സംശയരോഗം

Representative Image

പണ്ടുതൊട്ടേ ഞാനൊരു സംശയരോഗിയാണ്. രാവിലെ ഒരു കയ്യിൽ പുസ്തകങ്ങളും മറുകയ്യിൽ ഒരു കാലൻ കുടയുമായി കോളജിലേക്കെന്ന് പറഞ്ഞിറങ്ങുമ്പോൾത്തന്നെ എന്റെ സംശയങ്ങൾ തുടങ്ങുന്നു. വീടിന്റെ പടികടന്ന് തൊടിയിലേക്കിറങ്ങിക്കഴിയുമ്പോൾ ആദ്യത്തെ സംശയം മനസ്സിന്റെ പടികടന്ന് പിന്നാലെ കൂടും. മുടിചീകിയിട്ടുണ്ടാവുമോ? സംശയമാണ്! ചിലപ്പോൾ ചീകിയിട്ടുണ്ടാവാം. മുടി ചീകുന്നതിനിടെ ചിന്തകൾ വന്ന് ചെയ്യുന്നകാര്യത്തെ ബോധത്തിൽ നിന്ന് മറച്ചിട്ടുണ്ടാവും. ചിലപ്പോൾ ചിന്തകളുടെ ഭാരം തലയിലിരിക്കെ തല ചീകാതെ ഇറങ്ങിപ്പോന്നിട്ടുമുണ്ടാവാം. എന്തായാലും ഒന്നുകൂടി തലചീകിയിട്ടുതന്നെ. ഞാനിപ്പോൾ വീട്ടിലേക്ക് തിരിഞ്ഞു നടക്കുകയാണ്, അല്ല ഓടുകയാണ്. പടികടന്നപ്പോൾ ഉമ്മറത്ത് ചോദ്യവുമായി അമ്മ നിൽക്കുന്നു. ഒന്നുമില്ലെന്ന ഭാവേന തിണ്ണയിൽക്കയറി ഇറമ്പിൽ തൂക്കിയിരിക്കുന്ന കണ്ണാടിയിൽ നോക്കി. നോ പ്രോബ്ലം. തിരുമുഖം പ്രസാദിച്ചുതന്നെ. അളകങ്ങൾ ആവുന്നത്ര ഭംഗിയോടെ ഒതുക്കിവെച്ചിട്ടുതന്നെയാണ് പോകാനിറങ്ങിയത്. വെറുതേ ഓരോരോ സംശയങ്ങൾ. ഒരു വഴിക്ക് പോകാനിറങ്ങിയവൻ തിരിഞ്ഞു കയറുന്നത് അത്ര നല്ല ശീലമല്ല.– പുറകിൽ നിന്ന് അമ്മ. ശരിയാണ് എങ്കിലും സംശയമല്ലേ സംശയനിവൃത്തി വരുത്തുന്നത് മോശം ശീലമാണോ?

