Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാപ്രളയം നിവിൻ പോളിയെ ബാധിച്ചത് രണ്ടുതരത്തില്‍

nivin-pauly-movie

മഹാപ്രളയം നിവിൻ പോളിയെ ബാധിച്ചത് രണ്ടുതരത്തിലാണ്. ആലുവയിലെ വീടിന്റെ ഒന്നാംനില മുഴുവൻ ചെളിയിൽ മുക്കിയ ദുരിതമായിരുന്നു ആദ്യത്തേത്. തീയതി കുറിച്ച് പ്രദർശനത്തിനു തയാറായി നിന്ന സ്വപ്നചിത്രം ‘‘കായംകുളം കൊച്ചുണ്ണി’’യുടെ റിലീസിങ് മാറ്റിവയ്ക്കേണ്ടി വന്നതാണ് രണ്ടാമത്തേത്. മാതാപിതാക്കളുടെ കഷ്ടപ്പാടിന്റയും കരുതലിന്റെയും വിലയാണ് ആ വീട്; അത് പഴയതിനെക്കാൾ നന്നാക്കി തിരിച്ചു കൊണ്ടുവരണം. അതിനുള്ള ശ്രമത്തിലാണ് നിവിൻ. 

ഇനി അണക്കെട്ടുകളൊന്നും നിറഞ്ഞൊഴുകരുതേ എന്നാണ് നിവിന്റെ പ്രാർഥന; പകരം തിയറ്ററുകൾ നിറഞ്ഞുകവിയട്ടെ. കാരണം, 11ന് കായംകുളം കൊച്ചുണ്ണി പ്രദർശനത്തിനെത്തുകയാണ്. ജലപ്രളയം ഭീതിപ്പെടുത്തിയ കണ്ണുകളിൽ ‘ജനപ്രളയ’ത്തിനായുള്ള കാത്തിരിപ്പ്. ഒക്ടോബർ 11ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്നാണ് നിവിന്റെ ജന്മദിനം. ബോക്സ് ഓഫിസിൽ കൊച്ചുണ്ണി ചരിത്രം രിചിച്ചാൽ, അതാവും മലയാളത്തിന്റെ താരകുമാരന് പ്രേക്ഷകരുടെ പിറന്നാൾ സമ്മാനം. 

പ്രോജക്ടിലേക്ക് 

റോഷൻ ആൻഡ്രൂസ്– ബോബി സഞ്ജയ് ടീമിന്റെ സിനിമകൾ എനിക്ക് വളരെ ഇഷ്ടമാണ്. കായംകുളം കൊച്ചുണ്ണിയുടെ കഥ കേട്ടപ്പോൾ ആ ഇഷ്ടം ഇരട്ടിക്കുകയായിരുന്നു. ഞാൻ ധരിച്ചിരുന്ന ഒരു കഥയല്ല അവർ പറഞ്ഞത്. ഐതിഹ്യമാലയിലെ കഥ അതുപോലെ പറയുകയല്ല സിനിമയിൽ. ഇതിൽ എഴുത്തുകാരന്റെ ഭാവനകൂടി കലർന്നിട്ടുണ്ട്. കള്ളനാകുന്നതിനു മുൻപ് കൊച്ചുണ്ണിക്കൊരു ജീവിതമുണ്ട്. 

Kayamkulam Kochunni Official Trailer | Nivin Pauly | Mohanlal | Rosshan Andrrews

ഒരു പീടികയിൽ ജോലിക്കു നിന്നിരുന്ന പയ്യനാണവൻ. അവന് പ്രണയവും സ്വപ്നവുമെല്ലാമുണ്ടായിരുന്നു. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി, കിട്ടുന്ന പണമൊക്കെ സ്വരുക്കൂട്ടിവച്ചിരുന്ന സാധാരണക്കാരൻ. സമൂഹമാണ് അവനെ കള്ളനാക്കിയത്. 

ഇത്തിക്കരപ്പക്കി മറ്റൊരു കഥയിലെ നായകനാണ്. ആ കഥാപാത്രത്തെ ഈ സിനിമയിലേക്ക് അതിവിദഗ്ധമായി എഴുത്തുകാർ സന്നിവേശിപ്പിച്ചതാണ്. മാത്രമല്ല, ഇതൊരു വമ്പൻ പ്രോജക്ടാണ്. ഞാൻ ആദ്യമായാണ് ഇത്തരമൊരു പടത്തിൽ നായകനാകുന്നത്. 

kayamkulam-kochunni-movie-set-8.jpg

കഥാപാത്രം 

ശരിക്കും പേടി തോന്നിയിരുന്നു. നല്ല എഫർട്ട് ആവശ്യമുള്ള സിനിമയായാണ് ഇത്. 161 ദിവസമായിരുന്നു ഷൂട്ടിങ്. 9 മാസം ഞാൻ വേറെ പടങ്ങളൊന്നും ചെയ്തില്ല. ഇതിനുവേണ്ടി കളരിയും കുതിരസവാരിയും പഠിച്ചു. ഗോവയിൽ ഹേയ് ജൂഡിന്റെ ചിത്രീകരണസമയത്ത് രാവിലെ ഇറങ്ങിയാണു കുതിര സവാരി പഠിച്ചത്. പക്ഷേ, കളരി പഠിക്കാൻ സമയം കിട്ടിയില്ല. അത് ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞുള്ള ഇടവേളകളിൽ പഠിച്ചെടുക്കുകയായിരുന്നു. 8–9 ഫൈറ്റ് സീനുകളുണ്ട് ചിത്രത്തിൽ. 

മോഹൻലാലിന്റെ വരവ് 

അതിനെപ്പറ്റി പറയാൻ വാക്കുകളില്ല. യഥാർഥ ജീവിതത്തിനു മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് ഇത്തിക്കരപ്പക്കിയുടേത്. അതുകൊണ്ടുതന്നെ അത്രയും വലിയൊരു നടൻ തന്നെ അത് ചെയ്യണം. പലരുടെയും പേരുകൾ ഉയർന്നുവന്നെങ്കിലും ഒരു വിസ്മയം പോലെ ഒടുവിൽ അത് ലാലേട്ടനിൽ എത്തി. അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനുള്ളതാണ്. 

kayamkulam-kochunni-movie-set-7.jpg

റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനിലുള്ള വിശ്വാസമാണ് അദ്ദേഹത്തെ ഈ സിനിമയിൽ എത്തിച്ചത്. ലാലേട്ടൻ സമ്മതിച്ചു എന്നറിഞ്ഞ നിമിഷത്തെ സന്തോഷം എനിക്കു പറഞ്ഞറിയിക്കാനാവില്ല. ഓർമ വച്ച കാലം മുതൽ സ്ക്രീനിൽ ആരാധനയോടെ കാണുന്ന മനുഷ്യനാണ് കൂടെ അഭിനയിക്കാൻ വരുന്നത്. 12 ദിവസമായിരുന്നു ലാലേട്ടനൊപ്പമുള്ള ഷൂട്ടിങ്. എന്റെ കരിയറിലെ ഏറ്റവും ഉദാത്തമായ 12 ദിവസങ്ങളായിരുന്നു അത്. 

kochunni-lal

സിനിമയോട് ഇത്രയും സമർപ്പണം ചെയ്ത ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഒരു ഉദാഹരണം പറയാം. ഒരു ദിവസം ഉദ്ദേശിച്ചതിലും നേരത്തെ ഷൂട്ടിങ് തീർന്നു. നാല്–നാലര മണി സമയം. സംവിധായകൻ പായ്ക്കപ്പ് പറഞ്ഞെങ്കിലും ലാലേട്ടന് നിർത്തിപ്പോകാൻ മനസ്സുവരുന്നില്ല. ‘‘ഏയ് എന്താ മോനേ, നല്ല ലൈറ്റല്ലേ... കുറച്ചുകൂടി എടുക്കാം’’ എന്നായി ലാലേട്ടൻ. അങ്ങനെ ഒരുമണിക്കൂർ കൂടി ഷൂട്ട് ചെയ്തു. ഒരു പാട്ട് സീനിലെ ഹൈലൈറ്റാണ് ആ മനോഹര ദൃശ്യങ്ങൾ. എന്നെപ്പോലെ പുതിയ തലമുറയിലെ ഒരു നടൻ നായകനാകുന്ന സിനിമ നന്നാക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതെന്നോർക്കണം. 

റോഷൻ ആൻഡ്രൂസ് 

ശരിക്കും ഒരു ക്യാപ്റ്റൻ. തന്റെ ചിത്രത്തിന്റെ പൂർണതയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വിട്ടുവീഴ്ചകൾക്കു തയാറാകാതെ ഭംഗിയായി അതു പൂർത്തീകരിക്കാൻ റോഷൻ ചേട്ടന് പറ്റി. പെർഫെക്ടായ–പ്രഫഷനലായ സംവിധാനം. 

kayamkulam-kochunni-location-17

കച്ചവടസിനിമകൾ 

എല്ലാത്തരം സിനിമകളിലും അഭിനയിക്കാൻ താൽപര്യമുള്ളയാളാണ് ഞാൻ. ഹേയ് ജൂ‍ഡ് ഒരു പരീക്ഷണചിത്രമായിരുന്നു. എന്നാൽ, ജനം ഇഷ്ടപ്പെട്ട ചിത്രവുമാണ്. ‘മൂത്തോൻ’ എന്ന ചിത്രവും അതുപോലെയാവും. ഇപ്പോൾ ‍ഞാൻ അഭിനയിക്കുന്നത് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘‘മിഖായേൽ’’ എന്ന പടത്തിലാണ്. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ മൂവിയാണത്. 

കായംകുളം കൊച്ചുണ്ണി ആദ്യദിനം കാണാൻ അവസരം

സിനിമ സാമ്പത്തികമായി വിജയിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ചിത്രത്തിന് പണം ഇറക്കുന്നവരെക്കൂടി നമ്മൾ ചിന്തിക്കണം. അവർ വീട് പണയംവച്ചോ സ്വർണം വിറ്റിട്ടോ ഒക്കെയാവും പടം പിടിക്കുന്നത്. അവർക്കത് തിരിച്ചുകിട്ടണം. എന്നാൽ‌, പണം ഒരു പ്രശ്നമല്ലാത്ത നിർമാതാക്കളും ഉണ്ട്. അവർക്കുവേണ്ടി പരീക്ഷണങ്ങൾ ആവാം. 

സംവിധാനമോഹം

തൽക്കാലം അഭിനയം മാത്രമേയുള്ളു. ഒരുപാട് ബുദ്ധിയും ബുദ്ധിമുട്ടും ആവശ്യമുള്ള പണിയാണത്. സിനിമയുടെ സമഗ്രമേഖലയെപ്പറ്റിയും അറിവും വേണം. ഒരു വലിയ ഗ്രൂപ്പിനെ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവും വേണം. ഇപ്പോൾ എനിക്ക് അതിനുള്ള ക്ഷമയൊന്നും ഇല്ല.