നാവോറു പാടുമ്പോൾ...

ഉടയാത്ത ഒരു വിഗ്രഹം വേണം

കണ്ണ് തട്ടാതിരിക്കാൻ

മീറ്റുവിന്റെ ഉമ്മറത്ത് വെക്കാനാണ്!

നിശബ്ദമായ് ഉടഞ്ഞു ചിതറി

ആരുമറിയാതെ സ്വയം പെറുക്കികൂട്ടി

സുതാര്യമായ ഏതോ പശയാൽ

ചേർത്തു വെച്ചിട്ടും വിടവുകൾ ബാക്കിയായ്

ഇല്ലയില്ലെന്ന് ആയിരം വട്ടം ആവർത്തിച്ച്

നോക്കൂ എന്റെ മുറിവുകളെന്ന്

ഒരുനാൾ ചങ്കു പൊട്ടി ആർക്കേണ്ടി വരുമ്പോൾ

അഴിഞ്ഞു വീഴുന്ന മുഖമൂടികളുടെ

ദൃഷ്ടിദോഷമേറ്റുവാങ്ങാൻ

ഒന്നെങ്കിലും വേണ്ടെ

ഉടയാത്ത ഒരു വിഗ്രഹമെങ്കിലും 

പിഴച്ചവരുടെ പിഴകൾക്ക്

പിഴയായ് ഒതുങ്ങിയവർ

പിഴയറ്റു തീർന്നവർ

നിഴലിൽ നിന്ന് നിവർന്ന്

ഞാൻ കൂടി എന്ന് നിരക്കുന്നവർ

കണ്ണുമങ്ങി മഞ്ഞളിച്ചവരുടെ

കണ്ണേറ് നീക്കാൻ

ഒരു വിഗ്രഹം, ഒന്നേ ഒന്ന്

ഇല്ലെങ്കിൽ

ഒരു വേള അവർ നിശബ്ദരായാലൊ