ആ 'കമ്പിളിപ്പുതപ്പ്' ദേ ഇവിടെയുണ്ട്

അമൃതം ഗോപിനാഥ് മകൾ സംഗീത മേനോനും ചെറുമകൾ പാർവതി ഉണ്ണികൃഷ്ണനും പാർവതിയുടെ മകൻ ദേവ് കൃഷ്ണനുമൊപ്പം

ചിലരങ്ങനെയാണ് ഒരൊറ്റ നിമിഷം കൊണ്ട് മനസിലേക്കോടി കയറും. അഭ്രപാളികളിലങ്ങനെ എത്രയോ പേരെ കണ്ടു. എണ്ണിയെടുക്കാവുന്ന സീനുകളിൽ മാത്രം വന്നുപോയവർ നാലോ അഞ്ചോ വാക്കുകളിലുള്ള കുഞ്ഞു ഡയലോഗ് പറഞ്ഞവർ. എങ്കിലും സിനിമ തന്നെ നല്ല നിമിഷങ്ങളെ കുറിച്ചോർക്കുമ്പോൾ പഞ്ച് ഡയലോഗുകളെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യമോടിയെത്തുന്നതും അവർ തന്നെയല്ലേ. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലെ കമ്പളിപ്പുതപ്പ്...കമ്പളിപ്പുതപ്പ്...എന്ന് വിളിച്ചു പറയുന്ന ഹോസ്റ്റർ വാർഡൻ അത്തരത്തിലൊരു നൊസ്റ്റാൾജിക് കഥാപാത്രമാണ്. അവരാരെന്ന് അറിയുമോ. പ്രശസ്തരുടെ നിരയിലൊന്നും ഈ അഭിനേത്രിയില്ലെങ്കിലും അവർ ആരെന്ന് നമ്മൾ ചിന്തിച്ചിട്ടില്ലേ. ആ ചിന്തകളിലേക്ക് ആ മുഖം വീണ്ടുമെത്തുകയാണ്. അമൃതം ഗോപിനാഥ്. നൃത്താധ്യാപികയായ അമൃതം ഗോപിനാഥ്.

എവിടെയാണിപ്പോൾ...

എവിടെയായിരുന്നുവെന്നു ചോദിച്ചാൽ‌ ഉത്തരങ്ങളൊരുപാടുണ്ട്. ഇപ്പോൾ മകളുടെ മകൾ പാർവതിയ്ക്കൊപ്പം എറണാകുളത്താണ്. അവളുടെ കുഞ്ഞുവാവവയ്ക്ക് മുതുമുത്തശ്ശിയായിക്കൊണ്ട്. നൃത്തക്ലാസുകളുമൊക്കെയായി ജീവിതം പോകുന്നു. മകനൊപ്പം സിംഗപ്പൂരിലായിരുന്നു നീണ്ടനാൾ. അവൻ മരിച്ച ശേഷം നാട്ടിലെത്തി. അഭിനയത്തിലേക്കെത്തിച്ചത് നൃത്തമായിരുന്നു ഇപ്പോൾ ജീവിക്കുന്നതും അതിനൊപ്പം തന്നെ. വെള്ളിത്തിര കൊതിപ്പിക്കുന്നുണ്ടെങ്കിലും ഇതായിരിക്കും ദൈവം എനിക്കായി തിരഞ്ഞെടുത്ത വഴിയെന്ന് ചിന്തിച്ചുകൊണ്ട് ജീവിക്കുന്നു.

വെള്ളംകുടിപ്പിച്ച കമ്പിളിപ്പുതപ്പ്

റാംജി റാവു സ്പീക്കിങിൽ അഭിനയിക്കാനായിരുന്നില്ല ഞാനെത്തിയത്. നൃത്തസംവിധാനത്തിനായിരുന്നു. അപ്പോഴാണ് സിദ്ധിഖ്‌ ലാലിലെ സിദ്ധിഖ് ചോദിച്ചു ഒരു ചെറിയ വേഷമുണ്ട് അഭിനയിക്കുമോയെന്ന്. അങ്ങനെയാണ് ആ റോൾ കിട്ടിയത്. അതിത്രേം ഹിറ്റാകുമെന്നോ കാലങ്ങൾ കഴിഞ്ഞ് ആരെങ്കിലും ഓർക്കുമോയെന്നൊന്നും കരുതിയില്ല. സത്യത്തിൽ അത് എന്നെ വെള്ളം കുടിപ്പിച്ച ഡയലോഗാണ്. തൊണ്ടയൊക്കെ അടഞ്ഞുപോയി.

കളിയാക്കലിന്റെ കാലം

സിനിമയിറങ്ങിയതിനു ശേഷം എവിടെ പോയാലും ആളുകൾ പുറകേ വിളിച്ചു പറയുമായിരുന്നു കമ്പിളിപ്പുതപ്പ്...കമ്പിളിപ്പുതപ്പ് എന്ന്. അന്ന് അതൊക്കെ ഒത്തിരി ആസ്വദിച്ചിരുന്നു. കലാരംഗത്ത് വളരെ ചെറുപ്പത്തിലേ വന്നയാളാണ് ഞാൻ. എങ്കിലും ആളുകളെന്നെ തിരിച്ചറിയുന്നത് ആ ഒരൊറ്റ ഡയലോഗിലൂടെയാണ്.

ചെറുമകൾ ശ്രീലക്ഷ്മി സന്ദീപിനൊപ്പം

സിനിമയോടിപ്പോഴുമിഷ്ടം

ഒമ്പതാം വയസുമുതൽ അഭിനയിക്കുന്നുണ്ട്. യേശുദാസിന്റെ അച്ഛൻ അഭിനയിച്ച വേലക്കാരനെന്ന ചിത്രത്തിലായിരുന്നു ആദ്യ അഭിനയം. തിക്കുറിശി സുകുമാരൻ നായർ ഉൾപ്പെടെയുള്ള പ്രതിഭാധനർക്കൊപ്പമെല്ലാം പ്രവർത്തിക്കുവാൻ സാധിച്ചു. 'ശരിയോ തെറ്റോ' എന്ന ചിത്രത്തിൽ തിക്കുറിശിയുടെ കുഞ്ഞുപെങ്ങളായി അഭിനയിച്ച നിമിഷമൊക്കെ ഇപ്പോഴും ഒളിമങ്ങാതെ മനസിലുണ്ട്. ബഹദൂർ, മുതുകുളം രാഘവൻ പിള്ള എന്നിവർക്കൊപ്പമെല്ലാം നാടകങ്ങളിലും സിനിമകളിലുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. എനിക്കു തോന്നുന്നു ആ കാലഘട്ടത്തിലെ ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് ഞാൻ.

കലയോടെന്നും സ്നേഹം

ആറ് വയസെത്തും മുൻപേ അച്ഛനും അമ്മയുമൊക്കെ മരിച്ചു പോയി. പിന്നെ കല തന്നെയായിരുന്നു എല്ലാം. കുഞ്ഞമ്മയാണ് കലാരംഗത്തേക്കെത്തിക്കുന്നത്. അവർ കേരളനടനം കലാകാരിയായിരുന്നു. അമ്പലപ്പുഴ രാമുണ്ണിക്ക് കീഴിലായിരുന്നു നൃത്തപഠനം. ലളിത പത്മിനി രാഗിണിമാരിലെ ലളിതയും എന്റെ നൃത്താധ്യാപികയായിരുന്നു. ആർഎൽവിയിൽ ഭരതനാട്യവും ഗുരു കുഞ്ചുക്കുറുപ്പിനും അയ്യമ്പിള്ളി ആശാനും കീഴിൽ കഥകും മണിപ്പൂരിയും പഠിച്ചു. ചിത്തിര തിരുനാൾ രാജാവിനു മുന്നിൽ നൃത്തം ചെയ്തു. സിനിമയായിരുന്നു മോഹമെങ്കിലും ജീവിതം തന്നത് നൃത്തമാണ്. ഈ വാർധക്യത്തിലും ഒപ്പം നിൽക്കുന്നതും അതു തന്നെ. നൃത്യതി എന്നൊരു നാടകട്രൂപ്പുമുണ്ടായിരുന്നു. നൃത്യതി എന്ന പേരിട്ടത് കാവാലം നാരായണപണിക്കർ ആയിരുന്നു.

രണ്ടു മുഖങ്ങൾ എന്ന ചിത്രത്തിലായിരുന്നു ആദ്യം നൃത്ത സംവിധാനം ചെയ്തത്. അഴിയാത്ത ബന്ധങ്ങൾ, തച്ചോളി അമ്പു പടയോട്ടം, ആഴി, മാമാങ്കം, റാംജി റാവു തുടങ്ങിയ സിനിമകൾക്കെല്ലാം നൃത്ത സംവിധാനം നിർവഹിച്ചു. നാടക ട്രൂപ്പ്, ബാലെ ട്രൂപ്പ്, ഇടയ്ക്ക് പുന്നപ്ര ബൈജുവിനോടൊപ്പം കോമഡി ട്രൂപ്പ് അങ്ങനെ കലാരംഗത്ത് പലതിലും പ്രവർത്തിച്ചു.

