Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്ക്അപ്മാനെ മർദിച്ച സംഭവം; പ്രയാഗ പ്രതികരിക്കുന്നു

prayaga

പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടി പ്രയാഗ മാർട്ടിൻ മേക്ക്അപ്മാനെ മർദിക്കാൻ ശ്രമിച്ചെന്നും അതു തടയാൻ ശ്രമിച്ച മേക്ക്അപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിഷയത്തിൽ പ്രയാഗയെ കുറ്റപ്പെടുത്തി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ യഥാർത്തത്തിൽ ഇതൊന്നുമല്ല അവിടെ നടന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പ്രയാഗ തന്നെ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു

‘ചിത്രത്തിന്റെ ഷൂട്ടിങ് അതിരാവിലെ ആയിരുന്നു. രാവിലെ 4.30 നു തന്നെ ഷൂട്ടിനായി ഞാൻ സെറ്റിൽ എത്തി. ചിത്രത്തിൽ ഞാൻ ചെയ്യുന്ന മുംതാസ് എന്ന കഥാപാതത്തിന് മേക്ക്അപ്പേ ഇല്ല. അത്രയും റിയലിസ്റ്റിക് ആയിട്ടുള്ള ഒരു വേഷമാണ്. അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ സ്വയമോ അല്ലെങ്കിൽ എന്റെ തന്നെ ടീമോ ആണു ചെയ്യാറുള്ളതും. രാവിലെ ഷൂട്ടിനായി വന്നപ്പോൾ പി.ടി സാർ പറഞ്ഞു മുഖം കുറച്ച് ഡൾ ആക്കണമെന്ന്. എന്റെ കൈവശം അതുപോലുള്ള ഷെയ്ഡ്സ് (മേക്ക്അപ് സാമഗ്രി) ഇല്ല എന്ന് ഞാൻ സാറിനോടു പറഞ്ഞു. അപ്പോള്‍ സാർ പറഞ്ഞു നമ്മുടെ മേക്ക്അപ്മാന്റെ സഹായം ചോദിക്കാം, അദ്ദേഹം ചെയ്തുതരുമെന്ന്. തുടർന്ന് സാറിന്റെ നിർദേശത്തോടെ മേക്ക്അപ്മാന്‍ എന്റെ മുഖത്ത് മേക്ക്അപ് ചെയ്തോളൂവെന്ന് ഞാൻ പറയുകയും ചെയ്തു.

prayaga-1

പി.ടി സാറിന്റെ നിർദേശം അനുസരിച്ച് മേക്ക്അപിനായി ഇരുന്ന എന്നോട് ഒരു കാര്യവുമില്ലാതെ, ‘നീയൊക്കെ ആരാന്നാ വിചാരം’ എന്നൊക്കെ പറഞ്ഞ് അയാൾ ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടാൻ തുടങ്ങി. പി.ടി സാറും രാധാകൃഷ്ണൻ സാറും ഉൾപ്പടെയുള്ളവർ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ എല്ലാവരും അതിശയിച്ചു, ഇയാളെന്താ ഇങ്ങനെയെന്നു അവരും വിചാരിച്ചു. റോഡ്സൈഡിലായിരുന്നു ഷൂട്ട് നടന്നിരുന്നത്. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പറ്റാത്ത അത്രയും മോശമായി അയാൾ എന്നോടു സംസാരിച്ചു.

അപ്പോൾ എടുക്കേണ്ട ഷോട്ട് മുടങ്ങേണ്ടെന്നു വിചാരിച്ച് ആ സമയം ഞാൻ പ്രതികരിച്ചില്ല. പക്ഷേ എനിക്കത് ഭയങ്കര വിഷമമായി. ഏകദേശം ഏഴു മണി ആയപ്പോഴാണ് ആ സീൻ എടുത്തു കഴിഞ്ഞത്. ഷൂട്ട് കഴിഞ്ഞ ഉടൻ ഞാനെന്റെ അച്ഛനോടും അമ്മയോടും വന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു. ‘പ്രയാഗ നീ ഞങ്ങളോടു പറയുന്നതിനു മുമ്പ് അവിടെ പ്രതികരിക്കേണ്ടതായിരുന്നെന്ന്’ എന്റെ അമ്മ പറഞ്ഞു.

