നിത്യഗർഭിണി

നിത്യഗർഭിണി.. ടീച്ചറെ പിള്ളേരെല്ലാരും വിളിച്ചോണ്ടിരുന്നത് അങ്ങനെയാ..

ടീച്ചർമാർക്കെല്ലാം ഇരട്ടപ്പേരുകളാ.. പതിയെ സംസാരിക്കുന്ന സ്ലോമോഷൻ ടീച്ചർ, മുഖത്തു കറുത്തമറുകുള്ള ചുട്ടിമാഷ്, പിള്ളേരെ തല്ലുന്ന  ഭീകരൻ പുലിക്കോടൻ, വെളുത്ത അമ്മിണിടീച്ചർ വൈറ്റ് അമ്മിണി കറുത്തത് ബ്ലാക്ക് അമ്മിണി, വലിയ വയറും ശരീരവും ചെറിയ  തലയുമുള്ള കല്യാണിടീച്ചർ നിത്യഗർഭിണി.. അങ്ങനെയങ്ങനെ..      

ഒന്നാം ക്ലാസ്സിലേക്ക് സർക്കാർ സ്കൂളിന്റെ പടികയറുമ്പോൾമുതൽ ഇതിന്റെയൊന്നും അർഥമറിയില്ലെങ്കിലും മനസ്സിലതെല്ലാം ഞാനും ഉരുവിട്ടുകൊണ്ടിരുന്നു..

ആറുവയസ്സുകാരുടെ സംശയങ്ങൾ പലതായിരുന്നു.. ടീച്ചറുടെ വയറ്റിൽ കൊറേ കോഴിക്കുഞ്ഞുങ്ങളുണ്ടെന്നു ചിലർ, അല്ല ആട്ടിങ്കുട്ടിയാ എന്നു തിരുത്തുന്ന കുഞ്ഞുശബ്ദങ്ങൾ, കൊറേ ചോറ്തിന്നട്ടാ ടീച്ചറിത്രേം ബല്ലിതായതെന്ന കണ്ടുപിടുത്തം നടത്തിയ മിടുക്കരും..  

ബസ്സിറങ്ങി ടീച്ചർ നടന്നുവരുന്നത് ഒരു കാഴ്ചയായിരുന്നു.. ഇളം കളറിലുള്ള കോട്ടൺസാരിയുടുത്തു, കണ്ണിനുമുകളിൽ വലിയ വട്ടക്കണ്ണടയും നെറ്റിയിലൊരു പൊട്ടുമായി, പാതിയിലധികം കൊഴിഞ്ഞമുടി ചുരുട്ടിക്കെട്ടി മുകളിലൊരു ബൺ തിരുകി, തോളത്തു കറുത്ത ബാഗും തൂക്കി, ചുണ്ടിലൊരു ചിരിയുമായി കുലുങ്ങിക്കുലുങ്ങി നടന്നുവരുന്ന നിത്യഗർഭിണി.. പത്തിരുപതടി നടന്നശേഷം അണപ്പ് മാറ്റാനായി നിൽക്കും, ശ്വാസം നല്ലവണ്ണമെടുത്ത ശേഷം വീണ്ടും നടക്കും.

സ്കൂളിന് രണ്ടുഗേറ്റാണ്, വലിയഗേറ്റിനടുത്താണ് ബസ്റ്റോപ്പെങ്കിലും ടീച്ചറിനു സൗകര്യത്തിനു ചെറിയഗേറ്റിനടുത്തു വണ്ടിനിർത്തുന്ന  പടമാടൻ ബസ്സിന്റെ ഡ്രൈവർ.. ചെറിയഗേറ്റിനു പടികളില്ല, റോഡിലേക്ക് ദൂരവും കുറവാ..        

നടന്നുപോകുമ്പോൾ മതിലിനു പുറകിൽനിന്നും പലരും വട്ടപ്പേരു വിളിക്കുമെങ്കിലും ടീച്ചറവിടേക്ക് ദേഷ്യത്തോടെ നോക്കാറില്ല.. ഒരു  ചിരിയോടെയല്ലാതെ ടീച്ചറെയാരും കണ്ടിട്ടില്ല.     

സ്കൂളിലെ ഉച്ചക്കഞ്ഞിയും പച്ചപ്പയറും എന്നെ വളർത്തി..