ഞാനിപ്പോൾ പെരുവഴിയിലാണ്. ഞങ്ങളുടെ ഓണം കേറാമൂലയെ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന നാട്ടുപാതയിൽ വഴി അത്രയ്ക്ക് വിശാലമൊന്നുമല്ല. അടുത്ത നൂറ്റാണ്ടിലെങ്കിലും തലയ്ക്കുമീതെ മെറ്റലും ടാറും ചേർന്നൊരു രാജപാതയുണ്ടാവണമേയെന്നാശിക്കുന്ന, കുണ്ടും കുഴിയും നിറഞ്ഞ ഒരു കാട്ടുപാത. എതിരെ വരുന്നവർ പരിചയക്കാരാണെങ്കിൽ ചിരിക്കണം. അത് അച്ഛൻ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയണമെന്നും അച്ഛൻ പറഞ്ഞിട്ടുണ്ട്. പരമു ആണ് എതിരെ വരുന്നത്. അകലെനിന്നേ അയാളുടെ മണം മൂക്കിലടിച്ചുകയറും. പരമു കുളിക്കാറുണ്ടോയെന്ന് സംശയമാണ്. വൃത്തിഹീനൻ എന്നു വിശേഷിപ്പിച്ചാൽ അത് ആ വാക്കിനൊരു നാണക്കേടാവും. പരമു അകലെ നിന്നുതന്നെ എന്നെ അടിമുടിയൊന്നു നോക്കി, ഇതെന്തുപുകില്, ഞാൻ കിഴക്കനേത്തെ പ്രഭാകരന്റെ ഇളയ സന്താനമാണെന്നും കോളജിൽ പഠിക്കുകയാണെന്നുമൊക്കെ ഇയാൾക്കറിയാമല്ലോ പിന്നെയെന്തിന്? അടുത്തുവന്നപ്പോൾ ഞാൻ പരമുവിനെയൊന്നുനോക്കി അപ്പോഴും അയാൾ നോട്ടം വിടാൻ പ്ലാനില്ല. കണ്ടിട്ടും ചിരിക്കാതെ ഒരു നോട്ടം മാത്രം ബാക്കിവച്ച് അയാൾ കടന്നുപോയി. എനിക്കതത്ര തൃപ്തിയായില്ല നടക്കുന്നതിനിടെ ഞാനൊന്നു തിരിഞ്ഞു നോക്കി. അയാളും ഒപ്പം ഒരുമാതിരി ആക്കിയ ചിരിയും. എന്തുപറ്റി? എൻറെയുള്ളിൽ സംശയത്തിന്റെ രോഗഗ്രന്ഥികൾ വീണ്ടും ഉണർന്നു തുടങ്ങി.

ഇത്തവണ ഞാൻ സംശയത്തിനു കീഴ്പ്പെടാൻ ഒരുക്കമല്ല. മുൻപും പലതവണ എടുത്തിട്ടുള്ള ഒരു തീരുമാനമാണത്. സമയഭേദംകൊണ്ട് സംശയം പലപ്പോഴും എന്നെ കീഴടക്കിക്കളഞ്ഞു. പക്ഷേ ഇത്തവണ അങ്ങനെയല്ല സംശയം അവിടെ നിലക്കട്ടെ ഞാൻ മുന്നോട്ടുതന്നെ.

വളവുതിരിഞ്ഞാൽ ഗ്രാമത്തിലെത്താം ശശിയുടെ ചായക്കട, സേവ്യറുചേട്ടന്റെ പീടിക, റേഷൻകട, തീർന്നു. പിന്നെയുള്ളത് കഞ്ചാവുസോമന്റെ മീൻകടയാണ് അത് ഉച്ചകഴിഞ്ഞേ തുറക്കൂ അയാൾ രാവിലെ വല്ല ഓടയിലുമാവും കിടപ്പ്. തലേന്നത്തെ കെട്ട് വിട്ട് വീട്ടിലെത്തി കുളിയും കഞ്ഞികുടിയും ഭാര്യയ്ക്കിട്ട് നാലുതൊഴിയും കൊടുത്ത് ഉച്ചകഴിഞ്ഞേ കടയിലെത്താറുള്ളൂ. മെയിൻ റോഡിൽ നാലഞ്ചുപേർ നിൽപുണ്ട്. എന്റെ സഹജസ്വഭാവമനുസരിച്ച് അവരെ ആരേയും നോക്കാതെ തലകുനിച്ച് വളരെ സാവധാനം ഞാൻ റോഡിൽ കടന്നു. അവർ അവിടെ എന്തെടുക്കുകയാണെന്ന് ഞാൻ നോക്കിയില്ല. നോക്കേണ്ട ആവശ്യം എനിക്കില്ലല്ലോ. പെട്ടന്ന് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. എന്റെ പിന്നിൽ നിന്ന് അവരെന്തു പറഞ്ഞാവും ചിരിച്ചിട്ടുണ്ടാവുക? എന്നെക്കുറിച്ചാവുമോ? സംശയം വീണ്ടും മുളപൊട്ടുകയായി. എങ്കിലും ഞാൻ അധീരനാവാൻ ഒരുക്കമല്ലായിരുന്നു. പഴയ ഷീറ്റുകൾ എഴുന്നുനിൽക്കുന്ന, സൂര്യകിരണങ്ങൾക്ക് എളുപ്പം കടന്നുവരാവുന്ന വെയിറ്റിംഗ് ഷെഡിൽ കയറി ഞാൻ നിലയുറപ്പിച്ചു. സമയം 8.10 ബസ് വരാൻ 5 മിനിറ്റുകൂടിയുണ്ട്. ബസിനു പോകേണ്ടവരാണെന്നു തോന്നുന്നു. നാലഞ്ച് സ്ത്രീകൾ അപ്പുറത്ത് നിൽപുണ്ട്. അവരും എന്നെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു.

