പാന്‍മസാല പരസ്യം; അജയ് ദേവ്ഗണിന് ഡല്‍ഹി സര്‍ക്കാരിന്റെ നോട്ടീസ്

പാന്‍മസാല, പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവഗണിന് ഡല്‍ഹി സര്‍ക്കാരിന്റെ നോട്ടീസ്. പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിനെതിരെ ശക്തമായ താക്കീത് നല്‍കിക്കൊണ്ടുള്ള നോട്ടീസാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അയച്ചിരിക്കുന്നത്.

2003ലെ സിഗരറ്റ് ആന്റ് ടുബാക്കോ പ്രോഡക്ട് ആക്ടിലെ സെക്ഷന്‍ 5 പ്രകാരം പുകയിലയുടെയും അതുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ നിയമപരമായി നിരോധിച്ചിട്ടുണ്ട്. പാന്‍മസാലയുടെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യം ജനങ്ങളെ വഴിതെറ്റിക്കാനിടയുണ്ടെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം. അജയ് ദേവ്ഗണിന്റെ പ്രവര്‍ത്തി നിലവിലെ നിയമത്തിന്‍മേലുള്ള ലംഘനമാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

നിരോധിത ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കരുതെന്നും ഇത് പുകയില ഉല്‍പന്നങ്ങളുടെ പ്രോത്സാഹനത്തിന് പുറമെ യുവാക്കളെ വഴിതെറ്റിക്കുന്ന അവസ്ഥയ്ക്ക് വഴിവെക്കുമെന്നും സര്‍ക്കാര്‍ നോട്ടീസില്‍ പറയുന്നു. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക്‌ കാരണമായ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നു കാണിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍ ബോളിവുഡ്‌ താരങ്ങളായ ഷാരൂഖ്‌ ഖാന്‍, അജയ്‌ ദേവ്‌ഗന്‍, സെയ്‌ഫ്‌ അലി ഖാന്‍, ഗോവിന്ദ, അര്‍ബാസ്‌ ഖാന്‍, സണ്ണി ലിയോണ്‍ എന്നിവര്‍ക്ക്‌ കത്തയച്ചിരുന്നു.