ദീപികയെ കരയിച്ച കത്ത്

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിൻെറ കഥപറയുന്ന പികു എന്ന ചിത്രത്തിന് മികച്ച നായികയ്ക്കുള്ള അവാർഡ് സ്വീകരിക്കാനെത്തിയ ദീപിക നിറഞ്ഞ സദസിൽ നിറമിഴികളോടെ ആ കത്ത് വായിച്ചു.

ദീപികയുടെ അച്ഛൻ പ്രകാശ് പദുക്കോൺ മക്കൾക്കെഴുതിയ കത്താണ് അവാർഡ് വേദിയിൽ കാണികളുടെ അനുവാദം വാങ്ങി ദീപിക ഉറക്കെ വായിച്ചത്. ഈ അടുത്തിടെയാണ് യാദൃശ്ചികമായി കത്ത് കൈയ്യിൽ കിട്ടിയതെന്നും ഇത് വായിക്കാൻ പറ്റിയ മുഹൂർത്തം ഇതുതന്നെയാണെന്ന് പറഞ്ഞാണ് ആ മകൾ അച്ഛനെഴുതിയ കത്ത് വായിച്ചു തുടങ്ങിയത്.

കത്തിൻെറ തുടക്കത്തിൽ തൻെറ ചെറുപ്പത്തിലെ ബാൻഡ്മിൻറൺ കളിയുടെ അനുഭവങ്ങളാണ് പ്രകാശ് പദുക്കോൺ പങ്കുവെക്കുന്നത്. പിന്നീട് ജീവിതത്തിൽ അദ്ദേഹം അനുഭവിച്ച ഭയങ്ങളെയും ആ ഭയങ്ങളെ എങ്ങനെ അതിജീവിച്ചുവെന്നും വിശദീകരിക്കുന്നു. മോഡലിങ് രംഗത്തെക്ക് പ്രവേശിക്കാൻ തുടങ്ങുന്ന ദീപികയ്ക്കുള്ള ഉപദേശങ്ങളിലൂടെ കത്ത് പുരോഗമിക്കുന്നു.

കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടായാലേ എന്തുകാര്യവും വിജയിത്തിലെത്തൂവെന്നും അതുകൊണ്ട് മനസിന് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യണമെന്നും അദ്ദേഹം മക്കളെ ഉപദേശിക്കുന്നു.

നീ വളർച്ചയുടെ പടവുകൾ കയറുമ്പോഴും നിന്നെ ഒരു സാധാരണ കുട്ടിയെപ്പോലെ പരിഗണിക്കുന്നതിൽ നീ പരിഭവിക്കരുത്. കാരണം ക്യാമറയ്ക്കു മുന്നിൽ മാത്രമാണ് നീ താരം. ഞങ്ങൾക്ക് നീ എന്നും പ്രിയപ്പെട്ട മകളാണ്. ലൈംലൈറ്റിലെ തിളക്കവും താരപ്പകിട്ടും എന്നും ഉണ്ടാവില്ലെന്നും പുറത്ത് യാഥാർത്ഥ്യങ്ങളുടെ ഒരു ലോകം കാത്തിരുപ്പുണ്ടെന്നും ഉള്ള തിരിച്ചറിവ് നിനക്കെപ്പോഴുമുണ്ടാകണം എന്നിങ്ങനെനിരവധി കാര്യങ്ങൾ കത്തിൽപ്പറയുന്നു.

ഈ അവാർഡ് മാതാപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്നും ലോകത്തുള്ള ഓരോ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾ നൽകുന്ന വിലപ്പെട്ട ഉപദേശങ്ങളെ പ്രതിനിധീകരിച്ചാണ് താൻ ഈ കത്ത് വായിച്ചതെന്നും പറഞ്ഞുകൊണ്ട് ദീപിക വാക്കുകൾ അവസാനിപ്പിക്കുമ്പോൾ നിറഞ്ഞ കരഘോഷത്തോടെ സദസ് ദീപികയെ പിന്തുണച്ചു.