എനിക്കു പിടിച്ചുനിൽപില്ലാതെയായി മനസിലൂടെ ചിന്തകളുടെ നൂറായിരം മിന്നൽപ്പിണറുകൾ ഒന്നിച്ചു പാഞ്ഞുപോയി, ഞാൻ പതിയെ തല കുനിച്ച് എന്റെ ശരീരത്തിലേക്കു നോക്കി. ഉണ്ട്, പാന്റ്സ് ഇട്ടിട്ടുണ്ട്, ഷർട്ടും, രണ്ടിലും ചെറുതായൊന്ന് പിടിച്ചുനോക്കി ഉണ്ടോയെന്നുറപ്പിക്കാൻ, പോരാ കുറച്ചുകൂടി സൂക്ഷിച്ചുനോക്കി. ഇല്ല, കുഴപ്പമൊന്നുമില്ല, ചെളിയൊന്നും പറ്റിയിട്ടില്ല, പിന്നെന്താണ് പ്രശ്നം? ആ എന്തെങ്കിലുമാവട്ടെ, എന്റെ ഓരോരോ സംശയങ്ങള്!

ഞാനിപ്പോൾ ബസിൽ കോളജിലേക്കുള്ള യാത്രയിലാണ്, ബസിൽ സാമാന്യം തിരക്കുണ്ട് എന്റെ സീറ്റിൽ ഒപ്പമിരിക്കുന്നത് അമ്പതുകഴിഞ്ഞ ഒരു കട്ടിമീശക്കാരനാണ്. പുള്ളി ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്. തൊട്ടു മുമ്പിലത്തെ സീറ്റിൽ ഒരു പള്ളീലച്ചൻ അടുത്ത് ഒരു കിളവൻ, കപ്യാരായിരിക്കും, പിന്നിൽ ആരാണിരിക്കുന്നതെന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കിയില്ല, അതിന്റെ ആവശ്യമില്ലല്ലോ!

ഞാൻ ചിന്തയിലമർന്നു, ദിവാസ്വപ്നം കാണുക എന്റെയൊരുശീലമാണ്, കാണുന്ന സ്വപനങ്ങളൊന്നും നടക്കില്ലെന്നതാണ് എന്റെ അനുഭവം. അതുകൊണ്ട് ഞാനൊരു കാര്യം ചെയ്യും ഞാനെന്തുകാണാൻ ആഗ്രഹിക്കുന്നുവോ അതിനു വിപരീതമായ സ്വപ്നങ്ങളിൽ മുഴുകും. പരീക്ഷയ്ക്ക് തോറ്റു ഞാൻ വീട്ടിലേക്ക് വരികയാണ് അച്ഛൻ, അമ്മ, പെങ്ങൾ, അച്ഛന്റെ ശകാരം, അമ്മയുടെ എണ്ണിപ്പറച്ചിൽ, പെങ്ങളുടെ പരിഹാസം എല്ലാമാവുമ്പോൾ പൂർത്തിയായി. ഇനി അങ്ങനൊന്ന് സംഭവിക്കില്ലല്ലോ, ഞാൻ പരീക്ഷ ജയിച്ചിരിക്കും തീർച്ച!

ഒരു നിമിഷം, ഞാൻ ഉറക്കെ എന്തെങ്കിലും പറഞ്ഞോ? അതിനു സാധ്യതയുണ്ട്, മനസിൽ ചിന്തകൾ കൂടുകെട്ടി മഥിച്ചുതുടങ്ങുമ്പോൾ ഏതെങ്കിലുമൊരു നിമിഷം ബഹിർസ്ഫുരണത്തിന് സാധ്യതയുണ്ട്. ചുണ്ടുകളുടെ വിലക്കുകൾ മറികടന്ന് നാക്ക് സ്വതന്ത്രമായി എന്റെ ചിന്താദ്രവ്യത്തെ ശബ്ദരൂപത്തിൽ പുറത്തെ വിശാലതയിലേക്കു തള്ളിയിട്ടുണ്ടാവാം. ആരുടെയെങ്കിലുമൊക്കെ ചെവികളിൽ അതു ചെന്ന് തറഞ്ഞിട്ടുണ്ടാവാം. എന്താണ് ഞാൻ പറഞ്ഞിട്ടുണ്ടാവുക? മുമ്പിലിരിക്കുന്ന പാതിരിയും എന്നൊടൊപ്പമിരിക്കുന്ന കട്ടിമീശക്കാരനും പുറകിലിരിക്കുന്ന ആരേലുമൊക്കെ അത് കേട്ടിട്ടുണ്ടാവാം. ശ്ശെ, നാണക്കേടായല്ലോ! ഞാനെന്തെങ്കിലും പറഞ്ഞോയെന്ന് തന്നെ എനിക്കത്ര ഉറപ്പില്ല. എന്നാലും ഇനിയത് ആവർത്തിക്കാൻ ഇടവരരുത്. ചുണ്ടുകൾ അമർത്തി പല്ലുകൾ കടിച്ചിറുമ്മി ഞാനിരുന്നു. ഇനിയേതായാലും ശബ്ദം പുറത്തേക്ക് വരാൻ വഴിയില്ല. സംശയങ്ങൾ എന്നെ എന്തെല്ലാം വേഷങ്ങളാണ് കെട്ടിക്കുന്നത്.

കോളജെത്തി, കവാടത്തിൽ പെൺകുട്ടികളും, ആൺകുട്ടികളുമുണ്ട്. ഞാനവരെ നോക്കിയില്ല. എന്റെ കലൻകുടയുടെ കൂർമുനമ്പിൽ കണ്ണുറപ്പിച്ച് ഞാൻ മുന്നോട്ട് നടന്നു, ആരെങ്കിലുമൊക്കെ എന്നെ ശ്രദ്ധിക്കുന്നുണ്ടാവണം. പക്ഷേ ഞാനാരേയും ശ്രദ്ധിച്ചില്ല. അത് എന്റെ സ്വഭാവമല്ല. പുറകിൽ നിന്നൊരു ശബ്ദം ശൂശൂ വിളി, അതെന്നെയാവണമെന്നില്ല. അങ്ങനെ വിളിച്ചാൽ തിരിഞ്ഞു നിൽക്കാൻ ഞാനൊരുക്കമല്ല. എനിക്കൊരു പേരുണ്ട് അച്ഛനമ്മമാർ ഇട്ടപേര് - മൃത്യുഞ്ജൻ, ആ പേരു വിളിക്കുന്നവരോടെ ഞാൻ വിളി കേൾക്കാറുള്ളൂ.

പ്രധാന വഴികടന്ന് മെയിൻ ബ്ലോക്കിലേക്കുള്ള നടകൾ കയറിതുടങ്ങിയപ്പോഴാണ് കണ്ടത്, വഴി വിലങ്ങിയെന്നവണം സഹപാഠികൾ നടയിലിരിക്കുന്നു. ആശ്വാസമായി, അവരുടെ ഒപ്പം ചെന്നാലേ എന്റെ സംശയങ്ങളുടെ പിൻവിളി അവസാനിക്കൂ. ക്ലാസിൽ ചെല്ലുന്നതിനു മുമ്പേ അവരെ കാണാൻ പറ്റിയത് എത്ര നന്നായി, ദൈവം വലിയവൻ തന്നെ.

