‘നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ലേ’; പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി

കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ–അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യയുടെ ആറാം പിറന്നാൾ. കെങ്കേമമായി തന്നെ അത് ആഘോഷിക്കുകയും ചെയ്തു. എന്നാൽ അതില്‍ നിന്നുമൊക്കെ വിപരീതമായാണ് ഐശ്വര്യ തന്റെ അച്ഛൻ കൃഷ്ണരാജ് റായിയുടെ ജന്മദിനം ആഘോഷിച്ചത്. മുച്ചുണ്ട് ഉള്ള നൂറുകുട്ടികളുടെ സൗജന്യശസ്ത്രക്രിയ നടത്താനായിരുന്നു ഐശ്വര്യയുടെ തീരുമാനം.

കുട്ടികളെ കാണുന്നതനായി മകൾ ആരാധ്യയ്ക്കൊപ്പം സ്മൈൽ ട്രെയിൻ ഫൗണ്ടേഷനിൽ ഐശ്വര്യ എത്തിയിരുന്നു. മരിച്ചുപോയ അച്ഛന്റെ ഓർമയ്ക്കായി കേക്കും മുറിക്കുകയുണ്ടായി. എന്നാൽ പാപ്പരാസികളുടെ നിലവാരമില്ലായ്മ ഐശ്വര്യയെ അസ്വസ്ഥയാക്കി.

അസുഖബാധിതരായ കുട്ടികൾക്കൊപ്പമായിരുന്നു ഐശ്വര്യയും ആരാധ്യയും കേക്ക് മുറിച്ചത്. അതിനിടെ തുരുതുരാ മിന്നിക്കൊണ്ടിരുന്ന ക്യാമറ ഫ്ലാഷുകൾ ഓഫ് ചെയ്യാന്‍ ഐശ്വര്യ പാപ്പരാസികളോട് ആവശ്യപ്പെട്ടു. എന്നാൽ അതൊന്ന് കേൾക്കാൻ പോലും അവർ തയ്യാറായില്ല.

പെട്ടന്നാണ് സദസ്സിലുള്ളവരെയെല്ലാം ഞെട്ടിച്ച സംഭവമുണ്ടാകുന്നത്. ഐശ്വര്യ പൊട്ടിക്കരയാൻ തുടങ്ങി. ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിച്ചു.

‘ദയവായി ഇത് നിര്‍ത്തൂ, നിങ്ങൾ ചെയ്യുന്നതൊരു ജോലിയല്ല. ഇതൊരു സിനിമാപ്രീമിയർ നടക്കുന്ന ഇടമല്ല. പൊതുസ്ഥലവുമല്ല. കുറച്ചെങ്കിലും ആദരം ഈ കുട്ടികളോട് കാണിക്കൂ. അവർ ബുദ്ധിമുട്ടുള്ളവരാണ്.’–ഐശ്വര്യ പറഞ്ഞു.

നവംബർ 16നായിരുന്നു ആരാധ്യയുടെ പിറന്നാൾ ആഘോഷം. ഷാരൂഖ് ഖാ‍ൻ , ആമിർ ഖാൻ തുടങ്ങി ബോളിവുഡിലെ വമ്പൻതാരങ്ങൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.