‘എപ്പോൾ വേണമെങ്കിലും സ്വഭാവം മാറുന്ന കടുവകൾക്കൊപ്പം മോഹൻലാൽ’

സൂപ്പർതാരങ്ങളെക്കാൾ വിലപിടിപ്പുണ്ട്, പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ കൊറിയോഹഗ്രഫർക്ക്. ശിവാജി, അന്യൻ, ഗജിനി, ഏഴാം അറിവ്്, മഗധീര, രാവൺ, കാക്ക കാക്ക, ഏജന്റ് വിനോദ്, റേസ് 2, ബാഹുബലി തുടങ്ങി എണ്ണം പറഞ്ഞ ചിത്രങ്ങളിലൂടെ ഹെയ്നിന്റെ ഖ്യാതി തെന്നിന്ത്യയും ബോളിവുഡും കടന്നു ഹോളിവുഡിൽ എത്തി നിൽക്കുകയാണ്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനൊപ്പം ‘പുലിമുരുകൻ’ എന്ന മലയാള ചിത്രത്തിന്റെയും ആക്ഷൻ രംഗങ്ങളൊരുക്കുകയാണ് പീറ്റർ ഇപ്പോൾ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിലെ അനുഭവത്തിനൊപ്പം സ്വന്തം ജീവിതവും പറയുന്നു പീറ്റർ ഹെയ്ൻ.

മലയാളം, മോഹൻലാൽ

സ്വാഭാവിക ആക്ഷനാണ് എനിക്കിഷ്ടം. മലയാള സിനിമകളിലെ ഫൈറ്റ് സീനുകൾ വളരെ നാച്ചുറലാണ്. മോഹൻലാലിനെക്കുറിച്ച് ഏറെ മതിപ്പുണ്ട്. പൂർണമായി സിനിമയ്ക്കു വേണ്ടി സമർപ്പിക്കുന്ന നടനാണ്. സാധാരണഗതിയിൽ വലിയ താരങ്ങളെ കൊണ്ടു പുതിയ കാര്യങ്ങൾ ചെയ്യിക്കാൻ പ്രയാസമാണ്. എന്നാൽ പുലിമുരുകനിൽ ആ പ്രശ്നമുണ്ടായില്ല. എന്റെ കഴിവിന്റെ പരമാവധി ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അപ്പോൾ മോഹൻലാൽ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ഊഹിക്കാമല്ലോ. വർക്കിന്റെ കാര്യത്തിൽ ഞാൻ വളരെ ടഫാണ്. നോ കോംപ്രമൈസ്.

കടുവയ്ക്കൊപ്പമുള്ള സംഘട്ടന രംഗങ്ങൾ

നിയന്ത്രണങ്ങളുള്ളതിനാൽ മൃഗങ്ങളെ സിനിമയ്ക്കായി ഉപയോഗിക്കുന്നത് അത്ര എളുപ്പമല്ല. അഭിനയിപ്പിക്കാൻ കടുവയെ തിരക്കി വിയറ്റ്നാം, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ പോയശേഷം ഒടുവിൽ തായ്‌ലൻഡിൽ നിന്നാണ് സിനിമയ്ക്കുള്ള കടുവയെ കണ്ടെത്തിയത്. കടുവ ഏതൊക്കെ രീതിയിൽ പെരുമാറുമെന്നാണു ഞങ്ങൾ ആദ്യം പഠിച്ചത്. ഷൂട്ടിങ് സമയത്ത് എപ്പോഴും തോക്കുകളുമായി രണ്ടുപേർ കടുവയ്ക്ക് അടുത്തുണ്ടായിരുന്നു. വളർത്തുന്നതാണെങ്കിലും അവ വന്യമൃഗങ്ങൾ തന്നെയാണ്. എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാം.

പ്രതിഫലം

മറ്റ് ഇൻഡസ്ട്രികൾ നൽകുന്ന പ്രതിഫലം എനിക്കു തരാൻ മലയാളത്തിനു പരിമിതികളുണ്ടെന്നറിയാം. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണു പുലിമുരുകൻ ചെയ്തത്. ഫൈറ്റ് അത്രമാത്രം പ്രാധാന്യമുള്ള സിനിമയാണിത്. ചെയ്ത 140 ചിത്രങ്ങളും പല തരത്തിൽ വ്യത്യസ്തമാണ്. തിരക്കഥയെ ഫോളോ ചെയ്യുന്ന ആക്ഷനാണ് എന്റേത്. എന്നാൽ സംവിധായകരുടെ ആഗ്രഹങ്ങൾ പലപ്പോഴും യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടണമെന്നില്ല. തമിഴിലും തെലുങ്കിലും ചിലർ ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ ഫൈറ്റ് സീനുകൾ കുത്തിക്കയറ്റും. ഒരു നല്ല ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ പറഞ്ഞശേഷം ചിക്കനു പുറമേ മട്ടണും കുറച്ചു ബർഗറും ഐസ്ക്രീമും കൂടി ഇടാൻ പറയുന്നതു പോലെയാണ് സംവിധായകരുടെ ഡിമാൻഡുകൾ.

