ഒന്നു നിൽക്കുക

ഇവിടെ നമ്മളും, മക്കളും പിന്നെ, 

ഉഴുതൊരുങ്ങുമീ പാടവും കാണുക. 

ഇനിയറിഞ്ഞു വിതച്ചില്ലയെങ്കിലോ, 

കതിരിടും വിഷപ്പൂവുകളോർക്കണം. 

ഒരു തലമുറയ്ക്കന്യമായ് വന്നവ, 

പുതുതലമുറ സ്വന്തമാക്കീടുമ്പോൾ, 

എവിടെ നമ്മുടെ സത്യം, വ്രതശുദ്ധി?, 

എവിടെ നമ്മുടെ സ്ത്രീത്വം കുലീനത? 

അറിവു നാവിൽ വിളമ്പേണ്ടവന്റെ, 

നാവരിയും അന്ധത കലികാലവൈഭവം. 

ഇരുളിലെരിയുവാൻ ഒരു തിരി പോലുമില്ലാ

തഴലിൽ മുങ്ങിലും പുഷ്ക്കരതന്ത്രങ്ങൾ. 

അരുതപമാനിതയായ പെൺകൊടീ 

ഉണർന്നു നീ നിൻ ചിലമ്പണിഞ്ഞീടുക. 

മതിയിവിടെ കാർക്കോടക ദംശനം. 

ഉരിഞ്ഞെറിയുകീ വിഷപടങ്ങളെ. 

ഒന്നുമാറ്റി മറ്റൊന്നിലാക്കിയ 

ധന്യനൊരു യോഗി ചിരിക്കുന്നു. 

നേരറിയുക, നേരു പറയുക, 

നേരു മാത്രമാണിനിയും ജയിക്കുക. 

കാടിറങ്ങി കനിവ് തീണ്ടുക, 

മനനമറിയുന്ന മനുഷ്യനാവുക.