കര്‍ണൻ‍, വലിയ മുന്നൊരുക്കങ്ങൾ വേണം: പൃഥ്വിരാജ്

പൃഥ്വിരാജ്, കർണൻ പോസ്റ്റർ

എത്ര ബുദ്ധിമുട്ടിയിട്ടായാലും മറ്റുള്ളവരെ കുറച്ച് ബുദ്ധിമുട്ടിച്ചിട്ടായാലും സിനിമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല പൃഥ്വിരാജ്. ക്യാമറയ്ക്കു മുന്നിലെത്തും മുൻപേ അതിനു വേണ്ടിയുള്ള സൂക്ഷ്മമായ മുന്നൊരുക്കങ്ങളിൽ ഒരു സംവിധായകനോളം തന്നെ ജാഗ്രത കാട്ടുന്നു. ഇതൊരു ഇടപെടലായി കണ്ട് അഹങ്കാരമെന്നു വിളിക്കുന്നവരുണ്ടാവാം. പക്ഷേ, അതിനെ തന്റെ സ്വാതന്ത്ര്യമെന്നു വിളിക്കാനാണു പൃഥ്വിരാജിന് ഇഷ്ടം.

ന്യൂ ജനറേഷൻ സിനിമകളുടെയും നായകൻമാരുടെയും കാലത്ത്, ജെ.സി.ഡാനിയേലിനെയും ബി.പി.മൊയ്തീനെയും പോലെയുള്ള ഓൾഡ് ജനറേഷൻ നായകരെ വെള്ളിത്തിരയിലവതരിപ്പിച്ച് എല്ലാ തലമുറകളുടെയും കയ്യടി വാങ്ങുകയാണ് പൃഥ്വിരാജ്.

∙നന്ദനത്തിൽ നിന്നു പാവാടയിലേക്കുള്ള 13 വർഷത്തിനിടെ പൃഥ്വിരാജ് എന്ന നടനിൽ സംഭവിച്ച മാറ്റമെന്താണ്?

മലയാള സിനിമയിലാകെയാണ് വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. സിനിമയുടെ പരിഗണനാ ഘടകങ്ങൾ തന്നെ മാറിയിരിക്കുന്നു. സിനിമയിൽ വരുന്ന കാലത്ത് പേരെടുത്ത സംവിധായകരുടെയും കൂട്ടുകെട്ടിന്റെയുമെല്ലാം ഭാഗമാകാനാണ് ആഗ്രഹിച്ചത്. എന്നാൽ ഇന്ന് അത് മാറി. വലിയ പേരുകൾ നൽകുന്ന മേൽവിലാസമല്ല, സിനിമയുടെ ഉള്ളടക്കം തന്നെയാണ് പ്രധാനം. ഒരു പ്രമേയം സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

പൃഥ്വിരാജ് കുടുംബം

അതിൽ ഏതു കാലഘട്ടത്തിലെ കഥ എന്നതൊരു പ്രശ്നമല്ല. ജെ.സി.ഡാനിയേലിന്റെ കഥ പറയുന്ന സെല്ലുലോയ്ഡിന്റെ തിരക്കഥ കമൽ സാർ പറയുമ്പോഴും മൊയ്തീനിന്റെ കഥ ആർ.എസ്.വിമൽ പറയുമ്പോഴും ഞാൻ പരിഗണിച്ചത് ആ ഒരു ഘടകം മാത്രമാണ്. ഭാഗ്യവശാൽ എനിക്ക് കിട്ടിയിട്ടുള്ള മിക്ക കഥാപാത്രങ്ങളും വ്യത്യസ്തമായിരുന്നു.

∙എന്നു നിന്റെ മൊയ്തീൻ മലയാളത്തിലെ എക്കാലത്തേയും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയപ്പോഴും സിനിമ പ്രമേയമാക്കുന്ന ജീവിത കഥയിലെ നായിക കാഞ്ചനമാലയും സിനിമയിലെ അണിയറ പ്രവർത്തകരും തമ്മിലുള്ള തർക്കങ്ങൾ വലിയ വിവാദമായി?

