Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്ക് അറിയാവുന്ന ദിലീപ് അങ്ങനെ ചെയ്യില്ല; ഹരിശ്രീ അശോകൻ

harisree-ashokan-dileep

ദിലീപ് ജയിലഴിക്കുള്ളിലായത് സംബന്ധിച്ചാണ് നാലാൾ കൂടുന്നിടത്തെല്ലാം ചർച്ചകൾ. കഴിഞ്ഞ മൂന്നു നാലു ദിവസമായി ദിലീപിനെ പഴിച്ചവർ ഇപ്പോൾ അൽപം അയഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും സംവാദങ്ങളുടെ ചൂട് ആറിയിട്ടില്ല. സിനിമ മേഖലയിൽ നിന്ന് ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ എത്തുമ്പോൾ അദ്ദേഹത്തിന്റെ നമുക്കേറെ ഇഷ്ടപ്പെട്ട ഹാസ്യ ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ച ഹരിശ്രീ അശോകന് എന്താണ് പറയാനുള്ളത് എന്നു നോക്കാം. 

''എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ എന്താണ് നടന്നത് എന്ന് അറിയില്ല. എന്തായാലും സത്യം പുറത്തുവരണം. ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. തെളിവുകളുണ്ട് എന്നു പറയുന്നതല്ലാതെ എന്ത് തെളിവുകൾ എന്ന് നമുക്ക് അറിയില്ലല്ലോ. എനിക്ക് എന്തായാലും അറിയില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഇപ്പോൾ പഴിക്കാനാകുക. പൊലീസ് അന്വേഷിക്കയല്ലേ. കോടതിയുടെ തീരുമാനം വരട്ടെ നോക്കാം. നിരപരാധി ആണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ല എന്നു തന്നെയാണ് കരുതുന്നത്.'' ഹരിശ്രീ അശോകൻ പറഞ്ഞു.

''എന്നെ സിനിമയിൽ ആരും ഒതുക്കിയിട്ടില്ല. അതുകൊണ്ട് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹം സിനിമ രംഗത്ത് തങ്ങളെ ഒതുക്കി അവസരങ്ങൾ നഷ്ടപ്പെടുത്തി എന്ന് ആരോപിച്ച് നിരവധി സംവിധായകരും സിനിമ പ്രവർത്തകരും എത്തി എന്നത് സംബന്ധിച്ചും എനിക്ക് അറിയില്ല. 

ഒരാൾ ഒരു കുഴിയിൽ വീഴുമ്പോൾ അയാളെ ചവിട്ടുന്നത് ഒരു രീതിയാണല്ലോ. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഞാൻ‌ ചാനല്‍ ചര്‍ച്ചകൾ കാണുന്നയാളോ സമൂഹമാധ്യമങ്ങളിൽ സജീവമായ ആളോ അല്ല. ഞാൻ എനിക്ക് അറിയാവുന്ന പണി ചെയ്യുന്നു ജീവിക്കുന്നു അത്രയേയുള്ളൂ. എനിക്ക് എന്റേതായ ദുംഖങ്ങളും പ്രാരാബ്ധങ്ങളും ഏറെയുണ്ട്. അതൊക്കെ സഹിച്ചും നോക്കിയും പോവുകയാണ്. ചർച്ചകളുമായി നടക്കാനോ അത് കേട്ടിരിക്കാനോ ഉള്ള സമയവുമില്ല.

മാധ്യമങ്ങളും സോഷ്യൽ മീഡിയയും പറയുന്നതെല്ലാം ശരിയാകണം എന്ന് ഇല്ലല്ലോ. പൊലീസിന്റെ അന്വേഷണത്തിലിരിക്കുന്ന ഒരു കേസ് ആണിത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ യോഗത്തില്‍ സംഭവിച്ചത് എന്നതു സംബന്ധിച്ച് എന്തൊക്കെ കാര്യങ്ങളാണ് പുറത്തുവന്നത്. ആരോപണ വിധേയനും ആക്രമണത്തിന് ഇരയായ ആളും അമ്മയിലെ അംഗമാണ്. അമ്മ ഇരയ്ക്കൊപ്പം നിന്നില്ല എന്നൊക്കെ പറഞ്ഞ് എന്തൊക്കെ കാര്യങ്ങളാണ് പുറത്തുവന്നത്. ആർക്കും എന്തും പറയാമല്ലോ. എനിക്ക് ആ‌ യോഗത്തിൽ പോലും മുഴുവന്‍ സമയം ഇരിക്കാനായില്ല. എന്റെ സ്വന്തം അമ്മയ്ക്കു സുഖമില്ലാത്തതുകൊണ്ട് ഉച്ചയ്ക്കു തിരികെപോരേണ്ടി വന്നു.

അദ്ദേഹത്തിന്റെ അനുജനേയും അമ്മയേയുമൊക്കെ അറിയാം. അവരുമായി നല്ല അടുപ്പവുമാണ്. ദിലീപും അങ്ങനെ തന്നെ. ദിലീപ് എന്റെ നല്ലൊരു സുഹൃത്താണ്. എന്നു കരുതി എല്ലാം എന്നോടു പറയണം എന്ന് ഇല്ലല്ലോ. എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ കാണും. അതുകൊണ്ട് ഈ വിഷയത്തിൽ ഞാൻ അധികം സംസാരിക്കുന്നത് ശരിയല്ല. ഒരാൾ മറ്റൊരാളെ തല്ലുമ്പോൾ എന്തിന് തല്ലി എന്ന് അന്വേഷിക്കില്ലേ? അതുപോലെ കേസിന്റെ എല്ലാ വശങ്ങളും പുറത്തുവരട്ടെ. അപ്പോൾ നോക്കാം. അതല്ലാതെ ഒന്നും തന്നെ പറയാനില്ല.''അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ അറസ്റ്റിനെ ആസ്പദമാക്കി ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ വിഡിയോകളിൽ അധികവും ഉപയോഗിച്ചത് ദിലീപും ഹരിശ്രീ അശോകനും ഒരുമിച്ചുള്ള സിനിമകളിലെ ഹാസ്യ രംഗങ്ങളായിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അശോകന്റെ മറുപടി ഇങ്ങനെയായിരുന്നു...

'ഞാൻ ഇതൊന്നും കാണാറില്ല. സത്യം എന്നായാലും പുറത്തുവരും. വരണം...അത്രേയുള്ളൂ.