തെരുവിന്റെ മക്കൾക്ക് രാജവിരുന്നിൽ സ്ഥാനമില്ലേ....

വില്യം രാജകുമാരനും രാജകുമാരിയും ബോളിവുഡ് താരങ്ങൾക്കൊപ്പം, അസ്ഹറുദ്ദീനും റുബീനയും (ചിത്രം–ഡെയ്‌ലി മെയ്ൽ)

രണ്ടു മൂന്നു ദിവസമായി നമ്മുടെ ബോളിവുഡ് രണ്ടു പേർക്കു പുറകേയാണ്. അവർക്കൊപ്പം നിന്ന് ചിത്രമെടുക്കുവാൻ വിരുന്നുണ്ണാൻ തിരക്കുകൂട്ടുകയാണ്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, അനിൽ കപൂർ അങ്ങനെ വൻനിര തന്നെയുണ്ട്. അവിടേക്ക് തങ്ങളും ക്ഷണിക്കപ്പെടുമെന്ന് മുംബൈയിലെ ചേരിയിലുള്ള ഈ കുട്ടികളും കരുതിയിരുന്നു. പക്ഷേ പകിട്ടുകളുടെ ആഘോഷത്തിൽ നിന്ന് അവസാന നിമിഷം ഇവർ ഒഴിവായി.

ഇങ്ങനെ ലോകം ശ്രദ്ധിക്കുന്ന വ്യക്തിത്വങ്ങൾക്കൊപ്പം കൂട്ടാൻ ഇവർക്കെന്താണ് പ്രത്യേകത എന്നാണ് ചോദ്യമെങ്കിൽ. അതിനുത്തരം സ്ലം ഡോഗ് മില്യണയർ എന്ന ചിത്രമാണ്. ഇന്ത്യയെ ഓസ്കറിൽ എത്തിച്ച ചിത്രം. അസ്ഹറുദ്ദീനെന്നാണ് ഒരാളുടെ പേര് മറ്റേയാൾ റുബീന‍. മുഖവുരകളിനിയും ആവശ്യമില്ല ഇവരെ പരിചയപ്പെടുത്തുവാൻ.

വില്യം രാജകുമാരനും രാജകുമാരിയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഇന്ത്യ സന്ദർശനത്തിനിടയിൽ മുംബൈയിലെത്തുമ്പോൾ ഇരുവരെയും കാണുവാൻ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഈ കുട്ടികളും അത് പ്രതീക്ഷിച്ചു. അവരുടെ നാട്ടുകാരും. പക്ഷേ അങ്ങനെയൊന്നുണ്ടായില്ല. മുംബൈയിൽ വന്ന് ആഘോഷത്തോടെ താരനിരയ്ക്കൊപ്പം പരിപാടി സംഘടിപ്പിച്ചപ്പോഴും ഇവർക്ക് ക്ഷണമുണ്ടായില്ല. ആരുമിവരെ ക്ഷണിച്ചുമില്ല.

മുംബൈയിൽ ബോളിവുഡ് താരങ്ങൾ പങ്കെടുത്ത പരിപാടിയുടെ ഭാഗമാകാനുള്ള ആഗ്രഹമല്ല മറിച്ച് ഭാവിയിലെ ബ്രിട്ടീഷ് രാജാവിന‌െയും രാജകുമാരിയേയും കാണാനേറെ കൗതുകമുണ്ടായിരുന്നു ഇവർക്ക്. ആ കൗതുകം നഷ്ടമായതിന്റെ വിഷമം മറച്ചു വയ്ക്കുന്നില്ല ഇവർ. പ്രത്യേകിച്ചൊന്ന് റുബിന പറയുന്നു. ചിത്രത്തിൽ ഒപ്പമഭിനയിച്ച അനിൽ കപൂറും മകൾ സോനവും ഇവരൊഴിവാക്കപ്പെട്ട ചടങ്ങിലുണ്ടായിരുന്നു.