പൊലീസ് കോൺസ്റ്റബിളിന്റെ മകൻ രഘുവാണ് എന്റെ ആത്മ മിത്രം. നേരെ അവന്റെയടുക്കലേക്കു ചെന്നു. കാലൻകുട അരികിൽ വച്ച് പുസ്തകങ്ങൾ നടയിലേക്കിട്ട് ഞാനിരുന്നു. ദീർഘമായി ഒന്നു നിശ്വസിച്ചു, എത്ര ആശ്വാസം.

എന്താ മൃത്യഞ്ജയ, നീ ഇന്നിങ്ങനെ? ചോദ്യം രഘുവിന്റേതാണ്.

എനിക്കൊന്നും പിടികിട്ടിയില്ല.

എന്ത്?

നീയിപ്പോൾ ഇങ്ങനെയാണോ?

എങ്ങനെ?

അല്ല, വെറുതെ ചോദിച്ചെന്നേയുള്ളൂ, നീ അടുത്ത കാലത്ത് വല്ല ഇംഗ്ലിഷ് പടവും കണ്ടോ?

ഇല്ല.

സാധാരണ ഗതിയിലാണെങ്കിൽ സംശയങ്ങളുടെ പെരുമ്പറ മുഴങ്ങേണ്ട സമയമായി, പക്ഷേ ഇപ്പോൾ ആ പ്രശ്നമില്ല.

രഘു, വിടാൻ ഭാവമില്ല

എം.ടി.വി. കാണാറുണ്ടോ?

ഞങ്ങളുടെ നാട്ടിൽ ദൂരദർശൻതന്നെ കഷ്ടിയാണ്. അപ്പോഴാണ് എം.ടി.വി, എന്താ പ്രശ്നം?

അപ്പോഴാണ് മറ്റുള്ളവരുടേയും ശ്രദ്ധ എന്നിൽ പതിഞ്ഞത്, എല്ലാവരും എന്നെയൊന്നു നോക്കി, പിന്നെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. ചിരിയുടെ അലകൾ കലാലയത്തിന്റെ നാലുകോണുകളിലും ചെന്നലച്ചു, മനസ്സിന്റെ ഉൾഭിത്തികളിൽ എവിടെയോ പഴയവിങ്ങൽ. എന്താണ് കാര്യം? സ്വരമിടറിത്തുടങ്ങിയിരുന്നു.

മനസ് അതിവേഗം പിന്നോട്ടോടി, നായയെപ്പോലെ കിതച്ചു, പരമു, കവലയിലെ ആൾക്കൂട്ടം, ബസ്റ്റോപ്പിലെ സ്ത്രീകൾ, ബസ്സിനുള്ളിലെ യാത്രക്കാർ, കലാലയ കവാടത്തിലെ പിള്ളേരുകൂട്ടം, പൊട്ടിച്ചിരി, ശൂശൂ വിളി, തറപ്പിച്ചൊരു നോട്ടം, അടക്കിയ ചിരി, ആക്കിയ ചിരി...

വയ്യ, എനിക്കു വയ്യ സംശയത്തിന്റെ മേലാപ്പ് എന്റെ മുകളിൽ പെയ്യാനൊരുങ്ങി നിൽക്കുന്നു, ഇടിമിന്നലുകളും, മുഴക്കവും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

നടയിലിരുന്നവർ ഓരോരുത്തരായി അടുത്ത് വന്ന് എന്റെ മുന്നിൽ വട്ടം കൂടി നിന്നു. എനിക്ക് തലചുറ്റി ലോകം കീഴ്മേൽ മറിഞ്ഞു, ഒരുത്തൻ എന്റെ തലപിടിച്ചുയർത്തി, രണ്ടുപേർ എന്റെ രണ്ടുകൈകളിലും പിടിച്ചു.

ഒരു നിമിഷം, അതുവരേയും കാണാതിരുന്ന ആ മഹാസത്യം ഞാൻ അപ്പോഴാണ് കണ്ടത്, ഇടതു കൈത്തണ്ടയിൽ പഴയവാച്ച് വലതു കൈത്തണ്ടയിലോ? ഒന്നു കൂടി സൂക്ഷിച്ചു നോക്കി, ശരിയാണ്.