കഞ്ഞിയുണ്ടാക്കുന്ന ചേടത്തിയെ കഞ്ഞിവല്യമ്മ എന്നാ വിളിച്ചിരുന്നേ.. റേഷനരിയുടെ മണമായിരുന്നവർക്ക്, കൂനിയമുതുകും മുഷിഞ്ഞവേഷവും മെല്ലിച്ച ശരീരവുമുള്ള കഞ്ഞിവല്യമ്മ.. കുന്തുകാലിലിരുന്നു അടുപ്പിലേക്ക് തീയൂതുമ്പോൾ തിളച്ചുമറിയുന്ന  കഞ്ഞിയെക്കാളുച്ചത്തിൽ അവർ ചൊമക്കുമായിരുന്നു.. അടപോലെ ഒട്ടിപ്പിടിച്ച അരിയിൽ വെള്ളമൊഴിച്ചു വലിയ തവികൊണ്ടിളക്കുമ്പോൾ  അവരുടെ ശരീരവും അതിനൊപ്പം ആടുമായിരുന്നു.  

കഞ്ഞിപ്പെരയിൽനിന്നും ബക്കറ്റിലെ ചോറെടുത്തുകൊണ്ടുവരേണ്ടതും വിളമ്പിക്കൊടുക്കേണ്ടതും ലീഡറായിരുന്നു.. 

സ്റ്റീലിന്റെ ചോറ്റുപാത്രത്തിൽ അടപോലെയുള്ള ചോറും, മൂടികയിൽ പയറും.. ചിലപ്പോൾ കഴിക്കും ചിലപ്പോൾ കഴിച്ചെന്നുവരുത്തും.. പിന്നെയൊരു ഓട്ടമാണ് ഗ്രൗണ്ടിലേക്ക്, കളിച്ചു തിമിർക്കാൻ..

കളികഴിഞ്ഞു വരുമ്പോൾ പത്രങ്ങൾ കഴുകിക്കമഴ്ത്തി വീട്ടിലേക്ക്പോകുന്ന കഞ്ഞിവല്യമ്മയെക്കാണാം. കയ്യിലൊരു പൊതിയുണ്ടാകും. വാഴയിലയിൽപ്പൊതിഞ്ഞ ചോറുംപൊതി, അവരുടെയും മക്കളുടെയും രണ്ടുനേരത്തെ വിശപ്പ്...

ഉച്ചക്കഞ്ഞിയും ചോറുംകഴിച്ചു ഞാനങ്ങു വളർന്നു.. ട്രൗസറിൽ ഒതുങ്ങാത്ത ശരീരം പാന്റിനു വഴിമാറി..

ഹൈസ്കൂളിലായിരുന്നു കല്യാണിടീച്ചർ പഠിപ്പിച്ചിരുന്നത്, മലയാളം. 

ഒരിക്കൽ ഉച്ചസമയത്തു സഞ്ചയിക പുസ്തകങ്ങളുമായി സ്റ്റാഫ്‌റൂമിൽ പോയപ്പോൾ ഞാൻ കണ്ടകാഴ്ച എനിക്കു പുതിയ അറിവായിരുന്നു.. തന്റെ കൈവെള്ളയെക്കാൾ ചെറിയ കുഞ്ഞുപാത്രത്തിൽ കുറച്ചു  ചോറും, തോരനും  കൂട്ടി രണ്ടോമൂന്നോ  കുഞ്ഞുരൂള  കഴിച്ചു  വിശപ്പടക്കുന്ന നിത്യഗർഭിണി, കല്യാണിടീച്ചർ ..

പ്രഷറും ഷുഗറും വളർത്തിയ ശരീരത്തിൽ തളരാത്ത മനസ്സുള്ള കല്യാണിടീച്ചർ..

പിന്നീടൊരിക്കലും നിത്യഗർഭിണിയെന്ന വട്ടപ്പേര് എന്റെ ചുണ്ടിലേക്കെത്തിയില്ല .. 

അപ്പോഴാണ് സുധിയെത്തിയത്. ഒരു രാജമല്ലി വിരിയുന്നപോലെ. വരമരുളിയെന്നിലൊരു മുഖം എന്നും പാടിക്കൊണ്ട്. കേരളം മുഴുവനും  പ്രണയം കുറുകിയ അനിയത്തിപ്രാവ്..

എന്നിലുമത് കുറുകി, എന്റെ മിനിയെയും ഞാനന്ന് കണ്ടെത്തി.. പുസ്തകത്തിന്റെ നടുപ്പേജ് കീറി, അവൾക്കായി ഞാനെഴുതി .. ''നീയോർക്കുമൊയെന്നെ അറിയില്ലെനിക്ക്

നിനക്ക് മറക്കാനാകുമോ എന്നുമറിയില്ല,

ഒന്നറിയാം എനിക്കു പക്ഷേ

മറക്കാനാകില്ല നിൻമുഖമൊരിക്കലും''. ജീവിതത്തിൽ ഞാനാദ്യമായി എഴുതിയ വരികൾ. അതാദ്യം വായിച്ചത് അവളായിരുന്നു, രണ്ടാമത്  വായിച്ചതോ കല്യാണിടീച്ചറും ..

കവിതയവിടെ വാങ്ങിവെച്ചു ചൂരലുകൊണ്ടൊരു ഉമ്മയും കൈവെള്ളയിൽത്തന്നു ടീച്ചറെന്നെ മടക്കി. 

