Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘ലാലേട്ടൻ പറഞ്ഞു ഡ്യൂപ്പ് വേണം, പ്രണവ് പറഞ്ഞു വേണ്ട’’

pranav-and-jeethu-joseph1

മലയാള സിനിമയിലെ മക്കൾ മാഹാത്മ്യത്തിന്റെ ഗണത്തിലേക്ക് തന്റെ പേരു കൂടി എഴുതി ചേർക്കാനൊരുങ്ങുകയാണ് അപ്പു എന്ന പ്രണവ് മോഹൻലാൽ. രാജാവിന്റെ മകൻ എന്നൊക്കെ ആരാധകർ ഇപ്പോഴെ സ്നേഹത്തോടെ വിളിച്ചു തുടങ്ങിയെങ്കിലും ലാളിത്യമാണ് അപ്പുവിന്റെ മുഖമുദ്രയെന്ന് അടുത്തറിയുന്നവർ പറയും. അപ്പുവിനെ സഹസംവിധായകനായി ഒപ്പം കൂട്ടി ഇപ്പോൾ നായകനാക്കി സിനിമ ചെയ്യുന്ന ജീത്തു ജോസഫും പറയുന്നത് അതുതന്നെ. മകനും അച്ഛനെ പോലെ സിംപിളാണ്, പവർഫുളും. ആദി എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചും പ്രണവിനെക്കുറിച്ചും ജീത്തു സംസാരിക്കുന്നു. 

∙ എന്താണ് ആദി ?

ആദി ആക്‌ഷൻ മൂഡുള്ള ഒരു ചിത്രമാണ്. പക്ഷേ ആദ്യാവസാനം ആക്‌ഷൻ നിറഞ്ഞു നിൽക്കുന്ന മാസ് സിനിമയൊന്നുമല്ല. ആദിത്യ മേനോൻ എന്ന പ്രണവ് മോഹൻലാലിന്റെ കഥാപാത്രം ജീവിതത്തിൽ എത്തപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയും അതിൽ നിന്ന് രക്ഷപെടാൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം. ആദിയുടെ കുടുംബം, അവൻ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ, ആദിയുടെ അതിജീവനം എന്നിവയൊക്കെയാണ് ചിത്രം പറയുന്നത്. എല്ലാ ചേരുവകകളും ചേർന്ന ഒരു എന്റർടെയിനറാണ് ചിത്രം.

∙ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് ?

ഒരു തുടക്കക്കാരന്റെ ചില്ലറ പ്രശ്നങ്ങളൊഴിച്ചാൽ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ട്. റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോഴാണല്ലോ ഡ്രൈവിങ്ങിൽ കൂടുതൽ തെളിയുന്നത്. അതുപോലെ പ്രണവും വരും കാലങ്ങളിൽ കൂടുതൽ മെച്ചപ്പെടും. അഭിനയം തന്റെ രക്തത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോൾ എല്ലാവർക്കും മനസ്സിലാകും. പിന്നെ അഭിനയം അപ്പുവിന് വളരെ ഇഷ്ടമാണ്. ഇതു മാത്രമല്ല മറ്റു പല ഇഷ്ടങ്ങളും അദ്ദേഹത്തിനുണ്ട്. ഇഷ്ടപ്പെടുന്ന കാര്യത്തിനു വേണ്ടി എത്ര പ്രയത്നിക്കാനും അപ്പു തയാറാണ്. സിനിമയാണ് തന്റെ മേഖലയെന്ന് അപ്പു ഉറപ്പിച്ചാൽ മികച്ച ഒരു നടനെ മലയാളത്തിനു ലഭിക്കും. 

pranav-and-jeethu-joseph

∙ പ്രണവിന്റെ ആക്‌ഷൻ രംഗങ്ങൾ ?

പാർക്കൗർ എന്ന ആക്‌ഷൻ രീതിയാണ് ഇൗ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ അതു മാത്രമല്ല ഇൗ സിനിമ. ഹോളിവുഡ് സിനിമകളിലൊക്കെ ഉപയോഗിച്ചിരിക്കുന്ന ഇൗ ആക്‌ഷൻ രീതി ആദിയിലും ഉണ്ടെന്നു മാത്രം. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയിൽ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു. സ്വന്തം സിനിമകളിൽ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹൻലാൽ. എന്നാൽ ആദിയിൽ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാൻസിൽ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. വലിയ രണ്ടു ചാട്ടങ്ങൾ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങൾ അപ്പു അനായാസം കൈകാര്യം ചെയ്തു. 

∙ ആദിയായി മാറാൻ പ്രണവ് എടുത്ത തയാറെടുപ്പുകൾ ?

pranav-and-jeethu-joseph-mohanlal

അഭിനയസാധ്യതയുള്ള കഥാപാത്രമാണ് ആദി. ചിത്രത്തിലെ ഒരു സീനിൽ ഗിറ്റാർ വായിച്ച് അപ്പു പാട്ട് പാടുന്ന ഒരു രംഗമുണ്ട്. അപ്പുവിന് ഗിറ്റാർ ചെറുതായി വായിക്കാനറിയാം. എവിടെയും പോയി പഠിച്ചതൊന്നുമല്ല. യൂട്യൂബിലൊക്കെ നോക്കി പഠിച്ചതാണ്. ആ പാട്ടിനായി ഗിറ്റാർ വായിക്കുന്നതിനു മുൻപ് സംഗീത സംവിധായകൻ അനിൽ ജോൺസന്റെയും ഗിറ്റാറിസ്റ്റിന്റെയും ഒപ്പമിരുന്ന് എങ്ങനെ ആ പാട്ടിന് ഗിറ്റാർ വായിക്കണം എന്ന് പഠിച്ചതിനു ശേഷമാണ് അപ്പു അഭിനയിച്ചത്. അത്രമേൽ അർപ്പണബോധത്തോടെയാണ് അപ്പു ഇൗ സിനിമയെ സമീപിച്ചത്.

∙ ഷൂട്ടിങ്ങിനിടെ പ്രണവിന് പരുക്കേറ്റതൊക്കെ വലിയ വാർത്തയായിരുന്നു ?

സത്യത്തിൽ അതോർക്കുമ്പോൾ എനിക്ക് ഇപ്പോഴും ഞെട്ടലാണ്. അപ്പുവിന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ ഞാനാകെ വല്ലാണ്ടായി. ഒരു ഗ്ലാസ് പൊട്ടിക്കുന്ന സീൻ എടുത്തപ്പോഴാണ് സംഭവം. ഷോട്ട് എടുത്തതിനു ശേഷം ഗ്ലൗസ് ഉൗരി നോക്കിയപ്പോൾ കൈ നന്നായി മുറിഞ്ഞിരിക്കുന്നു. ഞാൻ ആശുപത്രിയിൽ പോയി വരാമെന്നു പറഞ്ഞ് അപ്പു പോയി. പക്ഷേ ഞാൻ അപ്പോഴും ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞാണ് നേരെ ചിന്തിക്കാനും പ്രവർത്തിക്കാനും പോലും സാധിച്ചത്. 

∙ മോഹൻലാലും സുചിത്രയും പറഞ്ഞത് ?

എന്നെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തമായിരുന്നു ഇൗ ചിത്രം. ലാലേട്ടൻ അപ്പുവിനെ എന്നെ ഏൽപിക്കുകയായിരുന്നു. അതിന്റെ ചെറിയ ടെൻഷൻ എനിക്കുണ്ടായിരുന്നു. സുചിച്ചേച്ചിക്ക് അത് അറിയാമായിരുന്നു. ചേച്ചി എന്നെ ഇടയ്ക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് എനിക്ക് ധൈര്യം തന്നിരുന്നു. ഒപ്പം ലാലേട്ടനും സിനിമയെക്കുറിച്ചും അപ്പുവിനെക്കുറിച്ചും ഏറെ ആകാംക്ഷയോടെ ചോദിക്കുമായിരുന്നു. 

∙ മോഹൻലാലിന്റെയും പ്രണവിന്റെയും വ്യക്തിപരമായ സാമ്യതകൾ ?

രണ്ടു പേരും മികച്ച പ്രൊഫഷണലുകളാണ്. ചെയ്യുന്ന ജോലിയോടുള്ള രണ്ടു പേരുടെയും അർപ്പണമനോഭാവം പറയാതിരിക്കാനാവില്ല. വളരെ ശാന്തരാണ്, ഒപ്പം ലാളിത്യമുള്ളവരുമാണ്. ലാളിത്യം തന്നെയാണ് അപ്പുവിന്റെ ഏറ്റവും വലിയ ഗുണമായി എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാ കാര്യത്തിലും അപ്പു അച്ഛന്റെ മോൻ തന്നെ. 

∙ ആരാധകരെ ത‍ൃപ്തിപ്പെടുത്തുന്ന രീതിയിൽ മാത്രമായി സൂപ്പർതാര ചിത്രങ്ങൾ മാറുന്നത് ശരിയാണോ ?

ഞാൻ ഒരു തരത്തിലുമുള്ള സിനിമയ്ക്കും എതിരല്ല. എല്ലാത്തരം സിനിമകളും കാണാനും ചെയ്യാനും ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. എല്ലാത്തരം സിനിമകൾക്കും കാഴ്ചക്കാരുണ്ട്. ഭൂരിപക്ഷത്തിന് ഇഷ്ടമാകുന്നവ ഹിറ്റാകുന്നുവെന്ന് മാത്രം. എന്റെ സിനിമകളിൽ മെമ്മറീസ് ആണ് മികച്ചതെന്ന് ചിലർ പറയാറുണ്ട്. മമ്മി ആൻഡ് മീ ആണ് ഇഷ്ടപ്പെട്ട സിനിമയെന്ന് ഒരുപാട് വീട്ടമ്മമാർ പറഞ്ഞിട്ടുണ്ട്. ഒാരോ ആളുകളുടെയും ടേസ്റ്റ് വ്യത്യസ്തമാണ്. മാസ് സിനിമകളും കോമഡി സിനിമകളും ഒക്കെ ആവശ്യമാണ്. സി.ഐ.ഡി മൂസ് എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സിനിമയാണ്. എന്റെ സിനിമകൾ വളരെ റിയലിസ്റ്റിക്കുമല്ല എന്നാൽ മുഴുവൻ സിനിമാറ്റിക്കുമല്ല. ഞാനൊരു മധ്യരേഖയിലൂടെയാണ് പോകുന്നത്. ആദിയിലും അതു തന്നെയാണ് ഞാൻ സ്വീകരിച്ചിരിക്കുന്ന വഴി. ആദിയിലെ നായകൻ പുതിയ തലമുറയിലെ ഒരു കഥാപാത്രമാണ്. ഒരു സാധാരണക്കാരനാണ്. അവനിൽ നിന്ന് ആരും സൂപ്പർ നാച്ചുറൽ ഫൈറ്റ് ഒന്നും പ്രതീക്ഷിക്കരുത്. 

∙ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, ടെൻഷൻ ഉണ്ടോ ?

ടെൻഷൻ ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. ഇൗ സിനിമ ഷൂട്ടിങ്ങ് ആരംഭിക്കും മുമ്പ് മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആരാധകരും സിനിമാ സ്നേഹികളുമൊക്കെ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്ന് അറിയാം. ആ പ്രതീക്ഷ കാക്കാനാകുമെന്ന് തന്നെയാണ് വിശ്വാസം. ആരും അമിത പ്രതീക്ഷയോടെ പോകരുത് എന്നു മാത്രമെ പറയാനുള്ളൂ. ഇതൊരു ഭീകര സിനിമയൊന്നുമല്ല, പക്ഷേ ഒരു കാഴ്ചക്കാരനെ തൃപ്തിപ്പെടുത്താനുള്ള എല്ലാം ഇൗ ചിത്രത്തിലുണ്ട്.