ദീപികയെ തഴഞ്ഞതിന്റെ കാരണം വ്യക്തമാക്കി മജീദ് മജീദി

ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ പുതിയ ചിത്രം 'ബിയോൺഡ് ദി ക്ലൗഡസ്' ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ചിത്രത്തിൽ മലയാളി താരം മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിനായി സൂപ്പർ താരം ദീപിക പദുക്കോണിനെ തഴഞ്ഞതിന്റെ കാരണം വ്യക്തമാക്കുകയാണ് മജീദ് മജീദി.

"ഞാൻ സമൂഹത്തില്‍ നിന്നാണ് വിഷയങ്ങളെ തിരഞ്ഞെടുക്കുന്നത്. ജനങ്ങൾക്കിടയിൽ നിന്നാണ് താരങ്ങളെ കണ്ടെത്തുന്നത്. ഞാൻ കൂടുതലും നവാഗതരോടൊത്താണ് സിനിമ ചെയ്യാറുള്ളത്. ഞങ്ങൾ ഒരു ദിവസം ദീപികയെ ഓഡിഷൻ ചെയ്തതാണ്. പക്ഷേ ആരാധക ബഹളം ചിത്രീകരണ മേഖലയെ ആകെ അസ്വസ്ഥമാക്കി" 'ചിൽഡ്രൻസ് ഓഫ് ഹെവെൻ' പോലുള്ള സിനിമകൾ ലോകത്തിനു സമ്മാനിച്ച ഓസ്കർ നോമിനേറ്റഡ് സംവിധായകൻ പറഞ്ഞു.

ദീപികയെയായിരുന്നു ആദ്യം ചിത്രത്തിനായി ഓഡിഷന്‍ ചെയ്തത്. എന്നാൽ സൂപ്പർ താരങ്ങളെ വേണ്ടായെന്ന തീരുമാനത്തെ തുടർന്ന് മലയാളി താരം മാളവിക മോഹനനെ തിരഞ്ഞെടുക്കുകയായിരുന്നു മജീദ് മജീദി. പ്രശ്സത ബോളിവുഡ് ഛായാഗ്രഹകൻ കെ. യു മോഹനന്റെ മകളാണ് മാളവിക.ആദ്യമായാണ് അദ്ദേഹം ഇറാന് പുറത്ത് സിനിമ ചെയ്യുന്നത്. മുംബൈയിലായിരുന്നു ഭൂരിഭാഗം സിനിമയും ചിത്രീകരിച്ചത്. ഇന്ത്യയിലെ മനുഷ്യരും പ്രക്യതിയും പ്രചോദനം നൽകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.