Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ

rain-story

“ഓ... ഇതെന്തൊരു നശിച്ച മഴയാണ്”... ഉമ്മറ പടിയിൽ നിന്നു പുറത്തേക്കുനോക്കി അമ്മ അക്ഷമയായി പിറുപിറുത്തു. എന്നാൽ അവനാകട്ടെ അതിയായസന്തോഷത്തിൽ ആയിരുന്നു. മഴ തോർന്നില്ലെങ്കിൽ സ്കൂളിൽ പോകണ്ടല്ലോ. നിനച്ചിരിക്കാതെ സ്കൂൾ അവധി കിട്ടുന്നത് കൊണ്ടു മാത്രമല്ല. മഴയോട് എന്നുംഅവനു പ്രണയമായിരുന്നു.  അവൻ ജനിച്ച സമയത്തു പേമാരിയായിരുന്നു എന്നുമുത്തശ്ശി പറയാറുണ്ട്.

കുഞ്ഞുന്നാളിൽ മാമുണ്ണാൻ കൂട്ടാക്കാതിരിക്കുമ്പോൾ അമ്മ അവനു മഴ കാട്ടികൊടുക്കുമായിരുന്നു. ഓടിന്റെ വക്കിലൂടെ ധാരയായി വീഴുന്ന മഴത്തുളികൾ തട്ടിതെറിപ്പിച്ചു കളിക്കുമ്പോൾ മഴ അവനു ഒരു കളികൂട്ടുകാരിയായിരുന്നു. മുറ്റത്തെതെങ്ങിന് ചുറ്റും തടം വെട്ടിയിട്ടുണ്ട്. മഴവെള്ളം നിറഞ്ഞു അവിടം ഒരു ചെറിയകുളം പോലെയാകുമ്പോൾ അമ്മയുടെ കണ്ണു വെട്ടിച്ചു അവൻ ആ വെള്ളത്തിൽനീന്തി കളിക്കും. മഴതോർന്നു വെള്ളം താണത് തിരിച്ചറിയാതെ ചളിയിൽ മുങ്ങികളിച്ചപ്പോൾ  തുടയിൽ കിട്ടിയ അടിയുടെ പാട് മാറാൻ ഒരുപാട് നാളെടുത്തു.

സ്കൂളിൽ പോകുമ്പോൾ അമ്മ കുട കൊടുത്തയക്കുമെങ്കിലും അവൻ അതു മടക്കി ബാഗിൽ വയ്ക്കും. എന്നിട്ട് മഴ നനഞ്ഞും, വെള്ളം തെന്നി കളിച്ചും, മഴവെള്ളത്താൽ വിങ്ങി പൊട്ടാൻ വിതുമ്പി നിൽക്കുന്ന മരച്ചില്ല ചാടി കുലുക്കിയുമൊക്കെ കളിച്ചേ അവൻ വീട്ടിലേക്കു വരുമായിരുന്നുള്ളു . ഒടുവിൽ പനിപിടിച്ചപ്പോൾ അമ്മ അവനെ ശകാരിച്ചു. ഇനി മേലാൽ മഴയത്തു കളിക്കരുത് എന്നുതാക്കീതും നൽകി. എന്നാൽ പുറത്തു പെയ്യുന്ന ചാറ്റൽ മഴയെ ജനലിലൂടെ നോക്കികൊണ്ട് അവൻ പറഞ്ഞു, "ഈ പനിയൊന്നു മാറിക്കോട്ടെ", കൂടെ ഒരു കള്ളചിരിയും. കൂട്ടുകാരുമൊത്തു വീടിന്റെ മുന്നിൽ കളിവള്ളം  ഉണ്ടാക്കി കളിക്കുന്നനേരത്തു, ആർത്തലച്ചു പെയ്ത മഴ തന്റെ വള്ളം തകർത്തു കുസൃതി കാട്ടിയപ്പോൾഅവൻ കടുത്ത പരിഭവം കാട്ടി. വരാന്തയിൽ പിണങ്ങിയിരുന്ന അവന്റെമുഖത്തേക്ക് ഒരു തൂവാലയെന്ന പോലെ മഴത്തുള്ളികൾ തഴുകിയപ്പോ അവന്റെപരിഭവം എല്ലാം കാറ്റിൽ പറന്നു.

ഒഴിവുദിവസങ്ങളിൽ വൈകുന്നേരം അച്ഛന്റെ വിരൽതുമ്പിൽ തൂങ്ങി കവലയിലേക്കു പോകുമായിരുന്നു. കണ്ണെത്താദൂരത്തു വിശാലമായി പരന്നു കിടക്കുന്ന പാടത്തിനു ഒത്ത നടുവിലുള്ള വരമ്പിലൂടെയാണ് യാത്ര. മഴയ്ക്കു മുന്നോടിയായി ആകാശം കറുത്തിരുണ്ടിരിക്കുന്നു. ആ കാഴ്ച അവനു വളരെ ഇഷ്ടമാണ്. ഭൂമിക്കു ചുറ്റും ഒരു കറുത്ത കുട നിവർത്തി വച്ചിരിക്കുന്നത് പോലെയാണ് അവനു അനുഭവപ്പെട്ടിരുന്നത്. മഴപെയ്യുന്നതിനു മുന്നേ അങ്ങേ കരയിൽ എത്താനായി അച്ഛനെ അവനെ എടുത്തു വേഗത്തിൽ നടക്കും. ചക്രവാളം നോക്കി അച്ഛന്റെ തോളിൽ അവനങ്ങനെ ചാഞ്ഞു കിടക്കും. ചൂട് ചായയും ഒരു പഴംപൊരിയും പിന്നെ കോരി ചൊരിയുന്ന മഴയും. അവന്റെ മനസ്സിന് കുളിരേകാൻ മറ്റെന്താണ് വേണ്ടത്?