ഒരു ജീവിത കഥയ്ക്ക് പല വ്യാഖ്യാനങ്ങളുണ്ടാവും. പ്രത്യേകിച്ചും അതൊരു സിനിമയോ നാടകമോ ആയി മാറുമ്പോൾ. 90% യഥാർഥ കഥ ഉൾക്കൊള്ളുമ്പോൾ തന്നെ 10% സിനിമാറ്റിക് ഘടകം തിരക്കഥയിലുണ്ടാവും. സെല്ലുലോയ്ഡിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. അത് മനസ്സിലാക്കാതെയുളള വിവാദങ്ങളാണുണ്ടായത്.

പൃഥ്വിരാജ്

കാഞ്ചനേടത്തിയുമായി സിനിമ ചെയ്യുന്നതിനു മുൻപ് ഫോണിലൂടെ സംസാരിച്ചിട്ടു മാത്രമേയുള്ളൂ. മൊയ്തീനായി ഞാൻ തന്നെ അഭിനയിക്കണമെന്ന് വിമലിനോട് പറഞ്ഞതായൊക്കെ എന്നോട് പറഞ്ഞു. എന്ന് നിന്റെ മൊയ്തീൻ ചെയ്യുന്നതിനു വേണ്ടി ആർ.എസ്.വിമൽ സ്വരൂപിച്ച റിസർച്ച് മെറ്റീരിയൽ ഇതേ കഥ അടിസ്ഥാനമാക്കി ഇനിയൊരു അഞ്ചോ ആറോ സിനിമ കൂടി ചെയ്യാനുള്ള അത്രയുമുണ്ട്. ബി.പി.മൊയ്തീന്റെ സഹോദരനായ ബി.പി.റഷീദിന് ഇതെല്ലാം അറിയാം. വിവാദങ്ങൾക്കു ശേഷം കാഞ്ചനേടത്തിയുമായി സംസാരിച്ചിട്ടില്ല. ഞങ്ങൾ ഇതുവരെ നേരിട്ടു കണ്ടിട്ടുമില്ല. മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയേലിന്റെ കഥ പ്രമേയമായ സെല്ലുലോയ്ഡ് ഇറങ്ങിയപ്പോഴും ഇത്തരത്തിൽ ചില അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

∙ഒരുകാലത്ത് സമൂഹ മാധ്യമങ്ങളുടെ വലിയ ഇരയായിരുന്നു പൃഥ്വിരാജ്. ഇന്ന് അതേ മാധ്യമങ്ങൾ പൃഥ്വിരാജിനെ വാഴ്ത്തുകയും ചെയ്യുന്നു...?

എന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നല്ല കാര്യങ്ങൾ വരുമ്പോൾ സന്തോഷം തോന്നാറുണ്ട്. കാരണം അത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ, അല്ലെങ്കിൽ സിനിമ തിരഞ്ഞെടുക്കുന്നത് –അതെല്ലാമാണ് കാരണം. എന്നാൽ എന്നെ ഇതേ സോഷ്യൽ മീഡിയ മുൻപ് ആക്രമിച്ചതിന്റെ കാരണം എനിക്ക് പിടികിട്ടിയിരുന്നില്ല. ഒരു ടിവി ഇന്റർവ്യുവിന്റെ ഭാഗങ്ങൾ അടർത്തി മാറ്റി പരിഹാസ്യമായി അവതരിപ്പിച്ചു. ഞാൻ പ്രതികരിച്ചില്ല. ആ ഇന്റർവ്യു മുഴുവൻ കണ്ടാൽ പ്രശ്നവുമില്ല. പിന്നെ എന്റെ രീതികൾ ഇങ്ങനെയാണ്.

