എയർ ലിഫ്റ്റിൽ ഗുജ്റാളിനെ അവഹേളിച്ചെന്ന് ആരോപണം

സദ്ദാം ഹുസൈന്റെ അധിനിവേശത്തെത്തുടർന്നു കുവൈത്തിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ സംഭവം ചിത്രീകരിക്കുന്ന ‘എയർ ലിഫ്റ്റ്’ എന്ന ഹിന്ദി സിനിമയിൽ അന്നു വിദേശകാര്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായിരുന്ന ഐ.കെ. ഗുജ്‍റാളിനെയും വിദേശകാര്യമന്ത്രാലയത്തെയും അവഹേളിച്ചതായി ആരോപണം.

സിവിലിയൻ വിമാനങ്ങൾ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിൽ അന്നു നാട്ടിലെത്തിയത് 1.76 ലക്ഷം പേരാണ്. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന രഞ്ജിത് കട്യാൽ എന്ന വ്യവസായി രക്ഷാപ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നതായാണു ചിത്രത്തിൽ. അധിനിവേശകാലത്തു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മലയാളി ടൊയോട്ട സണ്ണിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള കഥാപാത്രമാണിത്. ഗുജ്റാളിനെ കാണാൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി പലവട്ടം ശ്രമിച്ചു പരാജയപ്പെടുന്നതായി ചിത്രത്തിലുണ്ട്.

എന്നാൽ ഗുജ്റാൾ അന്നു കുവൈത്ത് സന്ദർശിക്കുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തതായി മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ ശ്രമങ്ങളെ വേണ്ട വിധത്തിൽ ചിത്രീകരിക്കാത്തതു നിരാശാജനകമാണെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. അന്നു വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നതും മലയാളിയാണ് – കെ.പി. ഫാബിയാൻ. അതേസമയം, അന്നു കുറച്ചു കൂടി കാര്യക്ഷമമായി പ്രവർത്തിക്കാമായിരുന്നു എന്നാണു ഫാബിയാൻ ചാനൽ ചർച്ചയിൽ അഭിപ്രായപ്പെട്ടത്.

സദ്ദാം ഹുസൈന്റെ വലംകൈ താരിഖ് അസീസിനെ രഞ്ജിത് കട്യാൽ കാണുന്നതോടെയാണ് ഇന്ത്യാക്കാർക്ക് രക്ഷപ്പെടാൻ അവസരം ഒരുങ്ങിയതെന്നാണു ചിത്രത്തിൽ പറയുന്നത്. എന്നാൽ അന്ന് ഇറാഖിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന കമൽ ബക്ഷിയാണു ഗുജ്റാളും സദ്ദാമുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയെ‍ാരുക്കിയതെന്നു വിദേശ കാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ‘‘ചിത്രം നല്ല എന്റർടെയ്നറാണ്, എന്നാൽ വസ്തുതകൾ കൃത്യമല്ല’’ – നിലവിൽ വിദേശകാര്യവക്താവും ഗൾഫ് യുദ്ധകാലത്തു ബഗ്ദാദിലേക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനുമായ വികാസ് സ്വരൂപ് അഭിപ്രായപ്പെട്ടു. ‘സ്‌ലംഡോഗ് മില്യണർ’ എന്ന വിഖ്യാത സിനിമയുടെ കഥാകൃത്ത് കൂടിയാണു സ്വരൂപ്.