പോക്കിമോനെ പിടികൂടാൻ അനുഷ്ക; വിഡിയോ കാണാം

ആളുകൾ ഇപ്പോൾ പോക്കിമോനെ പിടികൂടുന്നതിന്റെ തിരക്കിലാണ്. തരംഗമായിമാറിയ ഓഗ്‌മെന്റ് റിയാലിറ്റി ഗെയിം പോക്കിമോനെ തേടിയുള്ള യാത്രയിലാണ് ഗെയിം പ്രേമികള്‍. ഇതാ പോക്കിമോനെ പിടിക്കാൻ അനുഷ്ക ശർമയും.

തന്റെ ഫെയ്സ്ബുക്ക് പേജിലാണ് നടി പോക്കിമോനെ പിടികൂടാൻ പോകുന്ന വിഡിയോ ഷെയർ ചെയ്തത്.

സ്മാര്‍ട്‌ഫോണും നാം ജീവിക്കുന്ന ചുറ്റുപാടുകളും ഇഴചേര്‍ന്നൊരു ഗെയിം ആണ് പോക്കിമോൻ. സാങ്കല്‍പ്പിക കഥാപാത്രങ്ങളെ യഥാര്‍ത്ഥ ലോകത്ത് (മൊബൈലിലൂടെ) ബന്ധിപ്പിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം.

എന്താണ് പോക്കിമോൻ ?

26 വർഷം മുമ്പ്, വിഡിയോ ഗെയിം ഡിസൈനറായ സതോഷി ടാജിരി (ജപ്പാൻ) പോക്കിമോൻ എന്ന ആശയവുമായി എത്തി. ജപ്പാനിലെ കുട്ടികളുടെ പ്രാണികളെ ശേഖരിക്കുന്ന ഹോബിയും സതോഷിയുടെ വിഡിയോ ഗെയിം പ്രേമവും കൂട്ടിയിണക്കിയുള്ള ആശയമായിരുന്നു അത്. കുട്ടികൾ വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോവുന്നതിനും പ്രാണിശേഖരണം എന്ന ഹോബി നഗരവൽക്കരണത്തോടെ ഇല്ലാതായിപ്പോവുന്നതിനും പരിഹാരമായാണ് സതോഷി പോക്കിമോൻ എന്ന ആശയം അവതരിപ്പിക്കുന്നത്.

അതിന്ദ്രീയ ശക്തികളുള്ള സാങ്കൽപിക ജീവികളാണ് പോക്കിമോൻ. ഓരോ പോക്കിമോനും ഓരോ കഴിവുകളാണുള്ളത്. ഈ പോക്കിമോനെ പിടികൂടി മെരുക്കുന്നതും പോക്കിമോൻ ഉപയോഗിച്ചുള്ള മൽസരങ്ങൾ നടത്തുന്നതുമൊക്കെയാണ് ആശയത്തിന്റെ ചുരുക്കം. ബൽബസോർ, ഐവിസോർ, ചാർമാൻഡർ, സ്‌ക്വിർട്ടിൽ എന്നിങ്ങനെയാണ് പോക്കിമോനുകളുടെ പേരുകൾ. നിന്റെൻഡോ ഗെയിം ഡിസൈനർ കെൻ സുജിമോരിയുടെ സഹായത്തോടെ സതോഷി 151 പോക്കിമോനുകളെയും വരച്ചെടുത്തു. 1998ൽ പോക്കിമോൻ ഗെയിം നിന്റെൻഡോയുടെ ഗെയിം ബോയ് കൺസോളിൽ ആദ്യമായി റിലീസ് ചെയ്തു. തുടർന്ന് വിവിധ തലമുറകളായി ഗെയിം അതിവേഗം വികസിക്കുകയും പോക്കിമോൻ എണ്ണം 700 കടക്കുകയും ചെയ്തു.

ഇതോടൊപ്പം ടിവി ചാനലുകളിൽ കുട്ടികളെ ഇളക്കിമറിച്ചുകൊണ്ട് പോക്കിമോൻ അനിമേറ്റഡ് സീരീസ് പുറത്തിറങ്ങി. പോക്കിമോൻ സീസൺ 19 ടിവി സീരീസ് ഇപ്പോൾ മുന്നോട്ടു പോകുന്നു. ഇതിനോടകം 19 പോക്കിമോൻ സിനിമകളും പുറത്തിറങ്ങിക്കഴിഞ്ഞു.

പോക്കിമോൻ ഗോ ഗെയിം കളിക്കുന്നവർ ഫോണുമായി പുറത്തേക്കിറങ്ങി നടക്കുകയേ വേണ്ടൂ. വഴിവക്കിലും ബസിനുള്ളിലും എന്നു വേണ്ട എവിടെയുണ്ടാവും പോക്കിമോൻ. ഈ പോക്കിമോനെ പിടികൂടുന്നതനുസരിച്ചാണ് ഗെയിം മുന്നോട്ടു പോവുന്നത്. യഥാർഥ സ്ഥലങ്ങളിൽ ഓഗ്മെന്റഡ് റിലായിറ്റി അടിസ്ഥാനമാക്കിയാണ് പോക്കിമോൻ വിർച്വൽ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഗെയിം കളിക്കുന്നവർക്ക് മുംബൈ പോലുള്ള പ്രധാന നഗരങ്ങളിലെ ചില ഭാഗങ്ങളിൽ മാത്രമാണ് ഗെയിം കളിക്കാൻ സാധിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ മാപ്പിൽ പോക്കിമോനെ പ്രതിഷ്ഠിച്ച ശേഷമായിരിക്കും ഇന്ത്യയിൽ പോക്കിമോൻ ഗോ ഗെയിം പുറത്തിറങ്ങുക.