ആമിറിന്റെ മഹാഭാരതം വരുന്നു; 1000 കോടി മുടക്കാൻ മുകേഷ് അംബാനി

മഹാഭാരതം വീണ്ടും സിനിമാലോകത്ത് ചർച്ചയാകുകയാണ്. എംടിയുടെ രണ്ടാമൂഴം 1000 കോടി പ്രോജ്കടിൽ ഒരുങ്ങുന്നുവെന്ന വാർത്ത ഇന്ത്യൻ സിനിമാലോകത്ത് തന്നെ ചർച്ചയായി മാറി. മോഹൻലാൽ ആണ് ഭീമനായി എത്തുന്നത്. എന്നാൽ ബോളിവുഡിൽ നിന്നും ഇതാ മറ്റൊരു മഹാഭാരതം വരുന്നു.

ആമിർ ഖാനാണ് ഈ വമ്പൻ പ്രോജക്ടിന് നേതൃത്വം നൽകുന്നത്. നടന്റെ മനസ്സിലുള്ള സ്വപ്നപദ്ധതിയാണ് ഈ പ്രോജക്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമയായി മഹാഭാരത നിർമിക്കുകയാണ് ആമിറിന്റെ ലക്ഷ്യം. ഹോളിവുഡ് സീരിസുകളായ ലോര്‍ഡ് ഓഫ് ദ് റിങ്സ്, ഗെയിം ഓഫ് ത്രോൺ പോലെ പല ഭാഗങ്ങളായാകും ഈ ചിത്രം നിർമിക്കാൻ ആമിർ ലക്ഷ്യമിടുന്നത്.

എന്നാൽ ഇതിനായി അദ്ദേഹത്തിന് വലിയൊരു നിർമാണകമ്പനിയെ വേണ്ടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ബിസിനസ്സിലെ ഒന്നാമനായ മുകേഷ് അംബാനി ചിത്രത്തിന് മുതൽമുടക്കാൻ താൽപര്യം പ്രകടിപ്പിച്ചെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. ആയിരം കോടിയാണ് ഇതിനായി മാറ്റിവെയ്ക്കുക. ഇതിനായി ഒരു പുതിയ നിർമാണകമ്പനിയും മുകേഷ് തുടങ്ങുമെന്നും വാർത്തയിൽ പറയുന്നു.

മികച്ച നടനും അതിലുപരി എല്ലാ മാർക്കറ്റിങ് തന്ത്രങ്ങളുമറിയുന്ന ആമിറിനെ ഈ പ്രോജക്ട് വിശ്വാസത്തോടെ ഏൽപിക്കാൻ മുകേഷ് തയ്യാറായി കഴിഞ്ഞു. എന്നാൽ സിനിമയുടെ കഥ, സംവിധാനം എന്നീ മേഖലകളിൽ ആരൊക്കെ ഉണ്ടാകുമെന്ന വിവരം പുറത്തുവന്നിട്ടില്ല.

നേരത്തെ രാജമൗലി മഹാഭാരതം സിനിമയാക്കുന്നത് താൽപര്യം പ്രകടിപ്പിച്ച് വന്നിരുന്നു. മോഹൻലാൽ, ആമിർ ഖാൻ, രജനീകാന്ത് എന്നിവരായിരുന്നു രാജമൗലിയുടെ മനസ്സിലെ കഥാപാത്രങ്ങൾ. എന്നാൽ മോഹൻലാൽ മലയാളത്തിൽ രണ്ടാമൂഴം തുടങ്ങിയതോടെ ആ പ്രോജക്ട് രാജമൗലി വേണ്ടെന്ന് വെച്ചു.

റിപ്പോർട്ടുകൾ അനുസരിച്ച് തഗസ് ഓഫ് ഹിന്ദുസ്ഥാന് ശേഷം മഹാഭാരമായിരിക്കും ആമിറിന്റെ അടുത്ത പ്രോജക്ട്. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് താരം ഇപ്പോൾ. വളരെ രഹസ്യമായാണ് ഈ പ്രോജക്ട് ആമിർ മുന്നോട്ട് കൊണ്ടുപോകുന്നത്.