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ അച്ഛൻ സൈക്കിൾ വാങ്ങിച്ചു കൊടുത്തു. പൊടിമീശയിൽ ഒരൽപ്പം കരിപുരട്ടി കട്ടി വരുത്തി, മുടി മിനുക്കത്തിൽ ചീകിഒതുക്കി, വെള്ള മുണ്ടും ഷർട്ടുമിട്ട് സൈക്കിളിൽ അവളെ കാണാൻ പോകുമ്പോൾഅവന്റെ ഹൃദയതാളം ശിങ്കാരിമേളത്തെ വെല്ലും. അവൾ അമ്പലദർശനം കഴിഞ്ഞുവരുന്ന വഴിയിൽ അവൻ കാത്തു നിൽക്കും. അവളെ ദൂരെ നിന്നു കാണുമ്പോൾതന്നെ അവൻ സൈക്കിൾ അവൾക്കു എതിരെ ചവുട്ടി തുടങ്ങും. അരികിലെത്തുമ്പോൾ അവളുടെ ശ്രദ്ധ കിട്ടാൻ എന്തെങ്കിലുമൊക്കെ അഭ്യാസങ്ങൾകാട്ടിക്കൂട്ടാൻ ശ്രമിക്കും. അമ്മ കൂടെ ഉള്ളതിനാൽ കുമ്പിട്ടാണ് അവളുടെ നടപ്പു. എന്നിരുന്നാലും ഇടംകണ്ണ് കൊണ്ടുള്ള അവളുടെ നോട്ടം മാത്രം മതി അവനു തൃപ്തിയാവാൻ. പതിവിലും വിപരീതമായി അന്ന് അവൾ അവനെ നോക്കിപുഞ്ചിരിച്ചു. അവന്റെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല. രണ്ടും കയ്യും വിട്ട് ആഹ്ലാദം പ്രകടിപ്പിച്ച അവൻ നേരെ ചെന്നു വീണത് റോഡിന്റെ വശത്തു കൂടിഒഴുകുന്ന തോട്ടിലേക്കാണ്.

കൂട്ടുകാരികളോടൊപ്പം അമ്പലത്തിൽ പോയ ഒരു ദിവസം അവൻ അവളോട്‌തന്റെ ഉള്ളിലെ പ്രണയം തുറന്നു പറഞ്ഞു. എന്നാൽ പേടിച്ച പേടമാനിനെ പോലെഅവൾ ഒഴിഞ്ഞു മാറി പോയി. അവന്റെ മുഖത്തേക്കു ഒന്നു നോക്കുക പോലുംചെയ്യാതെ. "ഉത്തരം നേരിട്ടു പറയാൻ മടിയാണെങ്കിൽ നാളെ ദാവണി ഉടുത്തുവന്നാൽ മതി. ഞാൻ സമ്മതമാണെന്ന് കരുതിക്കൊള്ളാം". തിരിഞ്ഞു നടന്നു പോയഅവളോട്‌ അവൻ പറഞ്ഞു.

പിറ്റേ ദിവസം അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ മിന്നി തിളങ്ങി. ഇളംചുവപ്പും മഞ്ഞയും കലർന്ന ദാവണി ഉടുത്തു മുടിയിൽ മുല്ലപ്പൂ ചൂടി വന്ന അവൾക്കുഎതിരെ അന്ന് അവൻ സൈക്കിളിൽ പോയില്ല. അവൾ വരുന്ന വഴിയിൽ നിന്നുകുറച്ചകലെ മാറി അവൻ അവളെ നോക്കി നിന്നു. പതിവായി അവനെ കാണാറുള്ളവഴിയിലെല്ലാം അവളുടെ കണ്ണുകൾ അവനെ തേടിയലഞ്ഞു. ഒടുവിൽ തോടിനുകുറുകെയുള്ള പാലത്തിന്റെ കൈവരിയിൽ പെട്ടെന്ന് അവനെ  കണ്ടപ്പോൾഅവളുടെ വാടിയ മുഖം ചുവന്നു തുടുത്തു, കണ്ണുകൾ ഈറനണിഞ്ഞു. അവനെനോക്കി പുഞ്ചിരിച്ചു കൊണ്ടു അവൾ കടന്നു പോയി. അവൻ അത്രയും സന്തോഷംജീവിതത്തിൽ അന്ന് വരെ അനുഭവിച്ചിട്ടില്ല. അവൾ ദൂരേയ്ക്ക് നടന്നു പോകുന്നത്അവൻ ഇമചിമ്മാതെ നോക്കി നിന്നു. കണ്ണടച്ചു കൈകൾ വിരിച്ചു ആകാശത്തേക്ക്നോക്കി നിന്ന അവന്റെ കണ്ണിലേക്ക് അടർന്നു വീണ ഒരു മഴത്തുള്ളി മുത്തമിട്ടു.  പിന്നാലെയെത്തിയ പെരുമഴ അവന്റെ ആഹ്ലാദത്തിൽ പങ്കുചേരും വിധംആനന്ദനൃത്തമാടി.  

