എട്ട് വർഷങ്ങൾക്കു ശേഷം ഐശ്വര്യയും അഭിഷേകും വെള്ളിത്തിരയിൽ ഒന്നിക്കുന്നു

എട്ട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ഗുലാബ് ജാമുൻ' എന്ന ചിത്രത്തിലായിരിക്കും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുക.

അഭിഷേക് ബച്ചനുമായി സിനിമയിൽ ഒന്നിച്ചഭിനയിക്കുന്ന വിവരം ഐശ്വര്യ റായ് തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ഇക്കാര്യം സ്ഥിരീകരിച്ചു. നല്ലൊരു കഥയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ഗുലാബ് ജാമുൻ വളരെ പ്രത്യേകത നിറഞ്ഞ ചിത്രമായിരിക്കുമെന്നും ഐശ്വര്യ പ്രതികരിച്ചു.

മണിരത്നം സംവിധാനം ചെയ്ത 'രാവൺ' എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ചത്. അഭിഷേകും ഐശ്വര്യയും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ഓഫർ നിരസിച്ചാണ് ഐശ്വര്യ അനുരാഗ് കശ്യപിന് ഡേറ്റ് നൽകിയതെന്ന് റിപ്പോർട്ടുകളുണ്ട്.

സിനിമകൾക്ക് ഇടവേള നൽകി മാറി നിൽക്കുന്ന അഭിഷേകിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുന്ന ചിത്രമാകും ഗുലാബ് ജാമുൻ എന്നാണ് വിലയിരുത്തൽ. 2016ന് ശേഷം പുതിയ ചിത്രങ്ങളൊന്നും അഭിഷേക് ചെയ്തിരുന്നില്ല. താപ്സി പന്നു, വിക്കി കൗശാൽ എന്നിവർക്കൊപ്പമുള്ള 'മൻമർസിയാൻ' ആണ് അഭിഷേകിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. അനുരാഗ് കശ്യപ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. 'ഫന്നേ ഖാൻ' എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്.