മറ്റൊരു നരസിംഹം ഉടനില്ല; പുലിമുരുകൻ നാലു തവണ കണ്ടു, കലക്കി

ഷാജി കൈലാസ് സിനിമയെടുക്കുകയാണോ? നരസിംഹം പോലൊരു കിടിലൻ ചിത്രം? പുലിമുരുകൻ കണ്ട് ത്രസിച്ചിരിക്കുന്നവർക്കിടയിലേക്കിറങ്ങിയ ഈ ചൂടൻ വാർത്ത സത്യമാണോ? സംഗതി എന്തായാലും മലയാളത്തിൽ എക്കാലത്തേയും മികച്ച ആക്ഷൻ ചിത്രങ്ങളു‍ടെ സംവിധായകനേയും മോഹൻലാലിന്റെ പുലിമുരുകൻ ഹരംപിടിപ്പിച്ചു. പുലിമുരുകന്‍ നാലുതവണ കണ്ട ആ ത്രില്ലിൽ നിന്നു കൊണ്ടു ഷാജി കൈലാസ് മനോരമ ഓൺലൈനോട് പറയുന്നു

ഇതുവരെ നിങ്ങൾ എന്റെ പുതിയ ചിത്രത്തെ കുറിച്ചു കേട്ടതൊന്നും ശരിയല്ല...വെറുതെ പറയുന്നതാണ് അതെല്ലാം...ഒരു വലിയ ചിരിയുടെ ഷാജി കൈലാസ് പറഞ്ഞു. പുലിമുരുകനാണേ സത്യം...എന്ന് ഇടയ്ക്കു പറഞ്ഞോ എന്നൊരു തോന്നൽ...

ഒരു സിനിമയുടെ പണിപ്പുരയിലാണ് എന്നതു മാത്രമാണ് സത്യം. സ്ക്രിപ്റ്റിങ് ‌നടക്കുന്നതേയുള്ളൂ. അതിനിടയിൽ എങ്ങനെയാണ് ഞാൻ സംസാരിക്കുക? ആരാണ് അഭിനയിക്കുകയെന്നതും സിനിമയുടെ മറ്റ് വിശദാംശങ്ങളും പിന്നീടേ പറയുവാനാകൂ.

അതിമനോഹരമായ ഒരു അനുഭവം എന്നാണു പുലിമുരുകനെ ഷാജി കൈലാസ് വിശേഷിപ്പിക്കുന്നത്. ഒരു കലക്കൻ സിനിമ. അതുകൊണ്ടു തന്നെ നാലു വട്ടമാണ് പുലിമുരുകന്‍ കാണാൻ ഇദ്ദേഹം തീയറ്ററിലെത്തിയത്. ഒരു കാര്യം ഷാജി കൈലാസിന് ഉറപ്പാണ്...ഇതുവരെ ഇറങ്ങിയ ആക്​ഷൻ ചിത്രങ്ങൾക്കെല്ലാം മേലെയാണു പുലിമുരുകൻ. അതുപോലെ ഈ വേഷം അവതരിപ്പിക്കുവാൻ ഇന്നു മലയാള സിനിമയിൽ മറ്റൊരു നടനില്ല എന്നും ഷാജി കൈലാസു വിശ്വസിക്കുന്നു..."

ഈ ആക്ഷനും അഭിനയവും യാഥാഥ്യത്തോടെ ചെയ്യുവാൻ മറ്റൊരു നടനില്ല...അത്രയ്ക്കു മനോഹരമായാണ് മോഹന്‍ലാൽ പുലിമുരുകനായി അവതരിച്ചത്. ആക്ഷനും അഭിനയവും അതിശയിപ്പിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ ‌ഒടുക്കം വരെ തനിക്കുള്ളിലെ ഊർജ്ജത്തെ ആകാശത്തോളം ഉയർത്തി നിർത്തുവാന്‍ മോഹൻലാലിനു സാധിച്ചു. ആ ആക്ഷനും അഭിനയവും കൊതിപ്പിക്കുന്നതാണ്." ഷാജീ കൈലാസ് ആവേശത്തോടെ സംസാരിച്ചു.

പുലിയെ വകവരുത്തിയ ശേഷം മോഹൻലാൽ മുഖത്തു വരുത്തുന്ന ഒരു ഭാവമുണ്ട്. പുലിയുടെ ക്രൗര്യത്തെ. ആ ആക്ഷനാണ് ഷാജി കൈലാസിനു പെരുത്തിഷ്ടമായത്. കുഞ്ഞിലേ മുരുകന്റെ ഉള്ളിൽ തട്ടിയ ക്രൗര്യത്തിന്റെ ആഴമെത്രയെന്നും, ഒരു പുലി വന്നാൽ തീര്‍ച്ചയായും അതിനെ നമ്മെ ആകാംഷയുടെ മുൾമുനയില്‍ നിർത്തി നേരിടാനുള്ള ചങ്കൂറ്റം പുലിമുരുകനുണ്ടെന്ന തോന്നൽ പ്രേക്ഷകനുണ്ടാക്കി കൊടുക്കാൻ ആ ഒറ്റ രംഗം കൊണ്ടു സാധിച്ചു. പ്രേക്ഷകന്റെ വിശ്വാസം നേടിയെടുക്കുവാൻ ആദ്യമേ സംവിധായകനു സാധിച്ചു. ഓരോ കാലത്തും ഓരോ മോഹൻലാൽ ആണ്. ഓരോ സിനിമകളിലും ഓരോ കാലത്തും ആ അഭിനയത്തിനു പുതിയ മാനം വന്നു കൊണ്ടിരിക്കുന്നു. അളവുകോലുകൾക്കപ്പുറമാണ് ആ അഭിനയം. ഷാജി കൈലാസ് പറഞ്ഞു.