തന്റെ ഒരു നോട്ടത്തിൽ തന്നെ നാണം കൊണ്ടിരുന്നവളുടെ തോളിൽകൈവച്ചു തന്നോട് ചേർത്തു പിടിച്ചത് ഒരു മഴയത്തായിരുന്നു. ഒരുമിച്ചൊരുകുടക്കീഴിൽ ആ വരമ്പിലൂടെ അവർ മുട്ടിയുരുമ്മി നടന്നു. പിന്നൊരിക്കൽആളൊഴിഞ്ഞ കോണിൽ അവളുടെ ചെഞ്ചുണ്ടിന്റെ മധുരം നുകർന്നപ്പോൾകരിവളകൾ പൊട്ടി വീണ ശബ്ദം സായംസന്ധ്യയിലെ മഴയിലെങ്ങോ അലിഞ്ഞുപോയി. അവളുടെ മൃദുലമേനിയിൽ  അവന്റെ കരതലം ചിത്രം വരച്ചപ്പോൾഇടവപ്പാതിയിലെ ആ മഴ അവരെ മറ്റാരും കാണാതെ മറച്ചു പിടിച്ചു നിന്നു.

ഒടുവിൽ ഒരുനാൾ  അവളുടെ പ്രണയത്തിനു വീട്ടുകാരുടെ ശകാരത്തിനുമുന്നിൽ പിടിച്ചു നില്ക്കാൻ മാത്രം ശക്തിയില്ലെന്നു പറഞ്ഞു അവൾ അവനെ വിട്ടുദൂരേക്ക്‌ മാഞ്ഞു പോയി. അമ്പലത്തിന്റെ ചുറ്റുവിളക്കിൽ തിരിതെളിക്കും നേരംമറ്റാരും കേൾക്കാതെ അവൾ അവനു നൽകിയ വാഗ്ദാനങ്ങൾ ഒക്കെയും  ഒരുമഴക്കാറ്റിൽ എങ്ങോ പറന്നു പോയിരിക്കുന്നു. ജീവിക്കുന്നെങ്കിൽ അത് മെയ്യുംമനവും നിനക്കു മാത്രം അർപ്പിച്ചു നിന്റെ സഖിയായി മാത്രം എന്ന് നാമജപം പോലെപല തവണ മന്ത്രിച്ചിരുന്നവൾ ഇന്ന് അവന്റെ ജീവിതത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു. അവൾ അകലേക്ക് നടന്നു പോകുന്നത് വ്യക്തമായി കാണാൻസാധിക്കാത്ത വണ്ണം അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. അന്നേരം ഇരുൾ മൂടിപെയ്ത ആ മഴ അവന്റെ കണ്ണുനീർ തന്നെ ആയിരുന്നു.

ഹൃദയം ഒരു ചില്ലു പാത്രം പോലെ താഴെ വീഴ്ത്തി ഉടയ്ക്കുമ്പോഴും വളരെലാഘവത്തോടെ അടുത്ത ജന്മത്തിൽ നമുക്ക് ഒരുമിക്കാം എന്ന പതിവ്  പാഴ്വാക്ക്പറയാൻ അവൾ മറന്നില്ല. എന്നാൽ അവനു അത് ഒരു പാഴ്വാക്ക്ആയിരുന്നില്ലായിരിക്കാം. അതായിരിക്കാം ഒരു പക്ഷെ ഈ ജന്മത്തോട് വിട പറയാൻഅവനെ പ്രേരിപ്പിച്ചതും. ഒടുവിൽ കാൽവിരലുകൾ കൂട്ടി കെട്ടി ഉമ്മറത്ത് പായവിരിച്ചു അവനെ കിടത്തിയപ്പോൾ പുറത്തു ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു.അവൻ ജനിച്ചപ്പോൾ പെയ്ത പോലെ ഒരു പേമാരി. ആ മഴ സാധാരണ പോലെപെയ്തൊഴിഞ്ഞില്ല. മരണാന്തര ചടങ്ങുകൾ ഒക്കെ കഴിഞ്ഞു സ്വന്തക്കാർക്കുംബന്ധുക്കൾക്കും ഒക്കെ അവൻ മനസ്സിൽ ഒരു ഓർമ്മ മാത്രമായി മാറിയെങ്കിലും, മൂന്നു നാൾ മുന്നേ തുടങ്ങിയ മഴ ഇന്നും തോർന്നിട്ടില്ല.

ആ കണ്ണുനീർ ഇനിയും പൊഴിയുവാനായി ബാക്കിയുണ്ടാവാം......