പഴകി ദ്രവിച്ച മഞ്ഞ ഫ്രോക്കിട്ട് അലസമായി മു‌ടിപാറിച്ച് അഴക്കുപുരണ്ട മുഖവും തീക്ഷ്ണമായ നോട്ടവുമുള്ള റുബീന. അവളുടെ കൂട്ടുകാരനായി അസ്ഹറുദ്ദീനും. ഡാനി ബോയ്‌ൽ എന്ന സംവിധായകൻ സിനിമ ഷൂട്ടിങിനെത്തിയ ചേരിയിൽ നിന്നാണ് തന്റെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ കുട്ടിക്കാലം അവതരിപ്പിക്കുവാൻ ഇവരെ തെരഞ്ഞെടുത്തത്. എട്ട് ഓസ്കറുകൾ വാരിക്കൂട്ടിയ ചിത്രം കണ്ടിറങ്ങിവയർക്ക് ആദ്യമന്വോഷിക്കാനുണ്ടായിരുന്നതും ഈ കുട്ടികളെ കുറിച്ചായിരുന്നു.

ചിത്രത്തിനു ശേഷം ഇവരുടെ ജീവിതം മാറി. ഇരുവർക്കുമിപ്പോൾ പതിനേഴാണു പ്രായം. ബാന്ദ്രയിലെ ഗരീബ് നഗറിലുള്ള ചേരിയിലുണ്ട് രണ്ടാളും. ഇടയ്ക്കെപ്പോഴോ കോളനിയിൽ തീ പടർന്നതോടെ റുബീനയ്ക്ക് വീട് നഷ്ടമായി. ഇപ്പോൾ അടുത്തൊരു ഇടുങ്ങിയ ഫ്ലാറ്റിലാണ് താമസം. മുന്നൂറ് കുട്ടികളെ ഓ‍‍ഡിഷൻ നടത്തിയതിനു ശേഷമാണ് കോളനിയിൽ തന്നെയുള്ള വിടർന്ന കണ്ണുകളുള്ള റുബീനയിലേക്ക് ഡാനി ബോയൽ എത്തിച്ചേർന്നത്.

അസ്ഹറുദ്ദീനും റുബീനയും

രാജകുമാരനും രാജകുമാരനും പങ്കെടുത്ത ചടങ്ങിൽ നിന്ന് എന്തുകൊണ്ടാണ് ഇവരെ ഒഴിവാക്കിയത്. തെരുവിൽ പിറന്നതുകൊണ്ടാണോ. ആയിരിക്കാം അല്ലെങ്കിൽ മറ്റെന്ത് ന്യായീകരണമാണ് ഇവരെ ഒഴിവാക്കിയതിന് പറയുവാനുള്ളത്. ഇവർ ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ലെന്നത് ഒരു ന്യായീകരണമല്ല. കാരണം അവർ അഭിനയിച്ച ചിത്രവും കഥാപാത്രങ്ങളും പശ്ചാത്തലവും എന്നും പ്രസക്തമാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിനൊരു മുഖം നല്‍കിയ ആവിഷ്കാരത്തിലെ ഭാഗമായവർ.

റുബീന

പ്രേക്ഷക പക്ഷത്തിന്റെ മനസു തൊട്ടവർ. ചേരിയെന്താണെന്നും അവരുടെ ജീവിതാവസ്ഥയെന്താണെന്നും ലോകത്തിന് മനസിലാക്കിക്കൊടുത്ത ചലച്ചിത്രത്തിന്റെ ഭാഗമായവർ. മുംബൈയിൽ ഇങ്ങനെയൊരു ചടങ്ങു നടക്കുമ്പോൾ ഇവർ തന്നെയാണ്, ഇവരെ തന്നെയാണ് നമ്മുടെ അതിഥികൾ കാണേണ്ടതും അറിയേണ്ടതും. അതിനു സാധിക്കില്ലായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള പ്രഹസന പ്രചരണങ്ങൾ നടത്തി ഇവരെ അപഹസിക്കരുതായിരുന്നു.