ബാംഗിസ്ഥാന് പാക്കിസ്ഥാനില്‍ നിരോധനം

റിതേഷ് ദേശ്മുഖ് നായകനായി എത്തുന്ന പുതിയ ചിത്രം ബാംഗിസ്ഥാന് പാകിസ്ഥാനില്‍ നിരോധനം. ചിത്രം പാകിസ്ഥാനെതിരെയാണെന്നും അതുകൊണ്ട് ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിക്കാനാകില്ലെന്നുമാണ് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.

എന്നാല്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ട ശേഷം എങ്ങനെയാണ് ഒരു ചിത്രം നിരോധിക്കുന്നതെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇത് പാക്കിസ്ഥാനെതിരെയോ മുസ് ലിങ്ങള്‍ക്കെതിരെയോ അല്ല , സിനിമ മുഴുവന്‍ കണ്ടിട്ട് ചിത്രം റിലീസിനായി വീണ്ടും പരിഗണിക്കണമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

മത തീവ്രവാദത്തെ കണക്കറ്റ് പരിഹസിക്കുന്ന ചിത്രമാണ് ബാംഗിസ്ഥാൻ. റിതേഷ് ദേശ്മുഖ്, പുൽകിത് സാമ്രാട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചുകഴിഞ്ഞിരുന്നു.

കരൺ അൻഷുമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖ്, പുൽകിത് സാമ്രാട്ട്, ചന്ദൻ റോയ് സെൻയാൾ, ആര്യ ബാബർ, തോമസ് കരേലാക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ ജാക്വിലിൻ ഫെർണാണ്ടസ് അതിഥി വേഷത്തിലുമെത്തുന്നുണ്ട്.

ലോക സമാധാനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്ന മുസ്ലീം പണ്ഡിതനേയും ഹിന്ദു സന്യാസിയേയും വധിക്കാൻ നടക്കുന്ന തീവ്രവാദികളുടെ കഥ പറയുന്ന കോമഡി ചിത്രമാണ് ബാംഗിസ്ഥാൻ. എക്‌സൽ എന്റർടൈൻമെൻസിന്റെ ബാനറിൽ റിതേഷ് സിന്ധ്‌വാനി, ഫർഹാൻ അക്തർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ 31ന് തീയേറ്ററിലെത്തും.