രജനിയുടെ ‘കാല’യ്ക്ക് പാരയായി വിക്രത്തിന്റെ ‘കരികാലൻ’

കബാലി എന്ന സൂപ്പർഹിറ്റിന് ശേഷം സംവിധായകൻ പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. മുംബൈയിൽ ഷൂട്ടിങ് തുടങ്ങിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നിർമാതാവ് ധനുഷ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

എന്നാൽ സിനിമയുടെ പേരിനെതിരെ തമിഴിലെ അസോഷ്യേറ്റ് സംവിധായകനായി പ്രവർത്തിക്കുന്ന കെ രാജശേഖരൻ രംഗത്ത്. രജനി ചിത്രത്തിൽ ടാഗ്‌ലൈനായി ഉപയോഗിക്കുന്ന കരികാലൻ എന്ന പേര് താൻ രജിസ്റ്റർ ചെയ്തയാണെന്നാണ് ആരോപണം.

1995ല്‍ കരികാലന്‍ എന്ന പേര് രജിസ്റ്റർ ചെയ്തിരുന്നെന്നും സിൽവർ ലൈൻ ഫിലിം ഫാക്ടറി ഇതേ പേരിൽ വിക്രത്തെവച്ച് സിനിമ തുടങ്ങിയതാണെന്നും രാജശേഖരൻ പറഞ്ഞു. ഈ ചിത്രം പിന്നീട് പൂർത്തിയായില്ലെങ്കിലും പേരിന്റെ അവകാശം തനിക്കാണെന്ന് രാജശേഖരൻ ആരോപിക്കുന്നു. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി കഴിഞ്ഞു.

2012ലാണ് വിക്രം നായകനായി കരികാലന്‍ ചിത്രീകരണം ആരംഭിക്കുന്നത്. സംവിധായകന്‍ എല്‍ ഐ കണ്ണനാണ് കരികാലന് തുടക്കമിടുന്നത്.ചില സാങ്കേതിക കാരണങ്ങളാല്‍ ഇടയ്ക്ക് കരികാലന്‍ മുടങ്ങുകയും തുടര്‍ന്ന് സംവിധായകന്‍ ശങ്കറിന്റെ സഹായായിരുന്ന ഗാന്ധികൃഷ്ണ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ ചിത്രം പൂർത്തിയായില്ല,

ചോളരാജ വംശത്തിലെ രാജവായിരുന്ന കരികാലന്റെ കഥയാണ് ചിത്രം പറയുന്നത്. അന്നത്തെക്കാലത്ത് മികച്ച രീതിയില്‍ ഗ്രാഫിക് സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ചാണ് ചിത്രം തുടങ്ങിയത്. ബോളിവുഡ് താരം സറീന്‍ ഖാനായിരുന്നു നായിക. സിനിമയുടെ ട്രെയിലറും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

എന്നാൽ രജനി ചിത്രം കാല അധോലോകനായകന്റെ കഥയാണ്. മുംബൈ അധോലോകനായകനായ കാലയായാണ് രജനി എത്തുക.