എന്തിരന്റെ സെറ്റിൽ വീൽ ചെയറിൽ

മഗധീര ചെയ്യുമ്പോൾ അപകടമുണ്ടായി. ബൈക്കിൽ പറന്നുപൊങ്ങി ഇറങ്ങുന്ന സീനായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഡ്യൂപ്പിലായിരുന്നു. ശ്രദ്ധക്കുറവു കാരണം കയർ കൃത്യമായി ബന്ധിച്ചിരുന്നില്ല. സുരക്ഷാ സംവിധാനങ്ങൾ വേണ്ടത്രയുണ്ടായില്ല. 50 അടി ഉയരത്തിൽ നിന്നാണു താഴേക്കു പതിച്ചത്. കൈമുട്ട്, വാരിയെല്ല് എല്ലാം കൂടി 19 ഇടങ്ങളിൽ പൊട്ടലുണ്ടായി. അസുഖം ഭേദമായപ്പോൾ 20 ദിവസം കഴിഞ്ഞു. വീണ്ടും മഗധീരയുടെ സെറ്റിലെത്തി. രാം ചരൺ തേജയാണ് ആ സീൻ ചെയ്തത്. പിന്നീടാണ് എന്തിരനു വേണ്ടി വീൽ ചെയറിൽ സെറ്റിലെത്തിയത്. ഷങ്കറിനു നേരത്തേ ഡേറ്റ് നൽകിയതിനാൽ പോകാതിരിക്കാൻ കഴിയുമായിരുന്നില്ല.

മധുര മുതൽ വിയറ്റ്നാം വരെ

സ്റ്റണ്ട് മാനായി 1993ൽ ആണു സിനിമയിൽ വരുന്നത്. കനൽ കണ്ണൻ സാറിനൊപ്പമാണു തുടക്കം. എന്റെ അമ്മ വിയറ്റ്നാം സ്വദേശിനിയാണ്. മധുരയ്ക്കടുത്താണ് അച്ഛന്റെ കുടുംബവേരുകൾ. മുത്തച്ഛൻ പളനി പെരിയ കറുപ്പന് അക്കാലത്തു വിയ്റ്റ്നാമിൽ ഹോട്ടൽ ബിസിനസായിരുന്നു. പെരുമാൾ പളനി പെരിയ കറുപ്പനെന്നായിരുന്നു അച്ഛന്റെ പേര്. ദാൻ സമത് എന്നാണ് അമ്മയുടെ പേര്. കുടുംബം ക്രിസ്തുമതം സ്വീകരിച്ചപ്പോൾ അച്ഛനും അമ്മയും ജോസഫും മേരിയുമായി. ഞാൻ പീറ്റർ എന്ന പേരു സ്വീകരിച്ചു. ഹെയ്ൻ എന്നതു കുടുംബ പേരും. അച്ഛനും ആയോധന കലകൾ വശമുണ്ടായിരുന്നു. അച്ഛനു കീഴിലാണ് എന്റെ പരിശീലനവും തുടങ്ങിയത്. ഏഴു വർഷം വിയ്റ്റനമീസ് ആയോധന കലകൾ പരിശീലിച്ചു.

സ്കൂളിൽ പോയിട്ടില്ല

ഞാൻ സ്കൂളിൽ പോയിട്ടില്ലെന്നു പറയാൻ എനിക്കു നാണമാകാറുണ്ട്. ജീവിതത്തിൽനിന്നാണ് എല്ലാം പഠിച്ചത്. ഇപ്പോൾ പ്രൈവറ്റ് പൈലറ്റ് ലൈസൻസിനുള്ള പഠനത്തിലാണ്. വിയറ്റ്നാമിൽനിന്നു ചെന്നൈയിലേക്കു മടങ്ങിയെത്തിയശേഷം ജീവിതം സുഖകരമായിരുന്നില്ല. അച്ഛന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മയ്ക്കു ഭാഷയറിയില്ലായിരുന്നു. ഹോട്ടലും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു വെറും കയ്യോടെയാണ് അച്ഛൻ നാട്ടിലേക്കു മടങ്ങിയത്. പത്തുവയസ്സ് മുതൽ ഞാൻ ജോലിക്കു പോകുന്നുണ്ട്. അമ്മ തയ്യലും ബ്യൂട്ടീഷൻ ജോലികളും തുടങ്ങിയപ്പോൾ ഞാൻ ചായക്കടയിലും മെക്കാനിക്കുമൊക്കെയായി ജോലി ചെയ്തു. വെൽഡിങ്ങിനു പോയി. വേദനിച്ചാണു സമ്പാദിച്ചത്. ഒന്നുമില്ലായ്മയിൽനിന്നാണു വന്നത്. ചെയ്യാത്ത ജോലികളില്ല. അതേക്കുറിച്ചു കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല.

സിനിമയിലേക്ക്

അച്ഛൻ തമിഴ് സിനിമകളിൽ സ്റ്റണ്ട് മാനായി പോയിരുന്നു. ഞാൻ അപ്പോൾ സെയിൽസ് റെപ്രസന്റേറ്റീവായി ജോലി ചെയ്യുകയാണ്. ഒരു ദിവസം വിജയകാന്തിന്റെ കാവിയ തലൈവൻ സിനിമയുടെ ചിത്രീകരണം ഒരു കപ്പലിൽ നടക്കുന്നു. മലേഷ്യയിൽ നടക്കുന്ന കഥയാണ്. അവർക്കു കണ്ടാൽ ചൈനക്കാരെപ്പോലെയുള്ള ആളുകളെ വേണം. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. ഞാനാദ്യമായാണു സിനിമയിൽ സ്റ്റണ്ട് അഭിനയിക്കുന്നത്. അതു ശ്രദ്ധിക്കപ്പെട്ടു. പലരും അച്ഛനോടു ചോദിച്ചു. നിങ്ങൾക്കു മകനെ സിനിമയിൽ വിട്ടുകൂടെയെന്ന്. അങ്ങനെയാണു സ്റ്റണ്ട് മാനായി മാറുന്നത്.

ഭാവി പരിപാടികൾ

പീറ്റർ ഹെയ്ൻ ക്രിയേഷൻസിന്റെ ബാനറിൽ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്റെ സിനിമകളിൽ ആക്ഷനുണ്ടാകില്ല. കുടുംബ ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം.