മുംബൈ തെരുവിലൂടെ അലഞ്ഞ് ഹോളിവുഡ് നടി

സിനിമാതാരങ്ങൾ പുറത്തിറങ്ങുന്നത് ബൗൺസേർസിന്റെയോ സുരക്ഷാഉദ്യോഗസ്ഥരുടെയോ അകമ്പടിയോടെയാണ്. നടിമാരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഇവരൊന്നുമില്ലാതെ ഒരു നടി ബോളിവുഡിന്റെ സ്വന്തം മുംബൈയിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് അലഞ്ഞുനടന്നു.

കക്ഷി ചില്ലറക്കാരിയല്ല. മികച്ച നടിക്കുള്ള ഓസ്‌കർ പുരസ്കാരം നേടിയ ഹാലി ബെറിയാണ് സാധാരണക്കാരിയായി ഒറ്റയ്ക്ക് മുംബൈ നഗരം കണ്ട് നടന്നത്.

ജയിംസ് ബോണ്ട്, എക്സ്മെൻ എന്നീ ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയായ താരം കൂടിയാണ് ഹാലി. ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ടപ്പോഴാണ് പ്രേക്ഷകരും സംഭവം പുറത്തറിയുന്നത്. ‘ഇന്ന് തനിയെ അലയാൻ കുറച്ച് സമയം കണ്ടെത്തി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

താരത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. ബോളിവുഡില്‍ അരങ്ങേറാനുള്ള സാധ്യതയായാണ് സിനിമാ ലോകം താരത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നത്.