സമൂഹ മാധ്യമങ്ങളിലൊന്നും ഞാൻ സജീവമല്ല. എന്റെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജ് ഞാനല്ല, മറ്റൊരു ടീമാണ് അപ്ഡേറ്റ് ചെയ്യുന്നത്. ട്വിറ്റർ അക്കൗണ്ട് ഉണ്ടെങ്കിലും ആക്ടീവല്ല. ഫോൺ ഉപയോഗിക്കുന്നതു പോലും കുറവാണ്, സിനിമയും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സമയമെല്ലാം നീക്കിവയ്ക്കുന്നത്.

∙കരുതലോടെ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ സൂപ്പർഹിറ്റ് വിജയങ്ങൾക്കൊപ്പം പരാജയപ്പെടുന്ന സിനിമകളും ഉണ്ടാവുമല്ലോ. ചെയ്ത സിനിമകളിലേതെങ്കിലും വേണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?

ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയ്ക്കുമേൽ ഒരു നിയന്ത്രണം കിട്ടിയത് കഴിഞ്ഞ മൂന്നുനാലു വർഷത്തിനുള്ളിലാണ്. ഈ കാലത്തിനുള്ളിൽ ചെയ്ത ഒരു സിനിമയുടേയും കാര്യത്തിൽ പശ്ചാത്താപം തോന്നിയിട്ടില്ല. ഇഷ്ടമുള്ള സിനിമകൾ തന്നെയാണ് ഞാൻ ചെയ്തതെല്ലാം. പിന്നെ സിനിമ പുറത്തിറങ്ങി കാണുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. സിനിമ തിയറ്ററിൽ വിജയിക്കുന്നതും പരാജയപ്പെടുന്നതും സ്വാഭാവികമാണ്. അത് പ്രേക്ഷകരുടെ തീരുമാനം. അതുകൊണ്ട് പരാജയപ്പെടുന്ന സിനിമകൾ മോശമാവുന്നില്ല. വിജയിക്കുന്ന സിനിമകളുടെ ഭാഗമാവാനാണ് ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. പക്ഷേ, എന്റെ സിനിമകൾ ഇനിയും പരാജയപ്പെട്ടേക്കാം.

പൃഥ്വിരാജ് കുടുംബം

∙മഹാഭാരതത്തിലെ കർണനായി അഭിനയിക്കാനുള്ള ഒരുക്കങ്ങൾ എങ്ങനെ?

ആർ.എസ്. വിമലുമായി ചേർന്ന് പ്ലാൻ ചെയ്യുന്ന സിനിമയാണത്. അതിന്റെ തിരക്കഥ വിമൽ എഴുതി തുടങ്ങിയിട്ടേയുള്ളൂ. ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് സ്ക്രിപ്റ്റിങ്ങിലുൾപ്പെടെ വലിയ മുന്നൊരുക്കങ്ങൾ വേണ്ട സിനിമയാണത്. കർണന്റെ വീരനായകത്വം മാത്രമല്ല, കർണന്റെ വ്യക്തിത്വത്തെയും ആന്തരിക സംഘർഷങ്ങളെയുമെല്ലാം വേറൊരു രീതിയിൽ നോക്കിക്കാണുകയാണ് ഈ സിനിമയിൽ. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമകളിലൊന്നാവും അത്.

∙സിനിമ സംവിധാന സ്വപ്നം ഉടൻ സഫലമാവുമോ?

അതൊരു വലിയ സ്വപ്ന ലക്ഷ്യം തന്നെയാണ്. പക്ഷേ അതു യാഥാർഥ്യമാവണമെങ്കിൽ ആറ് മാസമെങ്കിലും മറ്റെല്ലാ ജോലികളിൽ നിന്നും മാറിനിൽക്കേണ്ടി വരും. ഇപ്പോൾ ഏറ്റിരിക്കുന്ന സിനിമകൾ മുടങ്ങും. അതിനാൽ ഈ വർഷം അതുണ്ടാവില്ല. പക്ഷേ അതിനായുള്ള ചിന്തകൾ എപ്പോഴും മനസ്സിലുണ്ട്.