നാഗവല്ലിയുടെ ക്രെഡിറ്റ് ആരുമെടുത്തോട്ടെ: ഭാഗ്യലക്ഷ്മി

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ നാഗവല്ലിക്ക് ശബ്ദം കൊടുത്തതുമായി ബന്ധപ്പെട്ട് ഫാസിലിന്റെ‌ വെളിപ്പെടുത്തലിനോട് ഭാഗ്യലക്ഷ്മി പ്രതികരിക്കുകയാണ്. നാഗവല്ലിക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി അല്ല എന്നും ദുർഗ എന്ന ഡബിങ് ആർടിസ്റ്റാണെന്നും ഫാസിൽ 23 വർഷങ്ങൾക്കു ശേഷം മനോരമ വീക്കിലിയിലെ ഒർമപ്പൂക്കൾ എന്ന പംക്തിയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സിനിമയിൽ ക്രഡിറ്റ് പോലും നൽകിയിട്ടില്ല എന്ന് നാഗവല്ലിക്ക് ശബ്ദം നൽകിയ ദുർഗ പ്രതികരിച്ചിരുന്നു.

ഇതിനെല്ലാം മറുപടിപറയുകയാണ് ഭാഗ്യലക്ഷ്മി.

എനിക്ക് ഇൗ ചിത്രത്തിന്റെ പേരിൽ പുരസ്കാരങ്ങളോ പ്രത്യകിച്ച് കൂടുതൽ അവസരങ്ങളോ ഒന്നും ലഭിച്ചിട്ടില്ല. പിന്നെന്തിനാണ് ഞാൻ ഇൗ വിവാദത്തെക്കുറിച്ച് ഒാർത്ത് വിഷമിക്കുന്നത്. ഇൗ സിനിമയ്ക്ക് വേ‌ണ്ടി യാതൊരു പുരസ്കാരവും ഞാൻ വാങ്ങിയിട്ടില്ലാത്തതു കൊണ്ടു തന്നെ എനിക്ക് ഒരു കുറ്റബോധവുമില്ല. പക്ഷേ ആസിനിമയിൽ ശബ്ദം കൊടുത്ത എല്ലാവരുടേയും പേര് സിനിമയുടെ ടൈറ്റിലിൽ നൽകിയിട്ടുണ്ട്. എന്തുകൊണ്ട് ദുർഗയുടെ പേര് നൽകിയില്ല. അത് അവരോട് കാണിച്ച അനീതിയല്ലേ? എനിക്കിതിൽ അപമാനമോ കുറ്റബോധമോ സങ്കടമോ പ്രതിഷേധമോ ഒന്നുമില്ല. അത്തരം അവസ്ഥയൊക്കെ ഞാൻ എന്നേ അതിജീവിച്ചു കഴിഞ്ഞു.

ഡബിങ്ങിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ഞാൻ. അതിനായി കുറെ പരിശ്രമം വേ‌ണം. അപ്പോൾ ഇൗ വിവാദങ്ങളെല്ലാം എടുത്ത് തലയിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഡോക്യുമെന്ററിയുടെ ജോലി കഴിയുമ്പോൾ ഞാൻ വിശദമായി പ്രതികരിക്കും

ഇത് വളരെ പഴയ ഒരു ചിത്രത്തെക്കുറിച്ചുള്ള വിവാദമാണ്. ഇപ്പോൾ അത് പൊക്കിക്കൊണ്ടു വരുന്നതിൽ യാതൊരു അർഥവുമില്ല. ദുർഗയ്ക്ക് ക്രഡിറ്റ് നൽകേണ്ടിയിരുന്നത് ഫാസിൽ സാറാണ്. അദ്ദേഹം എന്തുകൊണ്ടത് നൽകിയില്ല എന്നെനിക്കറിയില്ല. അത് അദ്ദേഹത്തോട് ചോദിച്ചാലേ അറിയാൻ കഴിയൂ. ആരെങ്കിലും നാഗവല്ലിയുടെ ശബ്ദത്തിന്റെ ക്രെഡിറ്റ് കൊണ്ടുപൊക്കോട്ടെ. എനിക്ക് യാതൊരു വിഷമവുമില്ല. ഭാഗ്യലക്ഷ്മി മനോരമ ഒാൺലൈനോട് പ്രതികരിച്ചു