prayaga-fukri-1

കാരണം എന്താണെന്ന് ചോദിച്ച് അറിയാനായി അമ്മ എന്നെയും കൂട്ടി മേക്ക്അപ്മാന്റെ എടുത്തു ചെന്നു. ‘ചേട്ടാ ഒരു മിനിറ്റു വരാമോ’ എന്നു ചോദിച്ചു. അയാൾ തിരിച്ച് വീണ്ടും ദേഷ്യപ്പെടുകയായിരുന്നു. ഒന്നു വരണം എനിക്ക് സംസാരിക്കണമെന്നു വീണ്ടും ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു ‘ഇങ്ങോട്ടു വന്നാൽ മതി’യെന്ന്. ഞാനും അമ്മയും അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു. അമ്മ ചോദിച്ചു ‘ഇന്നു രാവിലെ എന്റെ മകളോട് അപമര്യാദയായി സംസാരിച്ചുവെന്ന് മകൾ പറഞ്ഞു, അത് സത്യമാണോ? ആണെങ്കിൽ എന്താണ് കാരണം?

ഉടൻ അദ്ദേഹം അമ്മയോട് മോശമായി സംസാരിക്കാൻ തുടങ്ങി. ‘ അങ്ങനെ മകൾ പറയുന്നതെല്ലാം നിങ്ങൾ കേൾക്കുമോ’ എന്നായിരുന്നുഅയാളുടെ മറുപടി. എന്തെങ്കിലും ഉണ്ടെങ്കിൽ സംവിധായകനോടു ചോദിക്കാൻ അയാൾ പറഞ്ഞു. ‘സംവിധായകനോടു ഞാൻ ചോദിച്ചോളാം, ആദ്യം നിങ്ങൾ ഷൗട്ട് ചെയ്തതിന്റെ കാരണം പറയാൻ’ അമ്മ പറഞ്ഞു.

അമ്മയോട് അപമര്യാദയായി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ‘മിസ്റ്റർ നിങ്ങൾ മര്യാദ പാലിക്കണമെന്ന്’. നിങ്ങൾ അങ്ങനെ സംസാരിച്ചതിന്റെ കാരണം എനിക്കറിയണമെന്നു പറഞ്ഞ് കൈചൂണ്ടി സംസാരിച്ചു.

‘നീ കൈ ഒന്നും ചൂണ്ടാൻ നിൽക്കല്ലേ... പ്രയാഗ നീ വെറും ഒരു പെണ്ണാണ്’ എന്നു പറഞ്ഞിട്ട് അടിമുടി വൃത്തികെട്ട ഒരു നോട്ടം നോക്കി. ‘ഞാൻ നിങ്ങൾക്കെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുണ്ടെങ്കിൽ ഞാനിത് എടുത്ത് മാറ്റാൻ പോകുന്നില്ല. ഞാൻ ഒരു പെണ്ണാടോ എന്ന്’ അയാളോടു തിരിച്ചു പറഞ്ഞു. അപ്പോഴേക്കും അയാൾ എന്റെ വലതുകൈ പിടിച്ചു തിരിച്ചു. പ്രതിരോധിക്കാൻ നോക്കിയിട്ട് എനിക്കു സാധിച്ചില്ല. ഇതുകണ്ട് അയാൾ എന്റെ ഇടതുകൈയിൽ ഒരു ഇടി തന്നു. അപ്പോഴേക്കും വേറേ രണ്ടു പേർ വന്ന് അയാളെ പിടിച്ചു കൊണ്ടു പോയി. ഇല്ലായിരുന്നേൽ എനിക്ക് ചവിട്ടും തല്ലും ഉറപ്പായിരുന്നു. അത്രയ്ക്കു ക്രോധത്തോടെ നിൽക്കുകയായിരുന്നു അയാൾ.

ഇത്രയും നേരം ഞാൻ പ്രതികരിക്കാതിരുന്നത് താരസംഘടനയായ അമ്മയിൽ നിന്നുള്ള നിർദേശത്തെത്തുടർന്നാണ്. സംഭവം നടന്ന ശേഷം ഞ‍ാൻ ആദ്യം ചെയ്തത് അമ്മ ഭാരവാഹികളെയെല്ലാം വിളിച്ചു കാര്യം പറഞ്ഞു. അവർ പേടിക്കേണ്ട, ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്, വിഷമിക്കേണ്ട എന്നു പറഞ്ഞതുകൊണ്ടും, സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് സാറിന്റെ നിർദേശത്തെയും തുടർന്നാണ് പൊലീസ് കേസുമായി ഞാൻ പോകാതിരുന്നത്. കാരണം ഷൂട്ടുനടന്ന സ്ഥലത്തുവച്ചുതന്നെ പ്രശ്നം പരിഹരിച്ചതായിരുന്നു. മേക്ക്അപ്മാൻ എന്റെ അടുത്തുവന്ന് സംവിധായകൻ ഉൾപ്പടെ എല്ലാവരുടെയും മുന്നിൽവച്ച് സോറി പറഞ്ഞിരുന്നു.

ഞാൻ നിയമപരമായി കേസുമായി പോകുമെന്ന് മനസ്സിലാക്കി അതിനെ പ്രതിരോധിക്കാനാണ് അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയവഴി എനിക്കെതിരെ പോസ്റ്റുകൾ ഇടുകയായിരുന്നു. സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന ആർട്ട് ഡയറക്ടർ , ഞാൻ മേക്ക്അപ്മാനെ മർദ്ദിച്ചു എന്നതരത്തിൽ പോസ്റ്റ് ഇട്ടു. ആകെ തകർന്ന ഞാൻ പി.ടി സാറിനോടു പറഞ്ഞു , ‘ഈ വിഷയത്തില്‍ രണ്ടു കേസ് ആയി പൊലീസിൽ പരാതി കൊടുക്കും, ഒന്ന് മേക്ക് അപ്മാനെതിരെയും രണ്ടാമത്തേത് എനിക്കെതിരെ വ്യാജവാർത്ത പോസ്റ്റ് ചെയ്ത ആൾക്കെതിരെയും’. ഇതിന് ശേഷം അമ്മയിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് അവർ പോസ്റ്റ് നീക്കം ചെയ്തിരുന്നു.

എന്റെ ഭാഗം എനിക്കു ക്ലിയർ ആക്കണം. ചെയ്യാത്ത തെറ്റിനു പഴി കേൾക്കേണ്ട ആവശ്യമില്ല. സത്യം എവിടെ ആയാലും ജയിക്കും. സോറി പറഞ്ഞു പരിഹരിച്ചു എന്ന് എല്ലാവരും കരുതിയ പ്രശ്നം അവിടെ വഷളായി പോകുകയായിരുന്നു. ഇപ്പോൾ ഒരു നടപടി എടുക്കേണ്ട, നമുക്ക് ഇൻഡസ്ട്രിക്ക് അകത്തുതന്നെ പരിഹരിക്കാമെന്ന് അമ്മ സംഘടനയിൽ നിന്നു ലഭിച്ച നിർദേശത്തെ തുടർന്നാണ് പരാതി കൊടുക്കാത്തത്. അമ്മ സംഘടനയിൽ നിന്നും തീർച്ചയായും പരിഹാരം ലഭിക്കും. ഒരമ്മയെ പോലെ തന്നെയാണ് ഈ സംഘടന സംഭവത്തിൽ എന്നെ പിന്തുണച്ചത്.

എന്റെ അനുവാദമില്ലാതെ എന്റെ കൈയിൽ കയറിപ്പിടിച്ച് എന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്. ഒരു പെൺകുട്ടിക്ക് നേരെയും ഇൻഡസ്ട്രിയിൽ ഇനി ഇങ്ങനെ ഒരു കാര്യം സംഭവിക്കരുത്. ഈ സംഭവം നടന്നതിനു ശേഷവും ഞാൻ ചിത്രത്തിന്റെ ഷൂട്ടുമായി സഹകരിച്ചു. രാവിലെ നാലുവരെ ഷൂട്ടും ഉണ്ടായിരുന്നു. പ്രയാഗ വ്യക്തമാക്കി.

Your Rating: