി വെളുത്തക്കുപകരം രാജനും. തങ്കക്കും മക്കൾക്കും ഞങ്ങളുടെ വീടിന്നും കട്ടക്കളമാണ്‌.

കടലാസുപൂക്കളായി ഇളകുന്ന ഓർമ്മകളിൽ അരനൂറ്റാണ്ടുമുമ്പ് നിലയ്ക്കൽ പള്ളിയിൽ ഓശാന പെരുന്നാൾ പ്രദക്ഷിണ വഴിയിൽ പിന്നാലെകൂടി വലിച്ചെറിയുന്ന പൂക്കൾ തീർത്ത നിറങ്ങളുടെ പരവതാനിയിൽനിന്നു വെളുപ്പും ചുമപ്പും മഞ്ഞയും നിറമുള്ള പൂവിതളുകൾ വഴക്കിട്ടു പെറുക്കികൂട്ടിയ വള്ളിനിക്കറിട്ട പത്തു വയസ്സുകാരനുണ്ട്. ഓരോ പൂവിൻറെയും മെലിഞ്ഞു കുഴൽപോലെ നീണ്ടു അനാകർഷകമായ അകപ്പൂവിനെ ചുറ്റിയ വലിയ വർണ്ണ ഇതളുകൾ മൂന്നോ ആറോയെന്നു ഇടംകയ്യിലെ തള്ളവിരലും ചൂണ്ടുവിരലുംകൊണ്ടു കണ്ണോടു ചേർത്തുപിടിച്ചു  അവൻ എണ്ണിക്കൂട്ടുമായിരുന്നു. വെട്ടുകല്ലു കെട്ടിയ പള്ളിമതിലിൽ മുള്ളുകളുമായി പടർന്നു കയറുന്നു, പൂക്കളുടെ വെള്ളയും വയലറ്റും നിറമുള്ള ഓർമ്മകൾ. ആശാരിക്കുന്നിൻറെ കിഴക്കേ ചെരിവിൽ പുതുമനവീട്ടിലെ ഇരുമ്പു ഗേറ്റിന്റെ വെള്ളപൂശിയ തൂണുകളിൽ പടർന്നു കയറിയ പൂക്കളുടെ ഓർമ്മകൾക്ക് വെളള നിറമാണ്. പഠിച്ച കലാലയ മുറ്റത്തെയും ചാപ്പലിനു മുന്നിലെയും വലിയ ചൂളമരങ്ങളിൽ പടർന്നു കയറുന്നു മഞ്ഞയും വെള്ളയും വയലറ്റും നിറമുള്ള ഓർമ്മകളുടെ മുള്ളുവള്ളികൾ.

bougan-villa-3

സ്വപ്‌നങ്ങൾ കളർചുടുകട്ടകളിലും തറയോടിലും തടിയിലും ഉള്ളിൽ അടവാതിലുകളില്ലാത്ത വീടായി വളർന്നപ്പോൾ വള്ളിച്ചെടിയായി കുമ്മായ മതിലുകളിലും കമാനാകൃതിയിലുള്ള ഓടുപാകിയ മേല്ക്കൂരകളിലും, ചൂളമരങ്ങളെ ചുറ്റിപ്പടർന്നും വള്ളിപ്പടപ്പുകളിലുംനിന്നും വിടാതെ കൂടിയ കാഴ്ചകൾ കളിമൺ ചട്ടികളിൽ കടലാസുപൂക്കളുടെ കരിയിലയനക്കമായി വീട്ടുമുറ്റത്തു കടന്നു കയറുകയായിരുന്നു. ഇടുങ്ങിനീണ്ട മുറ്റത്തും മുറ്റത്തിനു താഴെ പുല്ലു വളരുന്ന ചെറിയ പറമ്പിലും നിലത്തുനട്ടു വലിയ വള്ളിച്ചെടിയായി വളർത്താതെ കുറ്റിച്ചെടിയായി ആണ്ടോടാണ്ട് കമ്പുകോതി ചട്ടിയില്‍ പരിപാലിച്ചു.

കോതാപാറക്കുന്നിലെ റബർഗവേഷണകേന്ദ്രം ഫാമിൽനിന്നു വാങ്ങിയതായിരുന്നു മുറ്റത്തരികിൽ ഒരേ നീളത്തിൽ ഉയർന്നുനിൽക്കുന്ന അരപ്പട്ട കെട്ടിയ തൂണുകളിലെ ചട്ടിയിൽ വളർത്തിയ ആദ്യകാല ബോഗൻ വില്ലകളും ചരിഞ്ഞ ലോണിൽ അന്നുണ്ടായിരുന്ന സീനിയപൂക്കളും കാനവാഴകളും ചെമ്പരത്തികളും. അവ നൽകിയ അന്നത്തെ ഫാം സൂപ്രണ്ട് രാഘുനാഥൻ നായർ സാർ ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയാണ്. ഒരു വെള്ളിയാഴ്ച വൈകുന്നേരം റബർ ബോർഡ് ബസ്സിൽ ഹൃദയ ശസ്ത്രക്രിയക്കായി യാത്രപറഞ്ഞ് വീട്ടിലേക്കുപോയ അദ്ദേഹം പിന്നീട്  തിരികെയെത്തുക ഈ പൂക്കൾക്കിടയിലെ ഓര്‍മ്മകളായാണ്.

bougn

ഒരടി, ഒന്നരയടി മണ്‍ചട്ടികളിലേറെയും കൂട്ടുകാരൻ പുഷ്പനാഥിന്റെ ചുങ്കത്തുള്ള കടയിൽനിന്നു വാങ്ങിയതായിരുന്നു. കുഞ്ഞാക്കിയ ഇഷ്ടികമുറിയും ചെറുതായി മുറിച്ച ചകിരിത്തൊണ്ടും ചട്ടികളിൽ നിരത്തിയശേഷമാണ് ചുവന്ന മണ്ണ്, ആറ്റുമണല്‍, ചാണകപ്പൊടി ഇവ ഒപ്പത്തിനൊപ്പം എടുത്തു എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത നടീൽമിശ്രിതം നിറക്കുക.

ചെടികൾ മുളച്ചാൽ ചട്ടികൾ ഞാനാണ് വെയിലത്തു വെക്കുക. നനച്ചുകൊണ്ടിരുന്നാൽ ആഴ്ചകൾക്കുള്ളിൽ പുതുനാമ്പുകളായി പൂ വിരിയുന്നതു കാണാം. കൊമ്പു കോതിയ ചെടികൾ പൂവിട്ടു തുടങ്ങിയാല്‍ നന കുറയ്ക്കാം. അപ്പോളാ നിറക്കൊഴുപ്പിൽ കുലകുലയായി  പൂക്കളുണ്ടാവുക. പൂക്കള്‍ മാസങ്ങളോളം കൊഴിയാതെ നിൽക്കും. നന അധികമായാല്‍ ചെടി പൂവിടാതെ അധിക ഇലവളർച്ചക്കു ഇടയാക്കും. മഞ്ഞുപെയ്യുന്ന മകരക്കുളിരിലും ഭൂമി വരണ്ടുണങ്ങുന്ന വേനൽച്ചൂടിലും ചില്ലകൾ പൂങ്കുലകളായി ആടിക്കളിക്കും.

ഇന്നിപ്പോൾ ചട്ടികളില്‍ പൂ നിറയുന്നതും പൂത്തു തുടങ്ങുന്നതുമായ 39 ബോഗൻ വില്ലകൾ ഞങ്ങളുടെ കട്ടക്കളത്തിലുണ്ട്. തൂവെള്ള പൂക്കളുള്ള ബ്രസീലിയൻ ഇനങ്ങള്‍ സ്നോ വൈറ്റും സ്നോ ക്യൂനും നിലാവുള്ള രാത്രികളുടെ നല്ല കാഴ്ചയാണ്. തനി തങ്കക്കുടമാണ്‌ ലേഡി മേരി ബാറിങ് ഇനത്തിലെ മഞ്ഞളിന്റെ നിറമുള്ള പൂക്കൾ. ടൊമാറ്റോ റെഡ്, മഹാരാജ ഓഫ് മൈസൂർ, ഡോ ആര്‍ ആർ പാൽ ഇനങ്ങളിലെ പൂക്കൾക്ക് ടെറാക്കോട്ട നിറവും മിസ്സസ് ഭട്ട് ഇനത്തിൽ കടുംചുവപ്പുമാണ്. ഓറഞ്ച് പൂക്കളുള്ള ലൂയിസ് വാത്തർ, മജന്ത നിറത്തിൽ പൂക്കളുമായി സർവസാധാരണമായ സമ്മർ ടൈം, ഇളം നീലനിറമുള്ള സുന്ദരി ട്രിനിഡാഡ്… ഇങ്ങനെ പോകുന്നു കടലാസുപൂക്കളുടെ വിവിധയിനങ്ങൾ ഒരുക്കുന്ന വർണ്ണവൈവിധ്യം. ഒരുമിച്ച് വെള്ളയും ചുവപ്പും പൂക്കള്‍ നിറയുന്ന മേരി പാമർ, ഓറഞ്ച് പൂക്കള്‍ പിങ്കുനിറമായി മാറുന്ന ബ്ളോണ്ടി, ഋതുഭേദമനുസരിച്ച് നിറംമാറ്റമുണ്ടാകുന്ന ഗോൾഡൻ ക്വീൻ, പൂക്കൾ പുതിയ നിറങ്ങളായി മാറിവരുന്ന മിസ്സസ് മാക്ക്ലിൻ,  ചുവപ്പും വെള്ളയും പൂക്കള്‍ ഒരുമിച്ചു വിരിയുന്ന പുതിയ ഇനം, ഇവ അമേന്നൂരെ മാർട്ടിന്റെ അമൂല്യശേഖരത്തിൽനിന്നു കൊണ്ടുവന്ന അപൂർവങ്ങളായ അലങ്കാരയിനങ്ങൾ. ചിലതൊക്കെ കാലപ്പകർച്ചക്കിടയിൽ വേനൽച്ചൂടിൽ ഇല്ലാതെയായി. എട്ടുപത്തിനങ്ങൾ ഇപ്പോഴുമുണ്ട്. പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞതുമാ ഈ പേരറിവുകൾ. തെറ്റുണ്ടാവാം. തിരുത്തുക. 

meera-bougnvilla

മൂന്നാം ജന്മദിനത്തിന് ഫോട്ടോഗ്രാഫർ ഗോവിന്ദരാജ് എടുത്ത ഓർമചിത്രത്തിൽ മകൾ മീരാച്ചിക്കൊപ്പം ചിരിക്കുന്നത് ഈ ബോഗൻ വില്ലകളാണ്. ആർക്കിടെക്റ്റായ ആ മീരാച്ചിയാ ഇപ്പോൾ കമ്പു മുറിക്കുന്നതും ചട്ടിയിൽ നിറം പൂശുന്നതുമടക്കം മിക്ക കാര്യങ്ങളും നോക്കുന്നത്. മണ്ണ് മാറാനും നനയ്ക്കാനും ഞങ്ങളും കൂടെക്കൂടും. വഴിവക്കിൽ പച്ചനിറം പൂശിയ ഇരുമ്പുവേലിക്കരികിൽ കമ്പിയിൽ തീർത്ത കുടനാട്ടിയതും ചുവന്ന പൂക്കളുള്ള ചെടിനട്ടതും അവളായിരുന്നു. അച്ചയുടെ ചട്ടിച്ചെടികൾക്കൊപ്പം മകൾ മണ്ണിൽ നട്ടചെടി മനസ്സിൽ നിർവൃതിയുടെ നിറക്കൂട്ടൊരുക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA