മണിച്ചിത്രത്താഴിൽ ദുർഗയുടെ പേരില്ല; കാരണം ഫാസിൽ വെളിപ്പെടുത്തുന്നു

ദുർഗ, ഫാസിൽ, ഭാഗ്യലക്ഷ്മി

മണിച്ചിത്രത്താഴ് സിനിമയിൽ തമിഴ് ഡബ്ബിങ് ആർടിസ്റ്റ് ദുര്‍ഗയുടെ പേര് ടൈറ്റില്‍ നല്‍കാതെ പോയതിന്റെ കാരണം സംവിധായകൻ ഫാസില്‍ തന്നെ വിശദീകരിച്ചു. അവസാനനിമിഷമാണ്‌ ദുര്‍ഗയെ നാഗവല്ലി എന്ന കഥാപാത്രത്തിന്‌ ഡബ്ബ്‌ ചെയ്യാനായി ക്ഷണിക്കുന്നത്‌. അപ്പോഴേക്കും ടൈറ്റില്‍ വര്‍ക്കുകളെല്ലാം കഴിഞ്ഞിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ അവസാനനിമിഷം ടൈറ്റില്‍ മാറ്റൊനൊന്നും സാധിക്കുമായിരുന്നില്ല. ദുര്‍ഗയ്‌ക്ക്‌ മാത്രമല്ല വേണുഗോപാലിനും ടൈറ്റില്‍ നല്‍കിയിട്ടില്ല. വേണുഗോപാല്‍ പാടിയ ഒരു പാട്ട്‌ സിനിമയിലുണ്ടായിരുന്നു.

നാഗവല്ലിയുടെ ശബ്ദം നല്‍കിയത്‌ ദുര്‍ഗയാണെന്ന്‌ മനോരമ ആഴ്‌ച്ചപതിപ്പിലെ ഓര്‍മപൂക്കള്‍ എന്ന പംക്തിയിലൂടെ 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഫാസില്‍ ഈ സത്യം വെളിപ്പെടുത്തുന്നത്‌. ആദ്യം ഭാഗ്യലക്ഷ്‌മി തന്നെയായിരുന്നു ഡബ്ബ്‌ ചെയ്‌തത്‌ എന്നാല്‍ പിന്നീട്‌ മറ്റൊരു സംവിധായകന്‌റെ നിര്‍ദേശപ്രകാരം ദുര്‍ഗയെക്കൊണ്ട്‌ ഡബ്ബ്‌ ചെയ്യിക്കുകയായിരുന്നു. ഈ വിവരം ഭാഗ്യലക്ഷ്‌മിക്ക്‌ അറിയില്ലായിരുന്നു എന്നാണ്‌ ഫാസില്‍ എഴുതിയത്‌. എഴുതിക്കഴിഞ്ഞ വിഷയത്തെക്കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന്‌ ഫാസില്‍ വ്യക്തമാക്കി.

നാഗവല്ലിയുടെ ശബ്‌്‌ദത്തിന്‌റെ ക്രെഡിറ്റ്‌ ആരുവേണമെങ്കിലും കൊണ്ടുപൊയ്‌്‌ക്കോട്ടെ തനിക്കതില്‍ യാതൊരു വിഷമവുമില്ലെന്ന്‌ ഭാഗ്യലക്ഷ്‌മിയും മനോരമഓണ്‍ലൈനിനോട്‌ പ്രതികരിച്ചിരുന്നു. 23 വര്‍ഷമായി താന്‍ ചെയ്‌ത ജോലി തിരിച്ചറിയപ്പെടാതെ പോയതിലുള്ള വിഷമം ദുര്‍ഗയും മനോരമ ഓണ്‍ലൈനിനോട്‌ പങ്കുവെച്ചിരുന്നു. സത്യം പുറത്തുകൊണ്ടുവന്നതിന്‌ മനോരമ ഓണ്‍ലൈനിന്‌ നന്ദിയും ദുര്‍ഗ പറഞ്ഞിരുന്നു.