ഇനി ആരും മറക്കില്ല ഇൗ മുഖം !

ഒരു പക്ഷെ മലയാളത്തിലെ ജനപ്രിയ ഡയലോഗുകളുടെ കണക്കെടുത്താൽ ഒന്നാമതതെത്തുക ‘ഓർമയുണ്ടോ ഇൗ മുഖം?’ ആവും. അതു മാത്രമോ? മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു പിടി അല്ല ഒരുപാട് തീപ്പൊരി ഡയലോഗുകൾ എഴുതിയ രൺജി പണിക്കർ. തിരക്കഥാരചയിതാവായുള്ള ആദ്യ അവതാരത്തിനും സംവിധായകനായുള്ള രണ്ടാം അവതാരത്തിനും ശേഷം അദ്ദേഹം ഇപ്പോൾ അഭിനേതാവായി മലയാള സിനിമയിൽ‌ തിളങ്ങുന്ന അദ്ദേഹം മനോരമ ഒാൺലൈനൊപ്പം.

അഭിനയിക്കാൻ വൈകിപ്പോയെന്നു തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ഇതൊന്നും ആരും തീരുമാനിച്ചുറപ്പിച്ചതൊന്നുമല്ല. അഭിനയിക്കാൻ അവസരം കിട്ടി. അഭിനയിച്ചു. ഒാം ശാന്തി ഒാശാനയുടെ സംവിധായകനായ ജൂഡ് ആന്റണി എന്നെ കാണാൻ വന്നു. തന്റെ ചിത്രത്തിൽ ഒരു വേഷം ചെയ്യാമോയെന്നു ചോദിച്ചു. ആദ്യമായി ഒരു മുഴുനീള കഥാപാത്രം ചെയ്യാൻ കിട്ടിയ അവസരമായതുകൊണ്ടും പ്രൊഡ്യൂസറെ നേരത്തെ അറിയവുന്നതു കൊണ്ടും ഞാൻ സമ്മതം മൂളുകയായിരുന്നു. ചെയ്യാൻ പറ്റില്ലെന്ന് ഞാനുറപ്പിച്ച വേഷത്തിന് എന്നെ അനുയോജ്യനാക്കിയത് ജൂഡ് ആന്റണിയും തിരക്കഥാകൃത്ത് മിഥുനുമാണ്.

ലോഹം മുതൽ പ്രേമം വരെയുള്ള സിനിമകളിലെ ഷൂട്ടിങ്ങ് അനുഭവം?

വളരെ നല്ല അനുഭവമാണ്. രഞ്ജിത്തുമായി എനിക്ക് 30 കൊല്ലത്തെ പരിചയമുണ്ട്. വേണുവുമായും സത്യൻ അന്തിക്കാടുമൊക്കെയായി നേരത്തെ തന്നെ പരിചയമുണ്ട്. പുതു സംവിധായകരെ എനിക്ക് അറിയില്ലെങ്കിലും അവർക്ക് എന്നെ അറിയാം. എന്റെ സിനിമകളെ അറിയാം. അതു കൊണ്ട് അവരുടെ സിനിമകളിൽ അഭിനയിക്കുന്നതും കംഫർട്ടബിൾ തന്നെയാണ്. രണ്ടിടത്തും ഞാൻ തൃപ്തനാണ്. പിന്നെ എനിക്ക് ജനറേഷൻ ഗ്യാപ്പൊന്നുമില്ല. ഞാൻ പഴയ തലമുറയുടെ ആളുമല്ല.

പഞ്ച് ഡയലോഗുകൾക്ക് പിന്നിൽ? പ്രത്യേകിച്ച് ഇംഗ്ലീഷ് പദങ്ങളുടെ പ്രയോഗം?

മലയാള സിനിമയിൽ നെടുങ്കൻ ഡയലോഗുകളുടെ കാലം കഴിഞ്ഞെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സെൻസും സെൻസിബിലിറ്റിയും ഒന്നും നമുക്ക് അന്യമായ പദങ്ങളല്ല. ഞാൻ വലിയ ഭാഷാ പണ്ഡിതനുമല്ല. ‍ഡയലോഗിന്റെ മീറ്റർ ഭംഗിയാക്കുമ്പോൾ ഇടയ്ക്ക് സ്വാഭാവികമായും ഇംഗ്ലീഷ് പദങ്ങൾ കടന്നു കൂടും. രാവിലെ ഷൂട്ടിങ് തുടങ്ങുമ്പോൾ രണ്ടോ മൂന്നോ പേപ്പറെ എന്റെ കയ്യിൽ കാണൂ. ബാക്കിയൊക്കെ ലൊക്കേഷനിലിരുന്നാണ് ഞാൻ എഴുതാറ്. എന്റെ ഡയലോഗുകൾ പലപ്പോഴും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമാണ് അനുയോജ്യം. മോഹൻലാലിന് പറ്റിയ ഡയലോഗുകൾ രഞ്ജിത്തിന്റേതാണ്. ഞാൻ എഴുതാനിരിക്കുമ്പോൾ മനസ്സിൽ വരുന്ന രൂപം മമ്മൂട്ടിയുടേതാണ്.

പരാജയങ്ങൾ വേദനിപ്പിച്ചോ?

പരാജയങ്ങൾ വേദനിപ്പിച്ചൊന്നുമില്ല. പക്ഷെ അതെന്നെ ഒരു പരിശ്രമിയാക്കി. എന്റെ ഉത്തരവാദിത്തം എന്നെ കൂടുതൽ ബോധ്യപ്പെടുത്തി. എന്റെ വിജയങ്ങൾ എന്റേതു മാത്രമല്ല കൂടെയുള്ളവരുടെ കൂടെയാണ്. പക്ഷെ എന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. സിനിമയിൽ എക്കാലത്തും എല്ലാം വിജയിച്ച ആരുമില്ല.

ഷാജി കൈലാസുമൊത്ത് ഒരു സിനിമ, അതൊക്കെ ഇനി ഉണ്ടാകുമോ?

ഷാജി കൈലാസിൽ നിന്ന് മാസ് സിനിമകൾ ഇനിയും ഉണ്ടാകും. പ്രേക്ഷകർ അദ്ദേഹത്തിൽ നിന്ന് ഗംഭീര ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു സിനിമയുടെ പരാജയം കൊണ്ട് ഇല്ലാതാവുന്നതല്ല ആ ബന്ധം. അടുത്ത കൊല്ലം ഞങ്ങൾ ഒന്നിച്ച് ഒരു സിനിമ ഉണ്ടാകും. അതിന്റെ പ്രാരംഭ ചർച്ചകൾ നടക്കുകയാണ്.

പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ് ഇപ്പോൾ അഭിനേതാവ്. ഇനി?

വരുമോരോ ദശ വന്ന പോലെ പോം. എന്നല്ലേ? വരട്ടെ കാത്തിരുന്നു കാണാം.