ഷാരൂഖിനോട് ദേഷ്യപ്പെട്ട് രാഷ്ട്രീയനേതാവ്; വിഡിയോ

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ പിറന്നാൾ ആഘോഷം അലിബാഗിൽ കെങ്കേമമായി കൊണ്ടാടിയിരുന്നു. പാർട്ടി ആഘോഷത്തിലെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. എന്നാൽ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് അലിബാഗിൽ തിരിച്ചുപോകുന്നതിനിടെ രാഷ്ട്രീയനേതാവ് ഷാരൂഖ് ഖാനോട് ദേഷ്യപ്പെടുന്ന വിഡിയോ ആണ് ഇപ്പോൾ ചർച്ചാ വിഷയം.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ജയന്ത് പാട്ടിൽ ആണ് താരത്തിന് നേരെ തന്റെ രോഷം പ്രകടിപ്പിച്ചത്. പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങാനായി ഉല്ലാസ ബോട്ടിൽ ഷാരൂഖ് അലിബാഗിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഷാരൂഖ് വരുന്നതറിഞ്ഞ് നിരവധി ആരാധകരും സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.

ഈ സമയത്താണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ജയന്ത് പാട്ടീലും ബോട്ടുമായി അവിടെ എത്തുന്നത്. ജനത്തിരക്ക് കാരണം ജയന്ത് പാട്ടീലിന് തന്റെ ബോട്ട് കരയ്ക്ക് അടുപ്പിക്കാനായില്ല.

കുറച്ച് നേരം കാത്തുനിന്ന ശേഷം ഷാരൂഖ് ബോട്ടിൽ നിന്നും പുറത്തുവരാതായതോടെ താരത്തിന്റെ ബോട്ടിനരികില്‍ എത്തി ജയന്ത് ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങി.  ‘നിങ്ങൾ സൂപ്പർ സ്റ്റാറായിരിക്കാം, പക്ഷേ അലിബാഗ് നിങ്ങളുടെ സ്വന്തമല്ല’–ജയന്ത് ഷാരൂഖിനോട് പറഞ്ഞു.

എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും ഷാരൂഖ് പുറത്തുവരാൻ കൂട്ടാക്കിയില്ല. ഒടുവിൽ ജയന്ത് ബോട്ടിൽ തിരികെ മടങ്ങിയതിന് ശേഷമാണ് ഷാരൂഖ് പുറത്തുവന്നത്.