അഹങ്കാരമല്ല, ആർത്തവമാണ്:അമീഷ പട്ടേൽ

സ്വന്തം ആര്‍ത്തവത്തെക്കുറിച്ച് ഒരു നടിക്ക് തുറന്നുപറയേണ്ട സാഹചര്യം ഉണ്ടാകുക, അതും ഒരു നടൻ കാരണം. ബോളിവുഡ് സുന്ദരി അമീഷ പട്ടേലിനാണ് മറ്റൊരു സ്ത്രീയ്ക്കും ഉണ്ടാകാത്ത ഒരു ദുരനുഭവം ഉണ്ടായത്.

മുംബൈയിലെ ഒരു തിയറ്ററിൽവച്ചാണ് സംഭവം. സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയഗാനം മുഴങ്ങിയപ്പോൾ അമീഷ പട്ടേൽ മാത്രം എഴുന്നേറ്റ് നിൽക്കാത്തതായി നടനും മോഡലുമായ കുശാൽ ടണ്ടൻ കാണുകയുണ്ടായി. ഇതിനെ വിമർശിച്ച് അമീഷയുടെ പേര് ചേർത്ത് ഈ സംഭവത്തെപ്പറ്റി കുശാൽ ട്വിറ്ററിൽ കുറിച്ചു.

ദേശീയഗാനത്തിൽ ഏവരും എഴുന്നേറ്റ് നിന്നപ്പോൾ ഒരു സ്ത്രീ മാത്രം എന്തുകൊണ്ട് എഴുന്നേല്‍ക്കുന്നില്ലെന്ന് നോക്കി, അവർ വികലാംഗയാണോ എന്നു ചിന്തിക്കുന്പോളാണ് ആ സ്ത്രീ ആ സമയത്ത് സ്വന്തം മൊബൈൽ നോക്കുന്നത് കണ്ടത്. അപ്പോളാണ് മനസ്സിലായത് നടി അമീഷ പട്ടേൽ ആണെന്നും. കുശാൽ ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ വിമർശനത്തിന് മറുപടിയുമായി അമീഷയും എത്തി, കുശാൽ ഒരു വിഡ്ഢിയാണെന്നും സ്ത്രീകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുകയാണെന്നും അമീഷ പറഞ്ഞു. സ്ത്രീകൾ എല്ലാവരും കുശാലിന്റെ മുഖത്ത് അടിക്കണമെന്നും തന്റെ ആർത്തവകാലമായതിനാലാണ് എഴുന്നേറ്റ് നിൽക്കാത്തതെന്നും അമീഷ ട്വീറ്റ് ചെയ്തു. ഇങ്ങനെയൊരു ട്വീറ്റ് ചെയ്ത് പബ്ളിസിറ്റി നേടാനുള്ള തന്ത്രമാണ് കുശാലിന്റേതെന്നും അമീഷ പറയുന്നു.

പക്ഷെ കുശാല്‍ ഇതിന് മറുപടിയുമായി വീണ്ടും എത്തി, അത്തരം പ്രയാസം ഉള്ള വ്യക്തി തിയറ്ററില്‍ ആർത്തുല്ലസിക്കുന്നതാണ് കാണാൻ സാധിച്ചതെന്നായിരുന്നു കുശാലിന്റെ അടുത്ത ട്വീറ്റ്.

എന്നാൽ നടിയുടെ ഈ പ്രതികരണത്തിന് നാപ്കിന്റെ പരസ്യവാചകങ്ങൾ ഉപയോഗിച്ചുള്ള ട്രോളുകളും പരിഹാസങ്ങളുമായി മറ്റുചിലരും രംഗത്തെത്തിയിട്ടുണ്ട്.