ചുവപ്പും, പച്ചയും നീലയും നിറമുള്ള മൂന്ന് വർണ്ണ വളയങ്ങൾ, എന്റെ പെങ്ങളുടെ വളകൾ, ദൈവമേ, രാവിലെ ചിന്തകളുടെ അപാരഘട്ടത്തിൽ ഞാനെപ്പോഴോ പെങ്ങളുടെ മുറിയിൽ കയറിയിരുന്നു, അവിടെ നിന്നാവണം ഇതെന്റെ കൂടെക്കൂടിയത്.

എന്തുചെയ്യണം?

ചമ്മിക്കഴിഞ്ഞിരിക്കുന്നു, ദിവാസ്വപനക്കാരന് ദൈവത്തിന്റെ ശിക്ഷ, എങ്കിലും ഞാനൊന്ന് ചിരിച്ചു, അൽപം ഉറക്കെത്തന്നെ, അതുകണ്ടപ്പോൾ മറ്റുള്ളവരുടെ ചിരിമാഞ്ഞു, അവരെന്നെ നോക്കി.

ഇതാണെടേ പുതിയ ഫാഷൻ തെല്ലും സംശയമില്ലാതെ ഞാൻ പറഞ്ഞു, ഇപ്പോൾ സംശയം എനിക്കല്ല, അവർക്കാണ് ആരുമൊന്നും മിണ്ടുന്നില്ല. ഞാൻ തുടർന്നു, ആൺക്കുട്ടികൾക്കും വള ധരിക്കാം, ഇത് പെൺവളയല്ല, ആൺവള എന്താണ് കുഴപ്പം?

കേട്ടവർ ചിന്തിച്ചു, ശരിയാണ് എന്താ കുഴപ്പം, ഇപ്പോൾ എന്നെക്കാൾ ചിന്ത അവർക്കാണ് കഴിഞ്ഞുപോയ നിമിഷങ്ങളുടെ സംഘർഷം മനസിൽ നിന്നൊഴിഞ്ഞപ്പോൾ ഞാൻ പതിയെ ക്ലാസിലേക്ക് നടന്നു, കയ്യിലെ കിലുങ്ങുന്ന വള അവിടെത്തന്നെ കിടക്കട്ടെ.

ഫസ്റ്റ് ബെല്ലടിച്ചു പെൺക്കുട്ടികൾ വന്നു തുടങ്ങി, ഞാൻ അവരെ നോക്കാറില്ല, നിമിഷങ്ങൾ അടർന്നുവീണു പുറത്ത് അതാ ഒരു ആരവം.

സതീർഥ്യരെല്ലാമുണ്ട് വലംകൈകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നു, അത്ഭുതം അതാ എല്ലാവരുടേയും കൈകളിൽ വളകൾ, ചുവപ്പ്, നീല, മഞ്ഞ, കറുപ്പ്, പച്ച...... സമൃദ്ധമായ നിറങ്ങളിൽ ആൺക്കുട്ടികളുടെ സൈഡിൽ നിന്നും വളകിലുക്കം ഉയർന്നതോടെ മറുപക്ഷത്തെ പെൺ വളകൾ ചിരിക്കാതെയായി.

പിറ്റേന്ന് ഞാൻ ക്ലാസിൽ പോയില്ല, അതിനടുത്ത ദിവസം ഞാൻ വളരെ സൂക്ഷിച്ചാണ് കോളജിൽ പോയത്. കവാടത്തിനു പുറത്ത് വെച്ച് ഞാൻ എന്നെ അടിമുടി ഒന്ന് നോക്കി, ഇല്ല കുഴപ്പമൊന്നുമില്ല, കൈയിൽ വളകളുമില്ല.

പെട്ടന്നൊരു വളകിലുക്കം പിന്നിൽ അത് എന്നെ കടന്നുപോയി, ദൈവമേ, ഞാൻ മുന്നോട്ടു നടന്നു അതാ അവിടെയും ആണുങ്ങളുടെയെല്ലാം കൈകളിൽ വളകൾ, ഫാഷൻ ഇത്രവേഗം തരംഗമായോ...?