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ടീച്ചറെന്നെ വിളിപ്പിച്ചു. കണ്ണട ഉയർത്തിനോക്കി എന്നോടു പറഞ്ഞു. എടാ സ്കൂളിലെ കയ്യെഴുത്തു  മാസികയിലേക്ക് നീയൊരു കഥയോ കവിതയോ എഴുതണം.. നിനക്കതിനുള്ള കഴിവുണ്ട്..

നിനക്ക് കഴിയും... നിനക്കതു സാധിക്കും. എന്നോടൊരാൾ ആദ്യമായി പറയുന്നത് എന്റെ കാതുകളിൽ.. കയ്യെഴുത്തു മാസികയിലേക്ക്  ഞാനെഴുതി ''എന്റെ സൂര്യപുത്രിക്ക്... പൂമുഖപ്പടിയിൽ നിന്നേയും കാത്തു ഈ അരയന്നങ്ങളുടെ വീട്ടിലിരിക്കുമ്പോൾ നാടോടിക്കാറ്റ്    കാതിൽ ഒരു കിന്നാരം ചൊല്ലുന്നു ''. എന്നുതുടങ്ങുന്ന  സിനിമാപ്പേരുകൾ മാത്രം കൊണ്ടൊരു കുഞ്ഞു കഥ..     

വായിച്ചുനോക്കി എന്നെ ചേർത്തു നിർത്തിയപ്പോൾ ആ ശരീരത്തിന്റെ മാർദ്ദവവും മനസ്സിന്റെ വലിപ്പവും എന്റെ മനസ്സിലും നിറഞ്ഞു.

ടീച്ചറെനിക്കൊരു സമ്മാനവും തന്നു, ഒരു ടേബിൾ ലാംപ്.. മൂന്നു വർഷങ്ങൾക്കുശേഷം വീട്ടിലാദ്യമായ് കറന്റ് കിട്ടിയപ്പോൾ ഞാനാദ്യം തെളിച്ച എന്റെ  ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം.

ഉപജില്ലാ കലോത്സവത്തിനും ടീച്ചറെന്നെ അയച്ചു, അവിടെനിന്നു ജില്ലയിലേക്കും. കവിതയ്ക്ക് A' ഗ്രേഡ് വാങ്ങിവന്ന എന്നെ നോക്കി ടീച്ചർ  ചിരിച്ച ചിരി. അതിപ്പോൾ ഓർക്കുമ്പോളും എന്റെ സാറെ.. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല.

പാത്തുമ്മയുടെ ആടും, വൃത്തങ്ങളും, പൂതപ്പാട്ടുമായി പിന്നെയും ദിനങ്ങൾ...

പത്താം ക്ലാസ് കഴിഞ്ഞു.. റിസൾട്ട് വന്നപ്പോൾ എനിക്കാദ്യം അറിയിക്കണമെന്ന് തോന്നിയത് ടീച്ചറെയാണ്. ഹെർക്കുലീസ് സൈക്കിളിൽ  പത്തുകിലോമീറ്റർ ചവിട്ടിനീക്കി, വിയർത്തൊട്ടിയ ശരീരവും കയ്യിലൊരു കേക്കുമായി ടീച്ചറുടെ വീട്ടിലെത്തി.

പതിവു ചിരിയുമായി ടീച്ചറെന്നെ സ്വീകരിച്ചു.. പിരിയാൻ നേരം ടീച്ചറോട് ഞാൻ പറഞ്ഞു. എന്റെ തലയിൽ കൈവെച്ച് അനുഗ്രഹിക്കണം    

ടീച്ചറുടെ മുന്നിൽ മുട്ടുകുത്തിനിന്ന എന്റെ തലയിൽ ആ പതുപതുത്തകൈകൾ പതിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി.. ലോകത്തിലെ ഏറ്റവും  വലിയ സന്തോഷത്തിനു കണ്ണുനീരിന്റെ ഉപ്പാണെന്ന്, കല്യാണിടീച്ചർ നിത്യഗർഭിണിയാണെന്ന്, തന്റെ കുട്ടികളെ   വയറ്റിലെകുഞ്ഞിനെപ്പോലെ പരിപാലിക്കുന്ന സ്നേഹിക്കുന്ന, നിത്യഗർഭിണിയാണെന്ന്... അതിലൊരു മകൻ ഞാനാണെന്ന്. ..

ഇന്ന് ഞാനെന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അതിനു കാരണവും മറ്റൊന്നുമല്ല.. എന്നെപ്രസവിക്കാതെ പ്രസവിച്ച നിത്യഗർഭിണിയുടെ  അനുഗ്രഹം ...

Malayalam Short StoriesMalayalam literature interviews,Malayalam Poems             

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.