ഉപദ്രവിച്ച ആളുകളുടെ മുഖത്ത് ആ കുതിരയെക്കൊണ്ട് തൊഴിക്കണം: സൊനാക്ഷി

ബിജെപി എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ. സണ്ണി ലിയോൺ, സോനം കപൂർ, അനുഷ്ക ശർമ തുടങ്ങിയവരാണ് ബിജെപി എംൽഎയ്ക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ രംഗത്തെത്തിയത്.

നിരപരാധിയായ ഒരു മൃഗത്തെ ഇങ്ങനെ തല്ലിച്ചതയ്ക്കുന്ന ആളുകകള്‍ക്ക് എന്തോ കുഴപ്പമുണ്ട്, മനുഷ്യരോട് ഒരു ദ്രോഹവും ചെയ്യാത്ത ആ കുതിരയെ ദ്രോഹിച്ചത് കാണുമ്പോൾ ഹൃദയം തകർന്നുപോയെന്നും സണ്ണി ലിയോൺ പറഞ്ഞു.

ഞാൻ ആ വിഡിയോ പോലും കണ്ടില്ല. മിണ്ടാപ്രാണിയായ ആ കുതിരയെ ക്രൂരമായി മർദ്ദിക്കുന്ന മറ്റൊരു മൃഗം, അതും പട്ടാപ്പകൽ. ഇങ്ങനെയുള്ള രാജ്യത്താണ് താൻ ജീവിക്കുന്നതെന്നതിൽ നാണക്കേട് തോന്നുന്നു. അനുഷ്ക ശർമ പറഞ്ഞു. ‘കുതിരയെ ഉപദ്രവിച്ച ആളുടെ മുഖത്ത് ആ കുതിരയെ കൊണ്ട് തന്നെ ചവിട്ടണമെന്ന് സൊനാക്ഷി സിൻഹ പറയുന്നു.

കാല് തല്ലിയൊടിച്ച ശക്തിമാൻ എന്ന കുതിര ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു. 10 ഡോക്ടർമാരുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയെത്തുടർന്നാണ് ശക്തിമാന്റെ സ്ഥിതിയിൽ പുരോഗതിയുണ്ടായത്. പൊലീസ് കേന്ദ്രത്തിൽ തന്നെ ശുശ്രൂഷിക്കുന്ന കുതിരയെ പരിപാലിക്കാൻ വൻ സംഘം തന്നെയുണ്ട്. കാല് മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ഇനി അതിന്റെ ആവശ്യമില്ലെന്നും ശസ്ത്രക്രിയ വിജയമായിരുന്നെന്നും പൊലീസ് ഓഫിസർ സദാനന്ദ് ദത്തേ അറിയിച്ചു. പത്തുവർഷങ്ങൾക്കു മുൻപ് സമ്മാനമായാണ് കുതിരയെ പൊലീസിനു ലഭിച്ചത്. ഇപ്പോൾ 13 വയസ്സുണ്ട്. മൂന്നു വയസ്സുമുതൽ പൊലീസിന്റെ ഔപചാരിക പരേഡുകളിൽ ശക്തിമാൻ ഭാഗമായിരുന്നു.

മുസൂറി എംഎൽഎ ഗണേഷ് ജോഷിയും സംഘവുമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാൽ തല്ലിയൊടിച്ചത്. അതേസമയം, താൻ കുതിരയെ മർദിച്ചെന്ന വാർത്ത ഗണേഷ് ജോഷി നിഷേധിച്ചു. കുതിര തങ്ങളുടെ പ്രവർത്തകന്റെമേൽ കയറിയെന്നും അയാളിപ്പോൾ ആശുപത്രിയിലാണെന്നും ജോഷി പറഞ്ഞു. പൊലീസ് കുതിരയെ കൊണ്ടുവരരുതായിരുന്നു. പൊലീസാണ് കാരണക്കാർ, ജോഷി പറഞ്ഞു.

പ്രക്ഷോഭത്തിനിടെ നീണ്ട ലാത്തിയുമായി കുതിരയ്ക്ക് നേരെ ഓടിയടുത്ത എംഎല്‍എയും സംഘവും കുതിരയെ മർദിക്കുകയായിരുന്നു. കുതിരയുടെ കാലൊടിഞ്ഞത് വാര്‍ത്തയായതോടെ സംഭവത്തില്‍ ബിജെപി-കോണ്‍ഗ്രസ് വാക്പോരും ആരംഭിച്ചു. മിണ്ടാപ്രാണിയായ കുതിരയെ ലാത്തിവച്ച് അടിക്കുന്ന ബിജെപിക്കാരുടെ നിഘണ്ടുവിൽ പോലും സഹിഷ്ണുത എന്ന് വാക്ക് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചിരുന്നു.