മാഗി ന്യൂഡില്‍സ് പരസ്യം; ബച്ചന്റെ വിശദീകരണം

മാഗി ന്യൂഡിൽസിന്‍റെ പരസ്യത്തില്‍ അഭിനയിച്ചതിന് വിശദീകരണവുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തി. ഒരു പ്രമുഖടെലിവിഷന്‍ ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ഒരു നടനെന്ന നിലയില്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്പോള്‍ ഇത്തരത്തിലുള്ള നിയമനടപടികള്‍ നേരിടാനും ഒരുക്കമായിരിക്കണം. മാഗി പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ആ ഉല്‍പ്പന്നത്തിന്‍റെ എല്ലാ സുരക്ഷയും വിശദമായി പരിശോധിച്ചിരുന്നു. ബച്ചന്‍ പറഞ്ഞു.

കാഡ്ബറി ചോക്ലേറ്റില്‍ പുഴുക്കളെ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആ പരസ്യത്തില്‍ അഭിനയിക്കാന്‍ അവര്‍ എന്നെ സമീപിച്ചിരുന്നു. കാഡ്ബറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിന് മുന്‍പ് തന്നെ ഇതിന്‍റെ നിര്‍മാണരീതിയെപ്പറ്റി ഞാന്‍ സ്വയം ചെന്ന് വിലയിരുത്തിയിരുന്നു. ഏതെങ്കിലും ഒരു ഉല്‍പ്പന്നം നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ ആ ഉല്‍പ്പന്നം നിര്‍ത്തലാക്കേണ്ടതാണ്. അമിതാഭ് പറഞ്ഞു.

മാഗി ന്യൂഡിൽസ് പരസ്യത്തിലൂടെ ആളുകളെ പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി താരങ്ങളായ അമിതാബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.ഉത്തര്‍പ്രദേശ് ഫുഡ് സെയ്ഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നെസ്‍ലെ ഇന്ത്യയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

മാഗിയില്‍ അപകടകരമായ അളവിൽ ലെഡിന്റെയും മോണോസോഡിയത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിക്കെതിരെ നിയമനടപടികളുമായി എഫ്ഡിഎ നീങ്ങുന്നത്. മാഗിയില്‍ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുപിയിൽ നിന്നും ന്യൂഡില്‍സ് പാക്കറ്റുകൾ പിന്‍വലിച്ചിരുന്നു.

മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനും ഉത്തരാഖണ്ഡിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് അയച്ചിരുന്നു. രണ്ടുമിനിറ്റുകൊണ്ടു തയ്യാറാക്കുന്ന മാഗി നൂഡില്‍സ് എന്ത് പോഷണമാണ് നല്‍കുന്നത് എന്നതു സംബന്ധിച്ച് നടി വിശദീകരിക്കണമെന്നും നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മാധുരി മറുപടി നല്‍കണമെന്നും പറയുന്നു. ഇതിനു പിന്നാലെയാണ് അമിതാഭ്ബച്ചനും പ്രീതി സിന്റയ്ക്കുമെതിരെ കേസെടുത്തത്.