അവാർഡ് തിരിച്ചുനൽകൽ: എതിർപ്രക്ഷോഭം നയിച്ച് നടൻ അനുപം ഖേർ

രാജ്യത്ത് അസഹിഷ്ണുത വർധിച്ചെന്നാരോപിച്ച് എഴുത്തുകാരുൾപ്പെടെയുള്ളവർ ദേശീയ അവാർഡുകൾ തിരിച്ചേൽപ്പിക്കുന്നതിനെതിരെ എതിർപ്രക്ഷോഭവുമായി ബോളിവുഡ് നടൻ അനുപം ഖേറിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര പ്രവർത്തകർ. അനുപം ഖേർ, സംവിധായകരായ മധുർ ഭണ്ഡാർക്കർ, പ്രിയദർശൻ, ചിത്രകാരൻ വാസുദേവ് കാമത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാഷ്ട്രപതിഭവനിലേക്കു പ്രതിഷേധ പ്രകടനവും നടന്നു.

അവാർഡ് മടക്കം രാജ്യാന്തരതലത്തിൽ ഇന്ത്യയ്ക്കു മോശം പ്രതിച്ഛായ സൃഷ്ടിക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. അവാർഡ് തിരിച്ചുനൽകിയുള്ള പ്രതിഷേധത്തിനു പിന്നിൽ രാഷ്ട്രീയ അജൻഡയുണ്ടെന്നും ആരോപിക്കുന്നു. രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഇതുമായി ബന്ധപ്പെട്ട നിവേദനവും സമർപ്പിച്ചു. കമൽ ഹാസൻ, ശേഖർ കപൂർ, വിദ്യ ബാലൻ, രവീണ ഠണ്ഡൻ, വിവേക് ഒബ്‌റോയി തുടങ്ങിയവരും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്.