Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈപ്പിനു വേണ്ടി കലക്‌ഷൻ കൂട്ടി പറയുന്നത് ശരിയല്ലെന്നാണ് പറഞ്ഞത്: സുരേഷ്കുമാർ വെളിപ്പെടുത്തുന്നു

suresh-kumar-pulimurugan

സിനിമാ കലക്‌ഷനുമായി ബന്ധപ്പെട്ട് പെരുപ്പിക്കുന്ന കണക്കുകൾ പുറത്തുവിടുന്ന പുതിയ കീഴ്‌വഴക്കത്തെ വിമർശിച്ച് നിർമാതാവും നടനുമായ സുരേഷ് കുമാർ. ഒടിയൻ, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളുടെ കലക്‌ഷന്‍ കണക്കുകളെ പരാമർശിച്ചുകൊണ്ട് സുരേഷ് കുമാർ ഒരു വാട്സാപ് ഗ്രൂപ്പിൽ പങ്കു വച്ച വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വോയ്സ് ക്ലിപ് തന്റേതു തന്നെയാണെന്നും ഇക്കാര്യത്തിൽ തനിക്കൊന്നും മറയ്ക്കാനില്ലെന്നും സുരേഷ് കുമാർ പ്രതികരിച്ചു.

മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയൻ റിലീസിനു മുൻപേ നൂറുകോടി ക്ലബിൽ കയറിയെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ അവകാശവാദത്തെ വിമർശിച്ചുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ വാക്കുകൾ. ‘ഒരു നിർമാതാവ് എന്ന നിലയിൽ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിലാണ് വോയ്സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസർമാർക്ക് അറിയാൻ വേണ്ടിയായിരുന്നു അത്. ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല’.- സുരേഷ് കുമാർ മനോരമ ഓൺലൈനിനോടു പറഞ്ഞു.

‘ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ്സ് ആയിക്കഴിഞ്ഞ് അത് അനൗൺസ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. ഒരു മലയാള പടത്തിന് നൂറു കോടി ലാഭം കിട്ടും എന്നൊക്കെ പറയുന്നത് ശരിയായ നടപടിയല്ല. റിലീസ് കഴിഞ്ഞിട്ട് പറയാം. അല്ലെങ്കിൽ പടം ഓടിക്കഴിഞ്ഞ് അങ്ങനെ കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ്. റിലീസിനു മുൻപ് തമിഴിൽ പോലും ഇങ്ങനെ ഒരു ബിസിനസ് നടന്നിട്ടില്ല. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്. അത് തെറ്റിദ്ധാരണ ഉണ്ടാക്കും. ഇൻവെസ്റ്റ് ചെയ്യാൻ ഇരിക്കുന്ന പലരും ഇത്രത്തോളം രൂപയ്ക്ക് കച്ചവടം നടക്കുന്നു എന്നു പറഞ്ഞാണ് വരുന്നത്. അതിന്റെ പാതി പോലും നടക്കുന്നില്ല. അനുഭവത്തിൽനിന്നാണ് പറയുന്നത്. അഞ്ച് ഷോ പോലും ഓടാത്ത ഒരു പടം 25 കോടി ക്ലബ്ബിൽ കയറി എന്ന് വാർത്ത കണ്ടു. ക്ലബ്ബിൽ കയറൽ‌ പുതിയ ഒരു പരിപാടിയാണ്," - സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.

"ഒടിയൻ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തിൽ നല്ല ഇനീഷ്യൽ കിട്ടാൻ പോകുന്ന പടമാണ്. ഒരു ഹിന്ദി പടമോ തമിഴ് പടമോ ഇറങ്ങുമ്പോൾ ലഭിക്കുന്ന രീതിയിലുള്ള ഇനീഷ്യൽ കലക്‌ഷൻ ഒടിയനു ലഭിക്കും. അത് ആ നിർമാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. അദ്ദേഹം ബാക്കിയുള്ള പടങ്ങൾ ചെയ്തതിനെക്കാൾ കൂടുതൽ ബിസിനസ് ഇതിൽ നടക്കും. പക്ഷേ, ഇവിടെ ഒരു പടം തുടങ്ങുന്നതിന് മുൻപ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാർത്ഥത്തിൽ അതു പറയേണ്ടത് നിർമാതാവാണ്. സംവിധായകന്റെ ഉദ്ദേശ്യം അയാൾക്ക് വേറെ പടം കിട്ടണം, ഇതുപോലെ ബിസിനസ് നടക്കണം. അങ്ങനെയൊന്നും ബിസിനസ് നടക്കില്ല. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവർക്കും അറിയാം’ - സുരേഷ് കുമാർ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

സംവിധായകന് പേര് കിട്ടാൻ വേണ്ടി നൂറു കോടിയെന്നും അഞ്ഞൂറു കോടിയെന്നും പറയും. അയാൾക്ക് വേറെ സിനിമ കിട്ടാനുള്ള പരിപാടിയാണ്. എന്നാലല്ലേ, ആയിരം കോടിയുടെ പടം ചെയ്യാനൊക്കൂ. ഇതൊക്കെയാണ് ഇവിടത്തെ പ്രശ്നങ്ങൾ. നേരത്തെ, പുലിമുരുകന്റെ കാര്യത്തിൽ നൂറുകോടി ക്ലബ് എന്നു പറഞ്ഞു. ആളുകൾ വിചാരിച്ചു, സിനിമ നൂറു കോടി കലക്ട് ചെയ്തു എന്ന്. പക്ഷേ, അതിന്റെ യാഥാർഥ്യം എന്തെന്ന് എല്ലാവർക്കും അറിയാം. ടോമിച്ചൻ മുളകുപാടത്തിന് അറിയാം. ആ പടത്തിനേക്കാൾ ലാഭം രാമലീല എന്ന പടത്തിൽ കിട്ടിയതായാണ് നമ്മുടെ അടുത്തു പറഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇതുപോലെയുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്ന ഡയറക്ടർമാർക്ക് അവരുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയുള്ള പരിപാടിയാണ്. ഇതിന്റെ തലവേദന മുഴുവൻ ആന്റണി പെരുമ്പാവൂരിനാണ്. ഇൻകം ടാക്സുകാരും ബാക്കിയുള്ളവരും വീട്ടിൽ കയറി ഇറങ്ങും. സംവിധായകന് നഷ്ടപ്പെടാൻ ഒന്നുമില്ല.