ശ്രീവിദ്യയെ ചിലർ വഞ്ചിച്ചു, വേദനിപ്പിച്ചു: ഉണ്ണിത്താൻ

നടനെന്ന നിലയിലല്ല മന്ത്രിയും രാഷ്ട്രീയ നേതാവുമെന്ന നിലയിലാണ് നടി ശ്രീവിദ്യ ചിലരെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചതെന്നും എന്നാല്‍ അവരെ ക്രൂരമായി കബളിപ്പിച്ചെന്നും ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ .

ശ്രീവിദ്യ പവര്‍ ഓഫ് അറ്റോണി നല്‍കിയതിന്റെ പേരില്‍ സ്വത്തുക്കള്‍ തട്ടിയെടുത്തവര്‍ നിയമത്തെ വെല്ലുവിളിക്കുകയാണ്. പവര്‍ ഓഫ് അറ്റോണി നല്‍കിയ ശ്രീവിദ്യ മരിച്ചതോടെ കൊടുത്ത അധികാരങ്ങളും ഇല്ലാതായി. മാത്രമല്ല പവര്‍ ഓഫ് അറ്റോണി കൊടുത്തവര്‍ക്ക് അത് പിന്‍വലിക്കാന്‍ അധികാരമുണ്ട്. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ ഇനി കൈമാറേണ്ടത് കോടതിക്കാണ്. കോടതിയാണ് സ്വത്തുക്കള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കേണ്ടത്, അല്ലാതെ വ്യക്തികളല്ല. കോടതിക്ക് സ്വത്തുക്കള്‍ കൈമാറാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ പലതും തുറന്നു പറയേണ്ടിവരുമെന്നും ഉണ്ണിത്താന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. 

താന്‍ വഞ്ചിക്കപ്പെട്ടതായി മരിക്കുന്നതിന് മുന്‍പ് തന്നെ ശ്രീവിദ്യ തിരിച്ചറിഞ്ഞിരുന്നു. ആദരണീയനും സത്യസന്ധനുമായ നേതാവായതിനാലാണ് മുല്ലപ്പള്ളിക്ക് ശ്രീവിദ്യ പരാതി നല്‍കിയത്. താന്‍ വഞ്ചിക്കപ്പെട്ടതായി മുല്ലപ്പള്ളിയോട് ശ്രീവിദ്യ തുറന്നു പറഞ്ഞിരുന്നു. ഞെട്ടിപ്പിക്കുന്ന ഗുരുതരമായ വെളിപ്പെടുത്തലുകളായിരുന്നു ശ്രീവിദ്യയുടേത്. നിവൃത്തികേടുകൊണ്ടാണ് മുല്ലപ്പള്ളി ഇക്കാര്യങ്ങള്‍ തന്നോട് തുറന്നുപറഞ്ഞത്. 

ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട ദൂരൂഹതകള്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സ്വത്തുക്കള്‍ ചിലര്‍ തട്ടിയെടുത്തെന്നുകാട്ടി ശ്രീവിദ്യയുടെ ബന്ധുക്കള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. ലോകായുക്തയില്‍ കേസും നടക്കുന്നുണ്ട്. മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലുമാണ് ശ്രീവിദ്യ സ്വത്തുക്കള്‍ കൈമാറിയത്. നടന്‍ മാത്രമെന്ന പരിഗണനയിലാണെങ്കില്‍ ശ്രീവിദ്യയ്ക്ക് ഏതെങ്കിലും സൂപ്പര്‍ സ്റ്റാറുകളെ സ്വത്ത് ഏല്‍പ്പിക്കാമായിരുന്നു. 

ശ്രീവിദ്യ വിശ്വസിച്ചവര്‍ അവരെ ക്രൂരമായി വേദനിപ്പിച്ചു. തന്റെ സ്വത്തുപയോഗിച്ച് ശ്രീവിദ്യ ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങളൊന്നും നടന്നില്ല. അവരുടെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയണം. ആരുടേയും പേരുപറയാനോ ആക്ഷേപിക്കാനോ താനില്ല. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ അവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ക്ക് വിനിയോഗിച്ചാലേ അരുടെ ആത്മാവിന് ശാന്തിലഭിക്കൂയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.