ഞാൻ ചോദിച്ചു, ആരും ധൈര്യപ്പെടാത്ത ആ ചോദ്യം: ഊർമിള ഉണ്ണി

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് ശേഷം പുലിവാല് പിടിച്ചത് നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയാണ്. ദിലീപിനെ തിരിച്ചെടുക്കണമെന്ന് യോഗത്തിൽ ഊർമിള ഉണ്ണി ആവശ്യപ്പെട്ടു എന്ന വാർത്ത വന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ നടിക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നു. അമ്മ യോഗത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചതിന് താഴെ അസഭ്യ കമന്റുകളും നിറഞ്ഞു. ഞായറാഴ്ച അമ്മ ജനറൽ ബോഡി യോഗത്തിൽ സംഭവിച്ച കാര്യങ്ങൾ ഊർമിള ഉണ്ണി മനോരമ ഓൺലൈനിനോട് പങ്കു വച്ചു. 

എല്ലാവർക്കും ആകാംക്ഷ

ഞാൻ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ എഴുതി വച്ചിരിക്കുന്നത്. സംഭവിച്ചത് ഇതാണ്. യോഗം അവസാനിക്കാറായ സമയത്ത് ഇനി ചോദ്യങ്ങൾ ബാക്കിയുണ്ടോ എന്ന് വേദിയിലുള്ളവർ ആരാഞ്ഞു. സ്വാഭാവികമായും ദിലീപിന്റെ കാര്യത്തിൽ എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ താൽപര്യവും ഉണ്ടായിരുന്നു. എന്നാൽ ആർക്കും ചോദിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. 

ഇനി ചോദ്യമുണ്ടോ എന്ന് ആരാഞ്ഞപ്പോൾ എല്ലാവരും കൂടി ദിലീപിന്റെ കാര്യം ഉന്നയിക്കണമെന്ന് നിർബന്ധിച്ചു. ഇത് ചോദിക്കാൻ എഴുന്നേറ്റ് നിന്നപ്പോൾ വേദിയിലേക്ക് കയറി വന്ന് മൈക്കിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. വേദിയിൽ കയറിയ ഞാൻ ഒറ്റക്കാര്യമാണ് ചോദിച്ചത്, 'നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്' എന്നാണ്. പക്ഷേ, മാധ്യമങ്ങൾ ഇതിനെ വളച്ചൊടിച്ചു. ഞാൻ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയിലായി വാർത്തകൾ. 

ചോദ്യത്തിന് കയ്യടി

ദിലീപിന്റെ കാര്യത്തിൽ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവർ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചു. 

ആരും എതിർത്തില്ല

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും മിണ്ടാതെ ഇരുന്നു. എന്നാൽ ദിലീപിനെ തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു. പത്രക്കാരുടെ ഭാഷയിൽ കയ്യടിച്ച് പാസാക്കി എന്ന് വേണമെങ്കിൽ പറയാം. 

വിമർശനം നേരിട്ടു

ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടത് ഞാനാണെന്ന വാർത്ത വന്നതിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ നിരവധി മോശം കമന്റുകൾ വന്നു. അതിനോട് പ്രതികരിക്കാൻ താൽപര്യമില്ല. എന്തെങ്കിലും അഭിപ്രായം പറയാൻ പലർക്കും പേടിയാണ്. വീട്ടുകാർ നിരുത്സാഹപ്പെടുത്തും. എനിക്ക് പക്ഷേ, എന്റെ കുടുംബം മുഴുവൻ പിന്തുണയും തരുന്നുണ്ട്. ഞാൻ മീറ്റിങിൽ പറഞ്ഞതിന്റെ വിഡിയോ ആരും എടുത്തിരുന്നില്ല. അതുണ്ടായിരുന്നെങ്കിൽ ഞാൻ ഷെയർ ചെയ്യുമായിരുന്നു. അതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാകുമായിരുന്നു. 

നടിയെക്കുറിച്ച് മൗനം

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ആരും ചർച്ച ചെയ്തില്ല. ആ കുട്ടിയുടെ പേര് പോലും ആരും പരാമർശിച്ചില്ല. അവർ ഇപ്പോൾ വിവാഹിതയായി നല്ല ജീവിതം നയിക്കുകയല്ലേ. അവരെ എന്തിന് ശല്യം ചെയ്യണം എന്ന് കരുതിക്കാണും. അവരെ ആരും പുറത്തിക്കിയിട്ടില്ലല്ലോ. പിന്നെ, കേസിന്റെ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടല്ലോ. അതുകൊണ്ടാവണം ആരും ആ വിഷയം സംസാരിച്ചില്ല. 

അമ്മ പിളർന്നതല്ല ഡബ്ല്യുസിസി

യോഗത്തിൽ ആരും ഡബ്ല്യുസിസിയെക്കുറിച്ചും ഒന്നും സംസാരിച്ചില്ല. നേരത്തെ സംഘടന രൂപീകരിക്കപ്പെട്ടതിന് ശേഷം അന്നത്തെ പ്രസിഡന്റ് ഇന്നസെന്റ് സംഘടനക്ക് പൂർണ പിന്തുണ അറിയിച്ചിരുന്നു. അതൊരു തെറ്റായ സംഘടനയല്ല. അമ്മയിൽ നിന്ന് പിരിഞ്ഞ് പോയി രൂപീകരിച്ചതുമല്ല. സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒന്നാണ് അത്. അല്ലാതെ വെറുതെ വഴക്ക് ഉണ്ടാക്കാൻ ഒരു പാർവതിയും ഒരു മഞ്ജു വാര്യരും ശ്രമിച്ചിട്ടില്ല. 

പങ്കാളിത്തം കുറവ്

ഇത്തവണ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പൊതുവെ പങ്കാളിത്തം കുറവായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളാരും വന്നിരുന്നില്ല. വേറെയും കുറെ താരങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല. എന്നാൽ, പകുതിയിലധികം അംഗങ്ങൾ വന്നിരുന്നില്ലെന്ന് പറയുന്നത് ശരിയല്ല. അതിൽക്കൂടുതൽ പേർ മീറ്റിംഗിന് എത്തിയിരുന്നു.