കുഞ്ചാക്കോ ബോബന്റെ സമ്മാനം

കുഞ്ചാക്കോ ബോബൻ, പഴയ നടി ജലജ, മങ്കാ മഹേഷ്, സംവിധായകൻ ഫാസിലിന്റ മക്കളായ അഹമ്മദയും ഫാത്തിമയും, നവോദയാ അപ്പച്ചന്റെ മക്കൾ തുടങ്ങിയവരെയെല്ലാം ഞാൻ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന് എന്നെ വലിയ ഇഷ്ടമായിരുന്നു. അനിയത്തി പ്രാവിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ എനിക്ക് മാല വാങ്ങാൻ പൈസയൊക്കെ തന്നു. എനിക്ക് കിട്ടിയ ഏറ്റവും മധുരതരമായ അംഗീകാരങ്ങളിലൊന്നും അതുതന്നെ. നവോദയ അപ്പച്ചൻ, കുഞ്ചാക്കോ അവരോടെല്ലാം ഏറെ കടപ്പെട്ടിരിക്കുന്ന ജീവിതമാണ് എൻറേത്.

മകന്റെ മരണം

മുപ്പത്തൊമ്പതാമത്തെ വയസിലായിരുന്നു മകന്റ മരണം. സന്തോഷ് മേനോൻ എന്നായിരുന്നു മകന്റെ പേര്. സിംഗപ്പൂരിൽ മൃദംഗം പ്രൊഫസറായിരുന്നു. അവന് നാലു വയസുള്ള കുട്ടി ഉണ്ടായിരുന്നു. കാൻസറായിരുന്നു മരണത്തിന് കാരണം. അതാണ് എന്നെ തളർത്തിക്കളഞ്ഞത്. ആ ദുംഖം ഒരിക്കലും മറക്കാനാകില്ല. നാലു മക്കളാണെനിക്ക് മൂന്ന് പെൺമക്കളും മകനും. എല്ലാവരും കലയെ സ്നേഹിക്കുന്നു. പെൺമക്കളെല്ലാം വേറെ ജോലിക്കൊപ്പം നൃത്താധ്യാപനവും കൊണ്ടുപോകുന്നു. ഭർത്താവ് ഗോപിനാഥ മേനോൻ കേരളത്തിൽ ആദ്യമായി നിഴൽക്കൂത്ത് അവതരിപ്പിച്ച ആളാണ്. തൃപ്പൂണിത്തുറ ആർ ആർ വിയിൽ മൃദംഗം പ്രൊഫസറായിരുന്നു. ജീവിതത്തിൽ അങ്ങനെ പറയാനൊന്നും വലിയ ദുംഖങ്ങളൊന്നുമില്ലാതിരുന്ന ജീവിതത്തിലേക്കാണ് മകന്റെ മരണമെത്തിയത്.

സൗന്ദര്യം പോരെന്ന് പറഞ്ഞ് ഒഴിവാക്കിയ സിനിമ

അവഗണന ഏറെ അനുഭവിച്ചിട്ടുണ്ട് സിനിമയിൽ. ഒരിക്കൽ ഉമ്മറിനൊപ്പമായിരുന്നു അഭിനയിച്ചത്. മേക്കപ്പിട്ടൊക്കെ അഭിനയിച്ച് എല്ലാം ശരിയായതായിരുന്നു. പക്ഷേ അവസാന നിമിഷത്തിൽ സൗന്ദര്യം പോരെന്ന് പറഞ്ഞ് ഒഴിവാക്കി. സംവിധായകനൊന്നും അതിൽ പങ്കില്ല. പിന്നീട് ബഹദൂർ പറഞ്ഞാണ് ഒഴിവാക്കിയതിന്റെ കാര്യം അറിഞ്ഞത്. അത് അവഗണിക്കപ്പെട്ട അനേകം നിമിഷങ്ങളിലൊന്നായി. അതിനെ കുറിച്ചൊന്നും ഓർക്കുന്നില്ലെങ്കിലും ആ സംഭവം ഏറെ വ്യസനിപ്പിച്ചു. പിന്നീട് ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന്റെ തുടക്കത്തിലുള്ള അഭിമുഖ രംഗത്തിലും പപ്പയുടെ സ്വന്തം അപ്പൂസിൽ സ്കൂൾ പ്രിൻസിപ്പലായും വേഷമിട്ടു. കുഞ്ഞു കുഞ്ഞു വേഷങ്ങളാണ് എല്ലാം കിട്ടിയത്.

സിനിമയിലേക്ക് മടങ്ങണം

ഈ വയസിലും നൃത്തം പഠിപ്പിക്കുന്നുണ്ട്. എങ്കിലും സിനിമ എനിക്കെന്നും പ്രിയം തന്നെ. സീരിയലുകളിലും മറ്റും ചിലരുടെ അഭിനയം കാണുമ്പോൾ കൊതിയാകാറുണ്ട്. അവർക്കെത്രത്തോളം അവസരങ്ങളാണ് കിട്ടുന്നതെന്ന് ചിന്തിക്കാറുണ്ട്. അഭിനയിക്കാൻ നല്ല അവസരങ്ങൾ വരുമെന്ന് ഞാനിന്നും കരുതുന്നു. സിനിമയിലായാലും സീരിയലിലായാലും അഭിനയത്തെ അത്രയേറെ സ്നേഹിക്കുന്നുണ്ട് ഞാൻ.