ഉഡ്ത പഞ്ചാബ്; സെൻസർ ബോർഡിനെതിരെ ബോളിവുഡ്

ഇന്ത്യയിലെ സെൻസർ ബോർഡ് നടപടികളെ വിമർശിച്ച് ബോളിവുഡ് ലോകം. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍ മൂലം വിവാദത്തിലായ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം കണ്ടാല്‍ ഉത്തരകൊറിയയിലാണ് ജീവിക്കുന്നതെന്ന പ്രതീതി ഉളവാകുമെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോലും അനുരാഗ് തന്‍റെ ദേഷ്യം പ്രകടിപ്പിച്ചു.

ഉഡ്ത പഞ്ചാബ് നിരോധിക്കുന്നതിന് പകരം ആദ്യം പഞ്ചാബ് സർക്കാർ അവിടെയുള്ള മയക്കുമരുന്നുകൾ നിരോധിക്കാൻ രാം ഗോപാൽ വർമ ആവശ്യപ്പെടുന്നു. ഇനി അതും കഴിയുന്നില്ലെങ്കിൽ സ്വയം നിരോധിക്കാനും രാമു ആവശ്യപ്പെടുന്നു.

ഉഡ്ത പഞ്ചാബ് സിനിമ സെന്‍സര്‍ ചെയ്തതുകൊണ്ട് പഞ്ചാബിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും പ്രശ്നപരിഹാരത്തിന് മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടെതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

ഉഡ്ത പഞ്ചാബിനേക്കാള്‍ സത്യസന്ധമായ സിനിമ വേറെയില്ല. ചിത്രത്തെ എതിര്‍ക്കുന്നവര്‍ അതിലൂടെ മയക്കുമരുന്ന് മാഫിയയെ പിന്തുണക്കുന്ന കുറ്റകരമായ നിലപാടാണ് എടുക്കുന്നതെന്നും വടക്കന്‍ കൊറിയയില്‍ ജീവിക്കുന്നപ്പോലെയാണ് തനിക്ക് തോന്നുന്നതെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ തടവുകാരെ വിട്ടയച്ച ഖത്തര്‍ ഭരണകൂടത്തിന് നന്ദി അറിയിച്ചുള്ള നരേന്ദ്രമോദിയുടെ ട്വീറ്റിന് താഴെ അനുരാഗ് ഉഡ്താ പഞ്ചാബ് എന്നെഴുതി അദ്ദേഹത്തിന്റെ ശ്രദ്ധ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

സിനിമയുടെ ടൈറ്റിലില്‍ നിന്നും പഞ്ചാബ് നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനുരാഗിന്റെ പ്രതികരണം. സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ച് നേരത്തെ മഹേഷ് ഭട്ടും കരണ്‍ ജോഹറും രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ 82 കട്ടുകള്‍ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കുകയെന്നും ബോര്‍ഡ് പറയുന്നു.

ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. അഭിഷേക് ഛൗബേ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രാജീവ് രവിയാണ്.